NattuvarthaLatest News

നെഞ്ച് പൊള്ളി ക്ഷീരകർഷകർ; കാലികളെ കൊന്നൊടുക്കി മാരകരോ​ഗം തൈലേറിയ: കാര്യമാക്കാതെ അധികൃതരും

കന്നുകാലികളില്‍ തൈലേറിയ എന്ന മാരകരോഗം

തൃശൂര്‍: നെഞ്ച് പൊള്ളി ക്ഷീരകർഷകർ, ജില്ലയുടെ തെക്കന്‍ മേഖലയിലെ സങ്കരവര്‍ഗം കന്നുകാലികളില്‍ തൈലേറിയ എന്ന മാരകരോഗം പടരുന്നതായി പരാതി. കാടുകുറ്റി, കൊരട്ടി മേഖലകളില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിച്ച കാലികളിലാണ് രോഗം വ്യാപകമായുള്ളത്. പശുക്കള്‍ പാല്‍ ചുരത്തുന്നത് കുറയുന്നതും കന്നുകാലികളുടെ ശോഷിപ്പുമാണ് രോഗത്തിന്‍റെ ആദ്യലക്ഷണമായി കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. രോഗം മൂര്‍ച്ഛിക്കുന്നതോടെ ഇവയ്ക്ക് കിടന്നിടത്ത് നിന്ന് എഴുന്നേല്‍ക്കാന്‍ സാധിക്കില്ലെന്നും ഇവര്‍ പറയുന്നു.

രോ​ഗം വന്ന കാലികൾക്ക് ഭക്ഷണം കഴിക്കാനാകാതെ രോഗ പ്രതിരോധശേഷി നഷ്ടപ്പെട്ട് ഇവ ചത്തുവീഴുന്നതായും കര്‍ഷകര്‍ പറയുന്നു. കാടുകുറ്റി, കൊരട്ടി ഗ്രാമപഞ്ചായത്ത് അതിര്‍ത്തിക്കുള്ളില്‍ തന്നെ രണ്ടു മാസക്കാലയളവിനുള്ളില്‍ ഏഴു പശുക്കള്‍ ചത്തതായാണ് ക്ഷീരകര്‍ഷകര്‍ പറയുന്നത്. തൈലേറിയ എന്ന ഈ മാരക രോഗം സംസ്ഥാനത്തിന് അസാധാരണമായതിനാല്‍ ഇതിനുള്ള മരുന്ന് സുലഭമല്ല. രോഗബാധ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയേറിയിട്ടും അധികൃതരുടെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ ഇടപെടലില്ലെന്ന ആക്ഷേപം ശക്തമാണ്.

മാത്രമല്ല പ്രതിരോധ കുത്തിവയ്പിന് ആയിരത്തിയഞ്ഞൂറോളം രൂപ വിലവരുന്നത് ക്ഷീരകര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്. തുടര്‍ ചികിത്സക്കും ഭീമമായ തുക കര്‍ഷകര്‍ കണ്ടെത്തേണ്ടി വരുന്നതും കര്‍ഷകരെ ദുരിതത്തിലാഴ്ത്തുകയാണ്. പശുക്കളുടെ രക്തം കുടിക്കുന്ന ജീവികളും ചെള്ളുകളുമാണ് രോഗം പരത്തുന്നത്രേ.

shortlink

Post Your Comments


Back to top button