Latest NewsIndia

ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം : പതിവായി അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച

ചെന്നൈ : ട്രെയിന്‍ യാത്രക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, അര്‍ധരാത്രിയില്‍ ട്രെയിനുകളില്‍ കവര്‍ച്ച പതിവാകുന്നു. സേലം വഴി കടന്നു പോകുന്ന ട്രെയിനുകളിലാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും അര്‍ധരാത്രി കവര്‍ച്ച നടക്കുന്നത്. മംഗളുരു എക്‌സ്പ്രസ് ഉള്‍പ്പെടെ പത്തോളം ട്രെയിനുകളിലാണു മൂന്നു ദിവസത്തിനിടെ കവര്‍ച്ച നടന്നത്.

ഈ ദിവസങ്ങളിലായി 20 പവനിലധികം സ്വര്‍ണവും പണവും വിലപ്പെട്ട രേഖകളും മോഷണം പോയി. പരാതിയെത്തുടര്‍ന്നു മാവേലി പാളയം മുതല്‍ മകുടംചാവഡി വരെ പാതയോരത്ത് സുരക്ഷ ശക്തമാക്കി. 100 മീറ്റര്‍ ഇടവിട്ടു രണ്ടു ആര്‍പിഎഫ് ഭടന്മാരെ വീതം പാളത്തിനു സമീപം നിയോഗിച്ചു. 500 ആര്‍പിഎഫ് ഭടന്മാരെയാണ് ഇങ്ങനെ വിന്യസിച്ചിട്ടുള്ളത്. രാത്രി മുഴുവന്‍ ഇവര്‍ ഡ്യൂട്ടിയിലുണ്ടാകും. പകല്‍ സമത്തും ഈ പാതയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

സേലത്തിനു സമീപം മാവേലിപാളയത്ത് റെയില്‍വേ മേല്‍പാലത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്. അതിനാല്‍, മകുടം ചാവഡി മുതല്‍ മാവേലി പാളയം വരെയുള്ള പാതയില്‍ ട്രെയിനുകള്‍ മണിക്കൂറില്‍ 20 കി.മീറ്റര്‍ വേഗപരിധി പാലിക്കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഇതു മുതലെടുത്താണു കൊള്ള സംഘം ട്രെയിനുകളില്‍ കയറി സൈ്വരവിഹാരം നടത്തിയത്. വേഗത കുറച്ചു പോകുന്ന ട്രെയിനുകളില്‍ ചാടിക്കയറി കത്തി കാട്ടി യാത്രക്കാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ശേഷം ഇവര്‍ ട്രെയിനില്‍ നിന്നു ചാടിയിറങ്ങി രക്ഷപ്പെടും

വേഗ നിയന്ത്രണം തുടങ്ങിയ വെള്ളിയാഴ്ച അര്‍ധരാത്രി ആറു ട്രെയിനുകളിലാണു സംഘം കവര്‍ച്ച നടത്തിയത്. ചെന്നൈ -മംഗളുരു എക്‌സ്പ്രസിലെ യാത്രക്കാരും കവര്‍ച്ചയ്ക്കിരയായി. മയിലാടുതുറൈ-മൈസുരു എക്‌സ്പ്രസിലാണു ആദ്യം കവര്‍ച്ചയുണ്ടായത്. ആദ്യ ദിനം ആറു ട്രെയിനുകള്‍ കൊള്ളയടിച്ച സംഘം ശനിഴാഴ്ചയും ചില ട്രെയിനുകളില്‍ യാത്രക്കാരെ വിരട്ടി സാധനങ്ങള്‍ തട്ടിയെടുത്തു.

രാത്രി 10നും പുലര്‍ച്ചെ നാലിനുമിടയില്‍ കടന്നുപോകുന്ന ട്രെയിനുകളെയാണു സംഘം ലക്ഷ്യമിട്ടത്. സ്വര്‍ണത്തിനു പുറമെ ചില യാത്രക്കാരുടെ ബാഗുകളും നഷ്ടപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടു ട്രെയിനുകളില്‍ കൂടി കവര്‍ച്ച നടന്നതോടെ യാത്രക്കാര്‍ ശക്തമായ പ്രതിഷേധമുയര്‍ത്തി. വേഗത നിയന്ത്രണം അവസാനിക്കുന്നതുവരെ സുരക്ഷ തുടരുമെന്നു ആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു.

ട്രെയിനുകളിലെ കവര്‍ച്ചയ്ക്കു പിന്നില്‍ ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണെന്നു പൊലീസ് സംശയിക്കുന്നു. ട്രെയിനുള്ളില്‍ കയറുന്നതു മൂന്നു പേരാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. സംഘത്തില്‍ ഇവര്‍ക്കു പുറമെ കൂടുതല്‍ ആളുകളുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. സേലത്തു പരിസര പ്രദേശങ്ങളിലും ജോലിക്കും മറ്റുമായി വന്നു താമസിക്കുന്ന ഉത്തരേന്ത്യക്കാരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button