KeralaLatest News

തുരുത്തിക്കരയിലെ ശവക്കല്ലറ പ്രശ്നം: കളക്ടറുടെ നിര്‍ദേശം ഇങ്ങനെ

കൊല്ലം: തുരുത്തിക്കരയിലെ പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കാന്‍ കഴിയാത്ത സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടല്‍. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ച ശേഷം മൃതദേഹം സംസ്‌കരിക്കാമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു. ഇത് ഇരു കക്ഷികളും സമ്മതിച്ചു. അഞ്ച് ദിവസത്തിനകം കല്ലറയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി ആരോഗ്യവിഭാഗം പരിശോധന നടത്തും.

മെയ് 13 ന് മരിച്ച തുരുത്തിക്കര സ്വദേശിനി അന്നമ്മയുടെ മൃതദേഹമാണ് രണ്ടാഴ്ചയ്ക്ക് ശേഷം സംസ്‌കാരിക്കാന്‍ വഴിയൊരുങ്ങുന്നത്. ദളിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട വ്യക്തിയായിരുന്നു അന്നമ്മ. ഇടവകയിലെ ജെറുസലേം മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കാന്‍ അന്നമ്മയുടെ മൃതദേഹം എത്തിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. 80 വര്‍ഷം പഴക്കമുള്ള സെമിത്തേരി നാശാവസ്ഥയിലായതിനാല്‍ മൃതദേഹം സംസ്‌കരിച്ചാല്‍ മാലിന്യം പുറത്തേക്കെത്തുമെന്നായിരുന്നു നാട്ടുകാരുടെ പരാതി. തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കാരം നടത്താന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരം കാണാതെ വന്നതോടെ ഇപ്പോഴും അന്നമ്മയുടെ മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുകയാണ്.

ഒടുവില്‍ പ്രശ്‌നം ശനിയാഴ്ച ജില്ലാ കളക്ടര്‍ക്ക് മുന്നിലെത്തിയതോടെയാണ് ഒത്തുതീര്‍പ്പിനുള്ള വഴി തെളിഞ്ഞത്. കല്ലറ കോണ്‍ക്രീറ്റ് ചെയ്ത് മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ സംസ്‌കാരം നടത്തുന്നതില്‍ കുഴപ്പമില്ലെന്ന് ആരോഗ്യവിഭാഗം കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അറ്റകുറ്റപ്പണി വൈകാന്‍ സാധ്യതയുള്ളതിനാല്‍ രണ്ട് നിര്‍ദേശങ്ങള്‍ കളക്ടര്‍ മുന്നോട്ട് വച്ചു. ഇതേ ഇടവകയിലെ തൊട്ടടുത്ത ഇമ്മാനുവല്‍ പള്ളി സെമിത്തേരിയില്‍ സംസ്‌കാരം നടത്താം. അല്ലെങ്കില്‍ അറ്റകുറ്റപ്പണി നടത്തി തുരുത്തിക്കരപ്പള്ളിയില്‍ തന്നെ സംസ്‌കരിക്കാം. രണ്ടാമത്തെ നിര്‍ദേശമാണ് അന്നമ്മയുടെ ബന്ധുക്കള്‍ അംഗീകരിച്ചത്. ഇതോടെ പള്ളി അധികൃതര്‍ ഇന്നലെ അറ്റകുറ്റപ്പണി ആരംഭിക്കുകയായിരുന്നു.

തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ മാത്രമേ കല്ലറ തുറന്ന് അറ്റകുറ്റപ്പണി നടത്താവൂ എന്ന കളക്ടറുടെ നിര്‍ദേശം പള്ളി അധികൃതര്‍ പാലിച്ചില്ല. ഇതിനെ തുടര്‍ന്ന് പൊലീസെത്തി അറ്റകുറ്റപ്പണികള്‍ നിര്‍ത്തി വയ്പ്പിച്ചു. ഇന്ന് വീണ്ടും കല്ലറയുടെ അറ്റകുറ്റ പണികള്‍ പുനരാരംഭിക്കും. തഹസില്‍ദാരുടെയും പൊലീസിന്റെയും സാന്നിധ്യത്തിലാണ് കല്ലറയില്‍ കോണ്‍ക്രീറ്റ് നടത്തുക. കോണ്‍ക്രീറ്റ് കഴിഞ്ഞ് ഒരാഴ്ചയ്ക്കകം മൃതദേഹം സംസ്‌കരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 2015-ല്‍ അന്നത്തെ കൊല്ലം കളക്ടര്‍ ഈ സെമിത്തേരിയില്‍ അറ്റകുറ്റപ്പണി ചെയ്യണമെന്ന് ഉത്തരവിട്ടിരുന്നെങ്കിലും പള്ളി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button