Latest NewsIndia

മോദി -ഷാ മാരത്തോണ്‍ ചര്‍ച്ച, 60 ലധികം മന്ത്രിമാര്‍ വ്യാഴാഴ്ച്ച സത്യപ്രതിജ്ഞ ചെയ്‌തേക്കും

ചൊവ്വാഴ്ച്ച ഇരുവരും നടത്തിയ കൂടിക്കാഴ്ച്ച അഞ്ച് മണിക്കൂറോളം നീണ്ടു.

ന്യൂഡല്‍ഹി: സത്യപ്രതിജ്ഞാ ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മാരത്തോണ്‍ ചര്‍ച്ചകള്‍ നടത്തി പ്രധാനമന്ത്രി മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും. ചൊവ്വാഴ്ച്ച ഇരുവരും നടത്തിയ കൂടിക്കാഴ്ച്ച അഞ്ച് മണിക്കൂറോളം നീണ്ടു.

പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നിശ്ചയിക്കുക എന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാനവിഷയം. പാര്‍ട്ടിക്ക് അകത്തും പുറത്തും തുല്യപ്രാധാന്യമുള്ള നിലയിലായിരിക്കും അമിത് ഷായുടെ പ്രവര്‍ത്തനം. വന്‍ഭൂരിപക്ഷത്തോടെ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിച്ച ഷാ മന്ത്രിസഭയില്‍ രണ്ടാമനായിരിക്കുമെന്നാണ് സൂചന.

ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് അറുപത് മുതല്‍ അറുപത്തി രണ്ട് മന്ത്രിമാര്‍ വരെ മെയ് 30ന് സത്യപ്രതിജ്ഞ ചെയ്‌തേക്കും. പശ്ചിമബംഗാള്‍, ഒഡീഷ, തെലങ്കാന എന്നീ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി പുതുമുഖങ്ങളും മോദിയുടെ രണ്ടാംമന്ത്രിസഭയിലുണ്ടാകും. ഈ സംസ്ഥാനങ്ങളെല്ലാം തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചവയാണ്. രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി, നിര്‍മല സീതാരാമന്‍, രവി ശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, നരേന്ദ്ര സിംഗ് തോമര്‍ എന്നിവരെ പുതിയ സര്‍ക്കാര്‍ നിലനിര്‍ത്തുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കഴിഞ്ഞ സര്‍ക്കാരില്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാനാകാത്തവരെ ഒഴിവാക്കാനുള്ള സാധ്യത വലുതാണ്.

തമിഴ്‌നാട്ടില്‍ എന്‍ഡിഎയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയ്ക്ക്  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമേ നേടാനായുള്ളൂ. എന്നിരുന്നാലും ഇവര്‍ക്കും
ഒരു മന്ത്രിസ്ഥാനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സീറോ സീറ്റ് നേടിയ കേരളത്തില്‍ നിന്ന് രണ്ട് മന്ത്രിമാരെങ്ങകിലും മന്ത്രിസഭയിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button