KeralaLatest NewsIndia

സ്വർണ്ണക്കടത്ത് കേസ്: മുന്‍ മാനേജര്‍മാരുടെ പങ്ക് പുറത്തു വരുന്നതോടെ ബാലഭാസ്കറിന്റെ അപകടത്തിൽ ദുരൂഹത കൂടുന്നു

വിവാദങ്ങൾ പുകയുന്നതിനിടെ ഇവര്‍ക്കെതിരെ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി രംഗത്തുവന്നിരുന്നു.

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും മകളുടെയും അപകടമരണത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ ഇതുവരേയും മോചിതരായിട്ടില്ല. അതിന് പിന്നാലെയാണ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മുൻ മാനേജർമാർക്കെതിരെയുള്ള സ്വര്‍ണക്കടത്തിന്റെ ആരോപണങ്ങളും ഉയരുന്നത്. നേരത്തെ ബാലഭാസ്കറിന്റെ പിതാവ് അപകടത്തിൽ സംശയം ഉന്നയിച്ചു രംഗത്തെത്തിയിരുന്നു. ഇപ്പോൾ അത് ശരിവെക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തുകേസുകളില്‍ മുന്‍ മാനേജര്‍മാരുടെ പങ്കാണ് ഇപ്പോള്‍ താരത്തിന്റെ അപകടത്തിലെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നത്.

നിലവില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും മറ്റൊരു പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. വിവാദങ്ങൾ പുകയുന്നതിനിടെ ഇവര്‍ക്കെതിരെ സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി രംഗത്തുവന്നിരുന്നു. ബാലഭാസ്‌കര്‍ അപകടത്തില്‍പെട്ട സ്ഥലത്ത് ആദ്യം എത്തുന്നതും ഈ പ്രകാശന്‍ തമ്പി തന്നെയാണ്. പിന്നീട് ബാലഭാസ്‌കറിന്റെ ബന്ധുക്കളില്‍ നിന്നും ഇയാള്‍ ഒഴിഞ്ഞുനില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നേരത്തെ ബാലഭാസ്‌കറിന്റെ അപകടത്തില്‍ പാലക്കാട്ടെ ഒരു ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ ആരോപിച്ചിരുന്നു. കേസില്‍ അറസ്റ്റ് ചെയ്ത് അഭിഭാഷകന്‍ ബിജു മനോഹര്‍ കൈമാറുന്ന സ്വര്‍ണം കള്ളക്കടത്തു സംഘത്തിലെ മലപ്പുറം സ്വദേശി ഹക്കീമിന് എത്തിക്കുന്നത് പ്രകാശാണ്. സ്ത്രീകള്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ സ്വര്‍ണം കൈമാറുന്നതും ഇയാള്‍ക്കാണ്. പലവട്ടം ദുബായിലേക്കു യാത്ര ചെയ്തിട്ടുള്ള പ്രകാശ് 25 കിലോഗ്രാം സ്വര്‍ണം വിദേശത്തുനിന്നു കൊണ്ടുവന്നിട്ടുണ്ടെന്നും ഡി.ആര്‍.ഐ. കണ്ടെത്തി.ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തിരിക്കുകയാണ്.

അതേസമയം, ഇവര്‍ ബാലഭാസ്‌കറിന്റെ മാനേജര്‍മാരല്ലെന്നും ചില പരിപാടികളുടെ സംഘാടകര്‍ മാത്രമായിരുന്നുവെന്നും ഭാര്യ ലക്ഷ്മി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. അതെ സമയം വിഷ്ണുവുമായി ബാലഭാസ്‌കറിന് നേരത്തെ തന്നെ പരിചയമുണ്ടായിരുന്നതായാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്. എട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് പ്രകാശിനെ ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും മാധ്യമ റിപ്പോര്‍ട്ട് ഉയരുന്നു. അപകടത്തിന് തൊട്ടുമുന്‍പ് പലതവണ ബാലഭാസ്‌കര്‍ എവിടെയെത്തിയെന്ന് ചോദിച്ച്‌ ഫോണ്‍ കോളുകള്‍ വന്നിരുന്നുവെന്നും അച്ഛന്‍ പറഞ്ഞു. ഇതോടെ അപകടത്തിലും ഇപ്പോൾ സംശയം ഉയരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button