Latest NewsKerala

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: സി.പി.എം വിലയിരുത്തല്‍ ഇങ്ങനെ

തിരുവനന്തപുരം•ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്‌ക്കാലികമായ തിരിച്ചടിയാണെന്ന്‌ പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ്‌ വിലയിരുത്തി. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത്‌ കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി ആവശ്യമായ തിരുത്തലുകള്‍ വരുത്തി നഷ്ടപ്പെട്ട ജനവിശ്വാസം തിരിച്ചുപിടിക്കും.

ബി.ജെ.പിയെ പരാജയപ്പെടുത്തുക, മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുക, ഇടതുപക്ഷത്തിന്റെയും സി.പി.ഐ(എം)ന്റെയും അംഗബലം വര്‍ദ്ധിപ്പിക്കുക എന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ്‌ ഈ തെരഞ്ഞെടുപ്പില്‍ സി.പി.ഐ(എം) ജനങ്ങളെ സമീപിച്ചത്‌. നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്നാലുണ്ടാകന്ന അപകടം സമൂഹത്തില്‍ ശരിയായി പ്രചരിപ്പിക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചു.

എന്നാല്‍, ഇതിന്റെ നേട്ടം യു.ഡി.എഫിനാണുണ്ടായത്‌. ഒരു മതനിരപേക്ഷ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന്‌ കോണ്‍ഗ്രസ്സിനേ കഴിയൂയെന്ന ചിന്തയിലാണ്‌ വിവിധ ജനവിഭാഗങ്ങള്‍ യു.ഡി.എഫിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തത്‌. ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി സ്വീകരിച്ച ഈ സമീപനമാണ്‌ ജനവിധിയെ സ്വാധീനിച്ച പ്രധാനഘടകം. ദേശീയ രാഷ്ട്രീയത്തിലെ കോണ്‍ഗ്രസ്സിന്റെ സ്ഥിതിയും ഇടതുപക്ഷം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിന്‌ ഇടതുപക്ഷത്തിന്‌ വേണ്ടത്ര കഴിഞ്ഞില്ല.

അതോടൊപ്പം ഇടതുപക്ഷത്തിന്‌ സ്ഥിരമായി ലഭിച്ചുകൊണ്ടിരുന്ന പരമ്പരാഗത വോട്ടുകളിലും നഷ്ടമുണ്ടായിട്ടുണ്ടെന്നാണ്‌ പ്രാഥമിക വിലയിരുത്തല്‍. വിശ്വാസികളില്‍ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ വലതുപക്ഷ ശക്തികള്‍ വിജയിച്ചിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌. ഇതിലേക്ക്‌ നയിച്ച കാരണങ്ങളെക്കുറിച്ച്‌ പാര്‍ടി പ്രത്യേകം പരിശോധിക്കും. ഗൗരവമായ പരിശോധനയിലൂടെ കുറവുകള്‍ തിരുത്തി നഷ്ടപ്പെട്ട ജനപിന്തുണ ആര്‍ജ്ജിക്കുന്നതിനും എല്ലാ തലങ്ങളിലും പാര്‍ടി ഒറ്റക്കെട്ടായി ശ്രമിക്കുമെന്നും സി.പി.ഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്താവനയില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button