Latest NewsArticleElection Special

അടി തെറ്റി വീണ വടവൃക്ഷങ്ങള്‍, പൊലിഞ്ഞുപോയ പ്രധാനമന്ത്രിപദമോഹം : തറ പറ്റിയത് മോദിയെ തുരത്താന്‍ രാഹുല്‍ കരുതിവച്ച വമ്പന്‍മാര്‍

ഐ.എം .ദാസ്

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടി തെറ്റിവീണ വന്‍മരങ്ങള്‍ ഒന്നും രണ്ടുമല്ല. കാലങ്ങളായി പാര്‍ലമെന്റില്‍ സജീവസാന്നിധ്യമായിരുന്ന പല പ്രബലരും ഇത്തവണ പടി കടക്കില്ല. വയനാട്ടില്‍ ജയിച്ചെങ്കിലും സ്വന്തം മണ്ഡലത്തില്‍ തോറ്റുപോയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയില്‍ തുടങ്ങിയാല്‍ രേണുക ചൗധരി, സല്‍മാന്‍ ഖുര്‍ഷിദ്, ഭുപീന്ദര്‍ സിംഗ് ഹൂഡ, ഹരീഷ് റാവത്ത്, ദിഗ്വിജയ് സിംഗ്, വീരപ്പ മൊയ്‌ലി, സുശീല്‍ കുമാര്‍ ഷിന്‍ഡെ, അശോക് ചവാന്‍ തുടങ്ങി ആ പട്ടിക അങ്ങനെ നീളുകയാണ്. തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തില്‍ ആടിയുലഞ്ഞുപോയിരിക്കുന്നു രാഹുലിന്റെ കോണ്‍ഗ്രസ്. അധ്യക്ഷസ്ഥാനാത്ത് നിന്ന് രാജി വയ്ക്കാന്‍ രാഹുല്‍ സന്നദ്ധത അറിയിച്ചുകഴിഞ്ഞു. പക്ഷേ രാഹുലിന് പകരം ആ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ സര്‍വ്വസമ്മതനായ മറ്റൊരു നേതാവ് കോണ്‍ഗ്രസിന് ഉണ്ടോ എന്നത് മറ്റൊരു ചോദ്യം. മാസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ഭരണം പിടിച്ചെടുത്ത മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടെ അവസ്ഥ അതീവ ദയനീയമായി മാറിയിട്ടുണ്ട്. കേരളത്തിലും പഞ്ചാബിലും തമിഴ്നാട്ടിലും മാത്രമാണ് പാര്‍ട്ടി സ്ഥിതി മെച്ചപ്പെടുത്തിയത്. മറ്റൊരിടത്തും കോണ്‍ഗ്രസ്സിന്റെ സാന്നിധ്യം പോലുമില്ല.

ഡല്‍ഹിയില്‍ തകര്‍ന്ന് ഷീല ദീക്ഷിതും ഹരിയാനയില്‍ ഹൂഡയും

മൂന്ന് തവണ ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം വഹിച്ച നേതാവാണ് ഷീല ദീക്ഷിത്. പക്ഷേ മൂന്ന് ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവരെ ബിജെപിയിലെ മനോജ് തിവാരി പരാജയപ്പെടുത്തിയത്. അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹി പിടിച്ചെടുത്തപ്പോള്‍ ഗവര്‍ണറായി കേരളത്തിലെത്തിയ ഷീല ദീക്ഷിത് മാസങ്ങള്‍ക്കുള്ളില്‍ രാജി വച്ച് തിരികെ പോയി. സജീവരാഷ്ട്രീയത്തിലേക്കുള്ള ഷീല ദീക്ഷിതിന്റെ തിരിച്ചുവരവാണ് നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വന്‍പരാജയത്തോടെ പാളിപ്പോയത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഷീല ദീക്ഷിത് ഉണ്ടാകുമോ എന്നത് പോലും ഇപ്പോള്‍ സംശയത്തിലായിരിക്കുന്നു. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ മുഖമായിരുന്ന ഭുപീന്ദര്‍ സിംഗ് ഹൂഡ പതിനാല് വര്‍ഷത്തിന് ശേഷമാണ് ലോക്‌സഭയിലെക്ക് മത്സരിച്ചത്. പക്ഷേ സോനിപ്പട്ടില്‍ ബിജെപിയുടെ സിറ്റിംഗ് എംപിയായ രമേശ് ചന്ദര്‍ കൗശികിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ഹൂഡയ്ക്കായില്ല. ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇവിടെ ബിജെപിയുടെ ജയം. ഹരിയാനയിലെ പ്രമുഖ ജാട്ട് നേതാവുകൂടിയായ ഹൂഡയുടെ മകനും മത്സരിച്ച് പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

റാവത്തിനെ കൈവിട്ട് ഉത്തരാഖണ്ഡ്, രാജിക്കത്ത് നല്‍കി രാജ് ബബ്ബാര്‍

ഉത്തരാഖണ്ഡില്‍ അപ്രമാദിത്വമുണ്ടായിരുന്ന ഹരീഷ് റാവത്തിനെ അടുത്തകാലത്തായി തീരെ ഗൗനിക്കുന്നേതിയല്ല. 2016 ല്‍ നിലംപതിച്ചു ഹരീഷ് റാവത്ത് സര്‍ക്കാര്‍. രണ്ടായിരത്തി പതിനേഴില്‍ മത്സരിച്ച രണ്ട് സീറ്റിലും റാവത്ത് തോറ്റുപോയി. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ജനം റാവത്തിനെയും പാര്‍ട്ടിയേയും തഴഞ്ഞു. ആരോപണങ്ങളില്‍ തൂങ്ങിയാടിയിരുന്ന എതിരാളിയെ നിഷ്പ്രയാസം തോല്‍പ്പിക്കാമെന്ന കണക്കുകൂട്ടലിലായിരുന്നു ദ്വിഗ്വിജയ് സിംഗ. പ്രഗ്യ സിംഗിനെ സിംഗിനെതിരെ ഭോപ്പാലില്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുമ്പോള്‍ ബിജെപിക്കും അത്ര വലിയ പ്രതീക്ഷ ഇല്ലായിരുന്നു. എന്നാല്‍ സിംഗിനെ തറപറ്റിച്ച് പ്രഗ്യ വിജയം കൈവരിച്ചതോടെ പരാജയപ്പെട്ട മുതിര്‍ന്ന നേതാക്കളുടെ പട്ടികയില്‍ ദിഗ്വിജയ് സിംഗും സ്ഥാനം പിടിച്ചു. മൂന്നരലക്ഷത്തിലധിം ഭൂരിപക്ഷമാണ് പ്രഗ്യ ഇവിടെ നേടിയെടുത്തത്.

യുപിയിലേറ്റ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് സംസ്ഥാന അധ്യക്ഷന്‍ രാജ് ബബ്ബാര്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്ത് വരെ അയച്ചു. കോണ്‍ഗ്രസ് സ്ഥാനാകര്‍ത്ഥികളെ ഒന്നും ജയിപ്പിക്കാന്‍ സാധിച്ചില്ലെന്ന് മാത്രമമല്ല ഫത്തേപ്പുര്‍ സ്ിക്രിയില്‍ സ്വയം പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു ബബ്ബാറിന്.അമേഠിയിലെ ജില്ലാ പ്രസിഡന്റും രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസിന് യുപിയില്‍ 2014ലേക്കാള്‍ വോട്ട് ശതമാനവും താഴേക്ക് പോയിരുന്നു. ഒഡീഷ പിസിസി അധ്യക്ഷന്‍ നിരഞ്ജന്‍ പട്നായിക്കും രാജിവെച്ചൊഴിഞ്ഞു. ഒഡീഷയില്‍ നിലവിലുണ്ടായിരുന്ന രണ്ടു സീറ്റുകള്‍ ഇത്തവണ പാര്‍ട്ടിക്ക് നഷ്ടമായി. കര്‍ണ്ണാടകയില്‍ പ്രചരണ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന നേതാവ് എച്ച്.കെ പാട്ടീലും രാജിവെച്ചു.

തോല്‍വി ഏറ്റുവാങ്ങി മുന്‍പ്രധാനമന്ത്രി

കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമല്ല മൂന്നാംമുന്നണി ഉണ്ടാക്കി പ്രധാനമന്ത്രിപദം വരെ ആവശ്യപ്പെടാമെന്ന് സ്വപ്‌നം കണ്ടിരുന്ന മറ്റ് പ്രതിപക്ഷ നേതാക്കളും നിലംപരിശാകുന്ന കാഴ്ച്ചയാണ് ഈ തെരഞ്ഞെടുപ്പ് നല്‍കിയത്. മുന്‍ പ്രധാനമന്ത്രിയും ജനതാദള്‍ എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയാണ് ഇവരില്‍ ഒരാള്‍. തുമകൂരുവില്‍ ബി.ജെ.പി. യുടെ ജി.എസ്. ബസവരാജിനോട് 13,339 വോട്ടിനായിരുന്നു പരാജയം. സ്വന്തം മണ്ഡലമായിരുന്ന ഹാസന്‍ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയ്ക്കു വേണ്ടി മാറിക്കൊടുത്താണ് തുമകൂരുവില്‍ അദ്ദേഹം മത്സരിച്ചത്. ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയെ കലബുറയില്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബിജെപി തോല്‍പ്പിച്ചത്.

നിലം തൊടാതെ ശരദ് യാദവും ഡിമ്പിളും കനയ്യയും

ലോക് താന്ത്രിക് ജനതാദളിന്റെ ശരദ് യാദവും എസ്പിയുടെ ഡിമ്പിള്‍ യാദവും സിപിഐയുടെ കനയ്യ കുമാറും ജനങ്ങള്‍ ബഹിഷ്‌കരിച്ചവരില്‍പ്പെടുന്നു. കനയ്യകുമാറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് കേരളത്തിലെ മാധ്യമങ്ങള്‍ നല്‍കിയത്. തുടക്കം മുതല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു ബംഗലൂരു സെന്‍ട്രലിലെ പ്രകാശ് രാജിന്റെ സ്ഥാനാര്‍ത്ഥിത്വം. എന്നാല്‍ ജനം വിധിയെഴുതിയപ്പോള്‍ പരാജയം തുറന്നു സമ്മതിച്ചു പ്രകാശ് രാജ്. പിഡിപി നേതാവ് മെഹബൂബ മുഫ്ത്തിയുടെ പരാജയമാണ് എടുത്തുപറയേണ്ട മറ്റൊന്ന്. കോണ്‍ഗ്രസിന് ഒരു അമിത് ഷായെ ലഭിക്കേണ്ട സമയമായെന്നായിരുന്നു ബിജെപിയുടെ തിളക്കമാര്‍ന്ന വിജയത്തില്‍ അവര്‍ നടത്തിയ പ്രതികരണം. ജെഎംഎം നേതാവ് ഷിബു സോറന്റെ പരാജയവും ശ്രദ്ധേയമായി.

ഉറക്കം നഷ്ടപ്പെട്ട് ബംഗാളിലെ ദീദി

ബംഗാളിലും ത്രിപുരയിലും കേരളത്തിലും അടിതെറ്റി വീണ സിപിഎമ്മിന്റെ ദുരവസ്ഥ എതിരാളികളില്‍പ്പോലും സഹതാപമുയര്‍ത്തുന്നതാണ്. ബംഗാളിലും ത്രിപുരയിലും പൂജ്യത്തിലെത്തിയപ്പോള്‍ കേരളത്തില്‍ ഒറ്റ സീറ്റാണ് എല്‍ഡിഎഫിന് കിട്ടിയത്. ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കും ഈ തെരഞ്ഞെടുപ്പ് ഉറക്കം കെടുത്തുന്നതാണ്. മമതയുടെ കാല്‍ക്കീഴിലെ മണ്ണാണ് ഒലിച്ചുപോകുന്നത്. അധികം താമസിയാതെ പശ്ചിമബംഗാള്‍ ബിജെപി ഭരിക്കുമെന്ന ക്യതമായ സൂചന കൂടിയാണ് പതിനേഴാം ലോക്‌സഭാതെരഞ്ഞെടുപ്പ് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button