KeralaLatest News

വെള്ളത്തിന്റെ വില തിരിച്ചറിയാനും സംരക്ഷിക്കാനുമാകണം: മുഖ്യമന്ത്രി

ജലസംഗമം' ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : വെള്ളത്തിന്റെ വില തിരിച്ചറിയാനും അതു സംരക്ഷിക്കാനുമാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ടാഗോർ തീയറ്ററിൽ സംഘടിപ്പിക്കുന്ന ‘ജലസംഗമ’ത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസംരക്ഷണം സാധ്യമായാൽ കൃഷിയിൽ അത്ഭുതകരമായ മാറ്റമുണ്ടാക്കാനാകും. തദ്ദേശസ്ഥാപനങ്ങളുടെ കൂടി സഹകരണത്തോടെ കൃഷിയിൽ നല്ല കുതിച്ചുചാട്ടമുണ്ടാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രളയം അൽപം ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും കൃഷി തിരിച്ചുപിടിച്ച് കാർഷികമേഖലയിൽ സ്വയംപര്യാപ്തതയാണ് ലക്ഷ്യം. നമ്മൾ തുനിഞ്ഞിറങ്ങിയാൽ കാർഷികാഭിവൃദ്ധി സാധ്യമാകും. ജലം ശുദ്ധമാകുന്നതിന് മാലിന്യസംസ്‌കരണം അവിഭാജ്യഘടകമാണ്. ഉറവിടമാലിന്യസംസ്‌കരണത്തിനൊപ്പം ആവശ്യമായ സ്ഥലങ്ങളിൽ കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാൻറും ആവശ്യമാണ്. യാതൊരു ബുദ്ധിമുട്ടോ പരിസരമലിനീകരണമോ ഇല്ലാത്ത ആധുനികതരം മാലിന്യസംസ്‌കരണ പ്ലാൻറുകൾ സാധ്യമാണെന്ന് വിദേശസന്ദർശനവേളയിലെ സ്വന്തം അനുഭവങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു.

ജലസംരക്ഷണത്തിൽ ശാസ്ത്രീയമായ സമീപനമുണ്ടാകണം. കുട്ടികൾ മുതൽ ഇക്കാര്യത്തിൽ അവബോധം പൊതുബോധമായി വളർത്തണം. ജലസംരക്ഷണത്തിന്റെ കാര്യത്തിൽ നല്ല ഇടപെടൽ നടത്താൻ നമുക്കായി. ചെറുതും വലുതുമായ പ്രവർത്തനങ്ങൾക്ക് ഇപ്പോൾത്തന്നെ മികച്ച ഫലമുണ്ടായിട്ടുണ്ട്. നമ്മുടെ പ്രവർത്തനങ്ങൾ രാജ്യവും ലോകവും ശ്രദ്ധിക്കുന്നുണ്ട്. വിദേശസന്ദർശനത്തിനിടെ ഐക്യരാഷ്ട്ര സഭയിലെ പ്രതിനിധി സംഘവുമായുള്ള ചർച്ചയിൽ അവർ പറഞ്ഞത് നമ്മുടെ കാട്ടാക്കടയിലെ ജലസമൃദ്ധി പദ്ധതിയെക്കുറിച്ചാണ്. കട്ട പിടിച്ച് മാലിന്യം കിടന്നിരുന്ന നെതർലാൻഡ്സിലെ നദികൾ വീണ്ടെടുത്ത് സംരക്ഷിച്ച ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. അസാധ്യമായതല്ല ഇതെല്ലാം എന്നതിന് ഉദാഹരണമാണിത്. നമ്മെക്കുറിച്ചും നമ്മുടെ നാടിനെക്കുറിച്ചും ലോകത്തിന് വലിയ മതിപ്പാണ്. അവർ വരുമ്പോൾ പ്രകൃതിയെ നേരിട്ടറിയാനാണ് വരുന്നത്. അവരിൽനിന്ന് മോശം അഭിപ്രായം വരുന്ന നിലയുണ്ടാകരുത്. ഒട്ടേറെ നദികൾ വീണ്ടെടുക്കാൻ നമുക്കായി. പ്രളയകാലത്ത് ഈ നദികളിലൂടെ വെള്ളം ഒഴുകി. തദ്ദേശസ്ഥാപനങ്ങൾക്കും നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞിട്ടുണ്ട്. നവകേരളത്തിൽ വെള്ളവും വായുവും എല്ലാം ശുദ്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button