
കൊച്ചി: ഭൂഗര്‍ഭ ശുദ്ധജലാശയങ്ങളില്‍ കാണുന്ന അപൂര്വയി വരാല് ലോകത്ത് ആദ്യമായി കേരളത്തില്‍ കണ്ടെത്തി. കേരള ഫിഷറീസ് സമുദ്ര പഠന സര്‍വകലാശാലയിലെ (കുഫോസ്) ഗവേഷകനായ ഡോ. രാജീവ് രാഘവന് ഉള്‍പ്പെട്ട പഠന സംഘമാണു ഗൂഡമായ ആവാസ വ്യവസ്ഥയില്‍ ജീവിക്കുന്ന സ്നേക്ക്ഹെഡ് (വരാല്) കുടുംബത്തില്‍പ്പെട്ട പുതിയ മത്സ്യ ഇനത്തെ കണ്ടെത്തിയത്. മലപ്പുറം ജില്ലയിലെ വേങ്ങരയിലുള്ള അജീറിന്റെ നെല്വയലില്നിന്നാണു ഇവ കണ്ടെത്തിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ കേരളത്തില്‍ ഉണ്ടായ മഹാപ്രളയത്തിന്റെ ശക്തമായ കുത്തൊഴുക്കില്‍ സ്വഭാവിക ആവാസ്ഥ വ്യവസ്ഥയായ ഭൂഗര്‍ഭജല അറയില്‍നിന്ന് മത്സ്യം പുറത്തെത്തിയതാകാനാണു സാധ്യതയെന്ന് ഡോ. രാജീവ് പറഞ്ഞു. കണ്ടെത്തിയ മത്സ്യത്തിന് 9.2 സെന്റി മീറ്റര്‍ നീളമുണ്ട്.
കേരളത്തില്‍ പൊതുവെ കാണപ്പെടുന്ന വരാല് ഇനങ്ങള്‍ ഉള്‍പ്പെടെ സ്നേക്ക്ഹെഡ് വര്‍ഗത്തില്‍ ഇതുവരെ 50 ഇനം മത്സ്യങ്ങളെയാണു ലോകത്ത് ആകമാനം കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് അമേരിക്ക, ആഫ്രിക്ക, ഏഷ്യാ ഭൂഖണ്ഡങ്ങളിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. ജലോപരിതലത്തില്‍ നിന്ന് വായു ശ്വസിക്കുന്ന പ്രകൃതമാണ് ഇവയ്ക്ക്. അതിനാല്‍ വെള്ളമില്ലാത്ത അവസ്ഥയില്‍ കരയില്‍ ആഴ്ചകളോളം ജീവിക്കാന്‍ വരാല് മത്സ്യങ്ങള്‍ക്ക് കഴിയും.
കുളങ്ങളും വയലുകളിലെ നീര്‍ച്ചാലുകളും ഉള്‍പ്പെടുന്ന ഉപരിതലജല ആവാസവ്യവസ്ഥയിലാണ് ഇവ ജീവിക്കുന്നത്. എന്നാല്‍ ഇതിനു വിപരീതമായി ഇപ്പോള്‍ കണ്ടെത്തിയ പുതിയ ഇനം വരാല് ഭൂഗര്‍ഭജല അറകളും ഭൂഗര്‍ഭജലാശയങ്ങളും ആവാസവ്യവസ്ഥയായി സ്വീകരിച്ചിട്ടുള്ള മത്സ്യമാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ജലോപരിതലത്തില്‍നിന്നു ശ്വസിക്കാനുള്ള കഴിവുമില്ല.
ശുദ്ധജല മത്സ്യങ്ങളുടെ വര്‍ഗവും ഇനവും തിരിച്ചുള്ള പഠനത്തില്‍ നിര്‍ണായകമായ വഴിത്തിരിവാണു പുറം ലോകത്തിന്റെ കണ്ണില്‍പ്പെടാതെ, ഭൂഗര്‍ഭ ജലാശയങ്ങളില്‍ ഒളിച്ചു ജീവിക്കുന്ന ഭുഗര്‍ഭജല വരാല് മത്സ്യ ഇനത്തിന്റെ കണ്ടെത്തെലെന്ന് കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. എ. രാമചന്ദ്രന് പറഞ്ഞു.
Post Your Comments