KeralaLatest News

പൊതുമരാമത്ത് മന്ത്രി ഇടപെട്ടു; മൂന്ന് റോഡുകളുടെ പണി നിർത്തി വെപ്പിച്ചു

തിരുവനന്തപുരം: അഴിമതിയുണ്ടെന്ന് ആരോപണമുയർന്നതിനെ തുടര്‍ന്ന് മൂന്ന് റോഡുകളുടെ നിര്‍മ്മാണം പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ നിര്‍ത്തിവെപ്പിച്ചു. റോഡുകളെക്കുറിച്ച് ജനങ്ങള്‍ക്ക് പരാതിയുണ്ടെങ്കിൽ അറിയിക്കുന്നതിന് തുടങ്ങിയ പരാതി പരിഹാര സെല്‍ വഴി ലഭിച്ച ആരോപണത്തെ തുടർന്നാണ് നടപടി. റോഡുകളുടെ നിർമ്മാണത്തെ കുറിച്ച് ചീഫ് എഞ്ചിനീയര്‍മാര്‍ അടങ്ങുന്ന സംഘം നേരിട്ട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എന്‍.എച്ച് സബ് ഡിവിഷന്‍ പുനലൂരിന് കീഴിലുള്ള ചെങ്ങമനാട് അഞ്ചല്‍ റോഡിന്റേയും, ശാസ്താംകോട്ട കൊട്ടാരക്കര നീലേശ്വരം കോടതി സമുച്ഛയം റോഡിന്റെയും, കൊട്ടാരക്കര സബ് ഡിവിഷന്‍ റോഡ്‌സിന് കീഴിലുള്ള പാങ്ങോട് കടയ്ക്കല്‍ ചിങ്ങേലി ചടയമംഗലം റോഡിന്റേയും പണികളാണ് നിര്‍ത്തി വെപ്പിച്ചിരിക്കുന്നത്. ആരോപണം ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ തീരുമാനം.

അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചതിന് ശേഷം മാത്രം പണി ആരംഭിച്ചാല്‍ മതിയെന്നും ചീഫ് എഞ്ചിനീയര്‍മാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. റിപ്പോര്‍ട്ടുകള്‍ പഠിച്ച ശേഷം പണി ഏറ്റെടുത്ത കോണ്‍ട്രാക്ടര്‍മാര്‍ക്കെതിരെയും, മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാര്‍ക്കെതിരെയും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. വിഷയത്തിന്റെ ഗൗരവം അനുസരിച്ച് കോണ്‍ട്രാക്ട് ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്ക് വരെ സര്‍ക്കാര്‍ കടന്നേക്കുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button