News

ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.എല്‍.എ

തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കെതിരെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.എല്‍.എ. പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിലാണ് ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ കെ.മുരളീധരന്‍ എം.എല്‍.എ രൂക്ഷമായി രംഗത്ത് എത്തിയത്. ക്രമക്കേടിന് ഡി.ജി.പിയും കൂട്ടുനിന്നെന്നും അന്വേഷണ റിപ്പോര്‍ട്ട് അട്ടിമറിക്കാനാണ് ഡി.ജി.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍.

ലോക്‌നാഥ് ബെഹ്റയേക്കാള്‍ നല്ലത് എ.കെ.ജി സെന്ററിലെ അറ്റന്‍ഡറെ ഡി.ജി.പിയാക്കുന്നതാണെന്നും ബെഹ്റക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം, പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റുകളില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇടത് അനുകൂല പൊലീസ് അസോസിയേഷന്‍ നേതാക്കള്‍ പൊലീസുകാരെ ഭീഷണിപ്പെടുത്തി ബാലറ്റുകള്‍ കൈവശമാക്കുകയും ഒരേ വിലാസത്തില്‍ നൂറുകണക്കിന് ബാലറ്റുകള്‍ തപാല്‍ മാര്‍ഗമെത്തിക്കുകയും ചെയ്‌തെന്ന് കണ്ടെത്തിയിരുന്നു.

ആറ്റിങ്ങല്‍, കൊല്ലം, ആലത്തൂര്‍, വടകര, കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലാണ് ക്രമക്കേടുകളേറെയും. ഇഞ്ചോടിഞ്ച് മത്സരം നടന്ന മണ്ഡലങ്ങളില്‍ 85 ശതമാനം പോസ്റ്റല്‍ ബാലറ്റുകളിലും ക്രമക്കേടുണ്ടായി. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഇന്റലിജന്‍സ് മേധാവി ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയിലെ 56,000 പൊലീസുകാരില്‍ 90 ശതമാനവും പോസ്റ്റല്‍ വോട്ടാണ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button