KeralaNews

ബീവറേജസില്‍ തീപ്പിടുത്തം; ”ജവാനെ” രക്ഷിക്കാന്‍ ജനക്കൂട്ടം

 

കോട്ടയം: നിരവധി പേര്‍ ക്യൂ നില്‍ക്കുന്ന ബിവറേജസ് ഔട്ട്ലെറ്റില്‍ തീപ്പിടിത്തമുണ്ടായാല്‍ എന്തു ചെയ്യും. അതും ജവാന്‍ ബ്രാന്‍ഡ് റം സൂക്ഷിച്ചിരുന്ന ഭാഗത്താണെങ്കില്‍. ക്യൂ നിന്നവര്‍ കൈമെയ് മറന്ന് തീയണയ്ക്കാന്‍ ശ്രമിച്ച കാഴ്ചക്കാണ് കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ കറുകച്ചാല്‍ ബിവറേജസ് കോര്‍പറേഷന്‍ ഔട്ട്ലെറ്റ് സാക്ഷ്യം വഹിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ക്യൂ നിന്നവരെ കൂടാതെ നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയെന്നാണ് റിപ്പോര്‍ട്ട്.

ഔട്ട്ലെറ്റില്‍ വൈദ്യുതി നിലച്ചതിനാല്‍ ജനറേറ്ററിലായിരുന്നു പ്രവര്‍ത്തനം. അര മണിക്കൂറോളം പ്രവര്‍ത്തിച്ച ജനറേറ്ററില്‍ തീ പിടിക്കുകയും വലിയ ശബ്ദത്തില്‍ പൊട്ടിത്തെറിയുണ്ടാകുകയും ചെയ്തു. ജവാന്‍ സൂക്ഷിച്ചതിന് തൊട്ടടുത്തായിരുന്നു ജനറേറ്റര്‍ വെച്ചിരുന്നത്. സംഭവമറിഞ്ഞതോടെ രക്ഷാപ്രവര്‍ത്തനത്തിന് നിരവധി പേര്‍ പാഞ്ഞെത്തി.

ഔട്ട്ലെറ്റിന് സമീപത്തെ കിണറ്റില്‍ നിന്ന് വെള്ളം കോരി അല്പ സമയത്തിനുള്ളില്‍ തീയണക്കുകയും ചെയ്തു. ബക്കറ്റിലും കാലിയായ കുപ്പിയിലുമൊക്കെ തീയണക്കാന്‍ വെള്ളവുമായി രക്ഷാപ്രവര്‍ത്തകര്‍ ആഞ്ഞു പരിശ്രമിച്ചു. ഇതിനിടെ ഫയര്‍ഫോഴ്സ് എത്തിയെങ്കിലും കാര്യമായി ഒന്നും ചെയ്യേണ്ടി വന്നില്ല.

വില്‍പനയ്ക്കായി രണ്ടു മുറികളിലായാണ് ഇവിടെ മദ്യം സൂക്ഷിച്ചിരുന്നത്. കൃത്യ സമയത്ത് തീയണക്കാനായതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായതെന്നാണ് ഫയര്‍ഫോഴ്സ് അറിയിച്ചത്. ജനറേറ്റര്‍ പുറത്തേക്ക് മാറ്റുന്നതിനിടെ ജീവനക്കാരനായ സുധീര്‍ സുബൈറിന് ചെറിയ തോതില്‍ പൊള്ളലേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button