Latest NewsGulf

ജൂൺ 15 മുതൽ ഒമാനിൽ പ്രത്യേക നികുതി ഏർപ്പെടുത്തുന്നവ ഇതാണ്

നികുതിയുടെ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്

ജൂൺ 15 മുതൽ ഒമാനിൽ പ്രത്യേക നികുതി ഏർപ്പെടുത്തുന്നു, ജൂൺ 15 മുതൽ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ വ്യക്തമാക്കി. ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളുടെ ഉപയോഗം കുറക്കുന്നതിന്റെ ഭാഗമായി ജി.സി.സി രാജ്യങ്ങൾക്കിടയിലെ പൊതുധാരണ പ്രകാരമാണ് നികുതി നടപ്പിലാക്കുന്നത്. ഒമാനിൽ പുകയില ഉൽപന്നങ്ങൾ, മദ്യം, പന്നിയിറച്ചി, ശീതളപാനീയങ്ങൾ, ഊര്‍ജ്ജ പാനീയങ്ങൾ എന്നിവക്ക് ജൂൺ 15 മുതൽ പ്രത്യേക നികുതി ചുമത്തുമെന്ന് ഗവൺമെൻറ് കമ്മ്യൂണിക്കേഷൻ സെൻറർ അറിയിച്ചു.

എന്നാൽ ഇതിന് മുൻപായി തന്നെ സൗദി അറേബ്യയിലും യു.എ.ഇയിലും ബഹറൈനിലും ഖത്തറിലും പുതിയ നികുതി ഇതിനകം നിലവിൽ വന്നിട്ടുണ്ട്. ഒമാനിൽ പ്രത്യേക നികുതി നിയമം നടപ്പിലാക്കി കൊണ്ടുള്ള സുൽത്താന്റെ ഉത്തരവ് മാർച്ച് പകുതിയോടെയാണ് പുറത്തിറങ്ങിയത്. ഉത്തരവ് പുറത്തിറങ്ങി 90 ദിവസത്തിന് ശേഷമാണ് നിയമം പ്രാബല്യത്തിൽ വരുന്നത്. പുകയിലയും അനുബന്ധ ഉൽപന്നങ്ങളും, ഊര്‍ജ്ജ പാനീയങ്ങൾ, മദ്യം, പന്നിയിറച്ചി എന്നിവക്ക് നൂറ് ശതമാനം വീതവും ശീതള പാനീയങ്ങൾക്ക് അമ്പത് ശതമാനം വീതവുമാകും സെലക്ടീവ് നികുതി ചുമത്തുക.

ഇനി മുതൽ ഉത്തേജക വസ്തുക്കൾ അടങ്ങിയതോ മാനസികമോ ശാരീരികമോ ആയ ഉത്തേജനം പകരുന്ന പാനീയങ്ങളെല്ലാം ഊര്‍ജ്ജ പാനീയങ്ങളുടെ പട്ടികയിൽ ഉൾപ്പെടും. ചില്ലറ വിൽപന വില അടിസ്ഥാനമാക്കിയാകും പ്രത്യേക നികുതി കണക്കാക്കുക. പുകയിലക്കും മദ്യത്തിനുമുള്ള കസ്റ്റംസ് നികുതി ഇതിന് പുറമെ തുടരുകയും ചെയ്യും. പുതിയ നികുതിയുടെ നടത്തിപ്പ് സംബന്ധിച്ച മാർഗ നിർദേശങ്ങൾ തയാറാക്കുകയും ചെയ്തിട്ടുണ്ട്.

Tags

Post Your Comments


Back to top button
Close
Close