Latest NewsElection NewsIndia

ബംഗാളില്‍ തൃണമൂല്‍ കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി അമിത് ഷായുടെ ഓപ്പറേഷന്‍ 20 പ്ലസ് ഏറ്റെടുത്ത് നേതാക്കള്‍

അഞ്ചു വര്‍ഷം കൊണ്ട് ബംഗാളില്‍ ബി.ജെ.പി ഏറെ മാറി.

കൊല്‍ക്കത്ത: 2014-ലെ തിരഞ്ഞെടുപ്പില്‍ ബംഗാളിന് വലിയ പ്രാധാന്യമൊന്നും ബിജെപി നേതൃത്വം നല്‍കിയിരുന്നില്ല. എന്നിട്ടും കിട്ടി, രണ്ടു സീറ്റ്. അന്ന് രണ്ടു റാലികളില്‍ മാത്രം പങ്കെടുത്ത നരേന്ദ്രമോദി ഇത്തവണ ഇതുവരെ 13 തവണ ബംഗാളിലെത്തി. അത്ര തന്നെ റാലികളില്‍ അമിത് ഷായും പങ്കെടുത്തു. യു.പി കഴിഞ്ഞാല്‍ ഇരുവരും കൂടുതല്‍ പ്രചാരണം നടത്തിയതും ബംഗാളിലാണ്.ബംഗാളില്‍ എതിരാളികള്‍ വളരാന്‍ തൃ‌ണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്ന് കൊല്‍ക്കത്തയിലെ മുരളീധര്‍ സെന്‍ ലെയ്‌നിലെ ഇടുങ്ങിയ തെരുവില്‍ പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ബി.ജെ.പി ആസ്ഥാനം കണ്ടാല്‍ മനസ്സിലാകും.

ഒരു ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ഇതിലും മോശപ്പെട്ട അവസ്ഥയില്‍ മറ്റെവിടെയും കാണാന്‍ കഴിഞ്ഞേക്കില്ല. പക്ഷേ 2014-നു ശേഷം കാര്യങ്ങള്‍ മാറിവരുന്നതിന്റെ അത്യാവശ്യം സൂചനകളും ഇവിടെ കാണാം. കെട്ടിടത്തിനു മുന്നില്‍ തോരണങ്ങളും ഫ്ളെക്സുകളുമുണ്ട്. മുറ്റത്ത് കാവിക്കൊടി കെട്ടിയ കാറുകള്‍. ഹിന്ദി മേഖലയില്‍ കൈവിട്ടുപോകാനിടയുള്ള സീറ്റുകളുടെ നഷ്‌ടം നികത്താന്‍ അമിത് ഷാ നല്‍കിയ ഓപ്പറേഷന്‍ 20 പ്ളസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് പാര്‍ട്ടി ബംഗാള്‍ ഘടകം.അഞ്ചു വര്‍ഷം കൊണ്ട് ബംഗാളില്‍ ബി.ജെ.പി ഏറെ മാറി.

മമതാ ബാനര്‍ജിയും തൃണമൂലും നേരിടുന്ന ഭരണവിരുദ്ധ തരംഗത്തിലാണ് ബി.ജെ.പി പ്രതീക്ഷ. സി.പി.എം- കോണ്‍ഗ്രസ് സഖ്യനീക്കം പരാജയപ്പെട്ടത് കാര്യങ്ങള്‍ അനുകൂലമാക്കി. ബി.ജെ.പിക്ക് പ്രാപ്യമല്ലാത്ത ന്യൂനപക്ഷ വോട്ടുകള്‍ തൃണമൂലിനും കോണ്‍ഗ്രസിനും സി.പി.എമ്മിനുമിടയില്‍ വിഘടിക്കും. തൃണമൂലിന്റെ അക്രമ രാഷ്‌ട്രീയത്തെ എതിര്‍ക്കാന്‍ ബി.ജെ.പിക്കു മാത്രമെ കഴിയൂ എന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കാനും കഴിഞ്ഞു. 40 തൃ‌ണമൂല്‍ എം.എല്‍.എമാര്‍ തന്നെ ബന്ധപ്പെട്ടെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ഇതിന്റെ ഭാഗമായിരുന്നു.തൃ‌ണമൂലിനെ അകറ്റാന്‍ ചിലയിടത്ത് സി.പി.എമ്മും കോണ്‍ഗ്രസും ബി.ജെ.പിക്ക് രഹസ്യ സഹായം നല്‍കുന്നുവെന്നും കിംവദന്തിയുണ്ട്.

ത്രിപുരയില്‍ വേട്ടയാടുന്ന ബി.ജെ.പിയെ ബംഗാളില്‍ സഹായിക്കുന്നതിനെ ചൊല്ലി സി.പി.എമ്മിനുള്ളില്‍ തര്‍ക്കവുമുണ്ട്. ഏതായാലും കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും പഴയ കോട്ടകളില്‍ ഇക്കുറി തൃണമൂലും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. ജാര്‍ഖണ്ഡ് അതിര്‍ത്തിയിലുള്ള ഝാര്‍ഗ്രാം, പരുലിയ, ബാങ്കുറ, വെസ്‌റ്റ് മിഡ്‌നാപൂര്‍ തുടങ്ങിയ ആദിവാസി മേഖലകളില്‍ ബി.ജെ.പി സ്വാധീന ശക്തിയായി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ അവര്‍ അതു തെളിയിച്ചു.2014- നു ശേഷം സംസ്ഥാനത്ത് ആര്‍.എസ്.എസും വിപുലീകരിച്ചു.

ബംഗ്ളാദേശില്‍ നിന്നുള്ള ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ഉറപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അതിര്‍ത്തി മണ്ഡലമായ കൂച്ച്‌ ബിഹാറില്‍ ബി.ജെ.പിക്ക് ഗുണം ചെയ്‌തേക്കും. ഇമാമുകള്‍ക്കും മൗ‌ലവിമാര്‍ക്കും അലവന്‍സ് നല്‍കിയതും മുഹറം ആഘോഷത്തിനായി ദുര്‍ഗാവിഗ്രഹം ഒഴുക്കുന്നത് ഒരു ദിവസം നീട്ടിയതും അടക്കം മമതാ ബാനര്‍ജിയുടെ ന്യൂനപക്ഷ അനുകൂല തീരുമാനങ്ങള്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് ബി.ജെ.പി ഉപയോഗിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button