KeralaLatest News

കുട്ടികളുടെ സുരക്ഷ ; കേരളാ പൊലീസ് മാർഗ്ഗരേഖ പുറത്തിറക്കി

തിരുവനന്തപുരം: സ്കൂളുകള്‍ വ്യാഴാഴ്ച തുറക്കാനിരിക്കേ, കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി സംസ്ഥാന പോലീസ് മാര്‍ഗ്ഗരേഖ തയ്യാറാക്കി പ്രസിദ്ധീകരിച്ചു. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ചര്‍ച്ച ചെയ്തശേഷമാണ് മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ചത്. വിദ്യാർത്ഥികളുടെ റോഡിലേയും സ്കൂളിലേയും സുരക്ഷ, ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം, ആരോഗ്യകരമായ സ്കൂൾ അന്തരീക്ഷം ഉറപ്പാക്കൽ എന്നിവ സംബന്ധിച്ചവയാണ് മാർഗ്ഗനിർദ്ദേശങ്ങൾ.

മാർഗ്ഗനിർദ്ദേശങ്ങളുടെ പൂർണ്ണരൂപം കേരളാ പോലീസിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാണ്.

മാർഗ്ഗരേഖയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ

* അമിതവേഗം, അലക്ഷ്യമായ ഡ്രൈവിംഗ് എന്നീ കുറ്റങ്ങള്‍ക്ക് ഒരു തവണയെങ്കിലും പിഴയടയ്ക്കപ്പെട്ടയാളെ സ്കൂള്‍ ബസ്സിന്‍റെ ഡ്രൈവറായി നിയോഗിക്കരുത്.

* ബസ് ഡ്രൈവര്‍ക്ക് ഹെവി വാഹനങ്ങള്‍ ഓടിച്ച് കുറഞ്ഞത് അഞ്ചു വര്‍ഷത്തെ പരിചയവും സാധുവായ ലൈസന്‍സും ഉണ്ടായിരിക്കണം.

* സീബ്രാലൈന്‍ മുറിച്ചു കടക്കുക, ലെയ്ന്‍ തെറ്റിയോടിക്കുക, അനുവാദമില്ലാത്തവരെ ഉപയോഗിച്ച് വണ്ടി ഓടിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്ക് വര്‍ഷത്തില്‍ രണ്ടുതവണയിലേറെ പിഴയടയ്ക്കപ്പെട്ട ഡ്രൈവര്‍മാരെ ബസില്‍ നിയോഗിക്കാന്‍ പാടില്ല.

* എല്ലാ കൊല്ലവും ബസ് ഡ്രൈവറുടെ ആരോഗ്യപരിശോധനയും കാഴ്ചശക്തി പരിശോധനയും നടത്തുക.

* ബസില്‍ ജീവനക്കാരെ നിയോഗിക്കുന്നതിനു മുമ്പ് അവരുടെ പോലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.

* കുട്ടികളുടെ സുരക്ഷ മുന്‍നിറുത്തി ഒരു സ്കൂള്‍ ബസില്‍ ഒരു ടീച്ചറെങ്കിലും യാത്രചെയ്യുന്ന സംവിധാനം ഏര്‍പ്പെടുത്തണം. കണ്ടക്ടര്‍, ഇങ്ങനെ നിയോഗിക്കപ്പെട്ട ടീച്ചര്‍, രക്ഷിതാക്കള്‍ ചുമതലപ്പെടുത്തുന്നയാള്‍ എന്നിവരൊഴികെ ആരുംതന്നെ സ്കൂള്‍ ബസില്‍ യാത്രചെയ്യാന്‍ പാടുള്ളതല്ല

* കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് ബസില്‍ ഒരാളെ, കഴിയുന്നതും ഒരു സ്ത്രീയെ, നിയോഗിക്കേണ്ടതാണ്.

* സ്കൂള്‍ ബസില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ഒരു ട്രാന്‍സ്പോര്‍ട്ട് മാനേജരേയോ കോര്‍ഡിനേറ്ററയോ നിയോഗിക്കേണ്ടതാണ്.

* അഞ്ചാം ക്ലാസ്സിലോ അതിനുതാഴെയുളള ക്ലാസ്സുകളിലോ പഠിക്കുന്ന കുട്ടികളെ സ്റ്റോപ്പില്‍ ഇറക്കുമ്പോള്‍ അവരുടെ രക്ഷകര്‍ത്താക്കളോ അധികാരപ്പെടുത്തിയിട്ടുളള ആളുകളോ ആണ് കുട്ടികളെ ഏറ്റുവാങ്ങുന്നതെന്ന് ഉറപ്പാക്കണം.
* കുട്ടികളെ ഏറ്റുവാങ്ങാന്‍ ആരും എത്തിയില്ലെങ്കില്‍ ഒരു കാരണവശാലും അവരെ റോഡില്‍ തനിച്ചാക്കാന്‍ പാടില്ല. കുട്ടിയെ ഏറ്റെടുക്കാന്‍ ആരും ഇല്ലാത്തപക്ഷം ബസിനുളളിലെ ടീച്ചര്‍ കുട്ടിയുടെ മാതാപിതാക്കളെ ബന്ധപ്പെട്ട് കുട്ടിയെ സൗകര്യപ്രദമായ സ്റ്റോപ്പിലിറക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

* രാവിലെ കുട്ടികള്‍ ബസില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞാല്‍ ഒരു കുട്ടിയും ബസില്‍ അവശേഷിക്കുന്നില്ലെന്ന് ബസ് ഇന്‍ ചാര്‍ജ്ജും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതാണ്.
* സ്കൂള്‍ ബസില്‍ നിന്ന് ഇറങ്ങുന്ന കുട്ടികളെ സ്കൂള്‍ കോമ്പൗണ്ടിലേയ്ക്ക് കടത്തിവിടുന്നതിന് സേഫ് പാസേജ് ഏര്‍പ്പെടുത്തേണ്ടതാണ്. ഇത് സാധ്യമല്ലാത്തപക്ഷം കുട്ടികള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടതാണ്.

* ബസ് യാത്ര പുറപ്പെടുന്നതിനുമുമ്പുതന്നെ ആ ബസില്‍ യാത്ര ചെയ്യേണ്ട കുട്ടികളുടെ ഹാജര്‍ എടുക്കേണ്ടതാണ്. വൈകുന്നേരവും ഹാജര്‍ എടുത്തിനുശേഷം രാവിലെ എത്തിയ കുട്ടികള്‍ കാണാതായതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കേണ്ടതാണ്.

* ബസ്സിനുളളില്‍ ഡ്രൈവറോടും കണ്ടക്ടറോടുമൊപ്പം ഒരുകുട്ടി പ്രത്യേകിച്ചും പെണ്‍കുട്ടി തനിയെ കഴിയാനുളള സാഹചര്യം ഉണ്ടാകാന്‍ പാടില്ല.

* സ്കൂള്‍ ബസ്സില്‍ ആദ്യം കയറുന്നതും അവസാനം ഇറങ്ങുന്നതും പെണ്‍കുട്ടി ആകാത്ത തരത്തില്‍ റൂട്ട് ക്രമീകരിക്കേണ്ടതാണ്.

* കുട്ടികളെ അവരുടെ വീടിന്‍റെ പരമാവധി സമീപത്ത് ഇറക്കുന്ന തരത്തില്‍ റൂട്ട് ക്രമീകരിക്കണം. ഒരു റസിഡന്‍ഷ്യല്‍ ഏരിയയിലോ മറ്റോ നിന്ന് അഞ്ചിലേറെ കുട്ടികളുണ്ടെങ്കില്‍ അവരെ ആ ഗേറ്റില്‍ തന്നെ ഇറക്കണം.

* സ്കൂളില്‍ നിന്ന് 10 ലേറെ ബസുകള്‍ പുറപ്പെടുന്നുണ്ടെങ്കില്‍ 10 ബസിന് ഒരാളെന്ന നിലയില്‍ മേല്‍നോട്ടം വഹിക്കാനുണ്ടാകണം. അയാള്‍ ഭരണവിഭാ ഗത്തില്‍ നിന്നോ ടീച്ചര്‍മാരില്‍ നിന്നോ ഉളള ആളായിരിക്കണം.

* ബസില്‍ ഫസ്റ്റ് എയ്ഡ് ബോക്സ് ഉണ്ടാകണം.
*. സ്കൂള്‍ ബാഗുകള്‍ സൂക്ഷിക്കുവാനായി സൗകര്യപ്രദമായ സ്ഥലം ഒരുക്കണം. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുവാനായി അലാറമോ സൈറനോ ഉണ്ടായിരിക്കണം.

* ബസില്‍ അഗ്നിശമന സംവിധാനം സ്ഥാപിക്കണം.

* എല്ലാ കുട്ടികളും ഇറങ്ങിക്കഴിഞ്ഞാല്‍ അക്കാര്യം ടീച്ചര്‍ ബസ് ഇന്‍ ചാര്‍ജിനെ അറിയിക്കേണ്ടതാണ്.

* ഏതെങ്കിലും തരത്തില്‍ ക്രിമിനല്‍ റിക്കോര്‍ഡ് ഉളളവരെ സ്കൂളില്‍ ജോലിക്കായി നിയോഗിക്കരുത്.

* നിയമന ഉത്തരവ് നല്‍കുമ്പോള്‍ സ്കൂളിലെ സുരക്ഷാസംവിധാനങ്ങളെക്കുറിച്ച് പുതിയ ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതും സമ്മതപത്രം ഒപ്പിട്ടു വാങ്ങേണ്ടതുമാണ്.

* എല്ലാത്തരം ജീവനക്കാരുടെയും സര്‍വ്വീസ് സംബന്ധിച്ച പൂര്‍വ്വകാലചരിത്രം പരിശോധിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ പോലീസ് വെരിഫിക്കേഷന്‍ നടത്തണം. ക്യാന്‍റീന്‍ ജീവനക്കാരുടെയും മറ്റും പോലീസ് വെരിഫിക്കേഷന്‍ തീര്‍ച്ചയായും നടത്തിയിരിക്കണം.

* ഭിന്നശേഷിയുളള വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനായി പരിശീലനം ലഭിച്ച ഒരാളുടെ സേവനം ലഭ്യമാക്കേണ്ടതാണ്.

* പ്ലംബര്‍, ഇലക്ട്രീഷ്യന്‍, മരപ്പണിക്കാര്‍, മറ്റ് തൊഴിലാളികള്‍ എന്നിവര്‍ക്ക് പ്രവൃത്തിസമയത്ത് സ്കൂളില്‍ പ്രവേശനം അനുവദിക്കാന്‍ പാടില്ല. അത്യാവശ്യഘട്ടങ്ങളില്‍ പ്രവേശനം നല്‍കേണ്ടിവന്നാല്‍ സ്കൂള്‍ അധികൃതരുടെ കൃത്യമായ മേല്‍നോട്ടം ഉണ്ടാകണം.

* എല്ലാ സ്കൂള്‍ ജീവനക്കാരും താല്‍ക്കാലിക ജീവനക്കാരും സ്കൂള്‍ പരിസരത്ത് പ്രവൃത്തി സമയങ്ങളില്‍ ഐഡന്‍റിറ്റി കാര്‍ഡ് ധരിക്കേണ്ടതാണ്. താല്‍ക്കാലിക ജോലിക്കായി നിയോഗിക്കപ്പെടുന്ന ജീവനക്കാര്‍ക്ക് വിസിറ്റര്‍ കാര്‍ഡ് നല്‍കേണ്ടതാണ്.

* എല്ലാ ജീവനക്കാരുടെയും ഫോട്ടോയും ഒപ്പും ഉള്‍പ്പെടുന്ന ബയോഡാറ്റ സ്കൂളില്‍ സൂക്ഷിക്കേണ്ടതാണ്. ജീവനക്കാരുടെ മുന്‍ സര്‍വ്വീസ്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍, കുടുംബാംഗങ്ങളുടെ മൊബൈല്‍ നമ്പര്‍, രണ്ട് റഫറന്‍സ് വിവരങ്ങള്‍ എന്നിവയും സൂക്ഷിക്കണം.

* സേവനം അവസാനിപ്പിച്ച് പോകുന്ന ജീവനക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കണം. സ്വഭാവദൂഷ്യം നിമിത്തമാണ് സേവനം അവസാനിപ്പിക്കുന്നതെങ്കില്‍ അക്കാര്യം രേഖപ്പെടുത്തുകയും ബന്ധപ്പെട്ട അധികാരികളെ അറിയിക്കുകയും വേണം.

* ഏതെങ്കിലും സ്കൂള്‍ ജീവനക്കാരനെതിരെ പോക്സോ, ബാലനീതിനിയമം, അല്ലെങ്കില്‍ മറ്റേതെങ്കിലും ലൈംഗികാതിക്രമം എന്നിവ ആരോപിക്കപ്പെട്ടാല്‍ അയാളെ ഉടനടി സര്‍വ്വീസില്‍ നിന്നു മാറ്റിനിര്‍ത്തി നിയമപ്രകാരമുളള അന്വേഷണം നടത്തേണ്ടതാണ്.
* സ്കൂള്‍ പരിസരത്ത് പ്രവേശിക്കുന്ന ഏതൊരാളുടെയും വിവരങ്ങള്‍ കൃത്യമായി രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതാണ്. സമയം ഉള്‍പ്പടെ ഇവ രേഖപ്പെടുത്തുന്നതിന് രജിസ്റ്ററോ ഇലക്ടോണിക് സംവിധാനങ്ങളോ ഉപയോഗിക്കുക. സന്ദര്‍ശകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്കായി പ്രത്യേകം രജിസ്റ്ററുകള്‍ സൂക്ഷിക്കുക.

* സ്കൂളിലേക്ക് ഒരു പ്രധാനഗേറ്റ് മാത്രമേ ഉണ്ടാകാവൂ. സൈഡ് ഗേറ്റുകള്‍ ഒഴിവാക്കണം. സൈഡ് ഗേറ്റുകള്‍ ഉളള പക്ഷം അവിടെ കൃത്യമായി കാവല്‍ ക്കാരെ നിയോഗിക്കണം. പുറത്ത് നിന്നുളള ആള്‍ക്കാര്‍ക്ക് വലിഞ്ഞുകയറാന്‍ പറ്റാത്തവിധം പൊക്കമുളള ചുറ്റുമതില്‍ ഉണ്ടായിരിക്കണം.

* ബസ് ഏരിയ, സ്പോര്‍ട്സ് റൂം, ക്യാന്‍റീന്‍, ടോയിലറ്റ് എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ മറ്റുളളവര്‍ ചുറ്റിത്തിരിയുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണം. അത്തരം സ്ഥലങ്ങളുടെയും അവിടെ പ്രവേശിക്കാന്‍ അനുവാദ മുളളവരുടെയും വിവരങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിക്കണം.

* ആവശ്യത്തിന് വെളിച്ചവും സൗകര്യങ്ങളുമുളള ടോയിലറ്റ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകമായി ലഭ്യമാക്കേണ്ടതാണ്.

* മാതാപിതാക്കള്‍ക്കും സന്ദര്‍ശകര്‍ക്കും സ്കൂള്‍ കോമ്പൗണ്ടിലെവിടെയും കടന്നുചെല്ലാവുന്ന തരത്തില്‍ പ്രവേശനം അനുവദിക്കരുത്. അവരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന് സന്ദര്‍ശനസമയത്ത് അവരോടൊപ്പം സ്കൂള്‍ അധികൃതര്‍ ഒരാളെ നിയോഗിക്കേണ്ടതാണ്.
* സ്കൂള്‍ സമയത്ത് സ്കൂളിനുളളില്‍ കുട്ടികള്‍ വെറുതെ കറങ്ങിനടക്കുന്ന സാഹചര്യം ഉണ്ടാകാതെ ശ്രദ്ധിക്കണം.

* എളുപ്പം തീപിടിക്കുന്നതോ വിഷമയം ഉളളതോ ആയ പദാര്‍ത്ഥങ്ങള്‍ സ്കൂളിനുളളില്‍ സൂക്ഷിക്കാന്‍ പാടില്ല. ആസിഡ്, മണ്ണെണ്ണ, സ്പിരിറ്റ്, ലബോറട്ടിയിലെയും അടുക്കളയിലെയും ഗ്ലാസ്സ് വസ്തുക്കള്‍ മുതലായവ കുട്ടികളുടെ കൈയില്‍ എത്താത്ത വിധത്തില്‍ അടച്ചുപൂട്ടി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.
* വായുവും വെളിച്ചവും കടക്കുന്ന രീതിയിലായിരിക്കണം സ്കൂള്‍ കെട്ടിടത്തിന്‍റെ നിര്‍മിതി.

* കുട്ടികള്‍ പഠിക്കുന്ന ക്ലാസ്സ് മുറികള്‍ പഠനസമയത്ത് ഒരുകാരണവശാലും പൂട്ടി സൂക്ഷിക്കുവാന്‍ പാടുളളതല്ല.

* ക്ലാസ്സ് മുറിയിലെ കാര്യങ്ങള്‍ പുറത്തുനിന്ന് വ്യക്തമായി കാണാന്‍ കഴിയുന്നതരത്തില്‍ തുറന്ന ജനാലകള്‍ ഉണ്ടായിരിക്കണം. അകത്തെ വരാന്തയുടെ വശത്ത് ജനാലകള്‍ ഇല്ലെങ്കില്‍ ഉള്‍വശം വ്യക്തമായി കാണാന്‍ കഴിയുന്നതരത്തില്‍ ഗ്ലാസ്സ് വിന്‍ഡോ സ്ഥാപിക്കേണ്ടതാണ്. അവയില്‍ പത്രക്കടലാസ് ഒട്ടിച്ചോ കര്‍ട്ടന്‍ ഇട്ടോ കാഴ്ച മറയ്ക്കാന്‍ പാടില്ല.

* സ്കൂളിന്‍റെ പ്രവേശനകവാടം, വരാന്ത, പടിക്കെട്ട്, ലൈബ്രറി, ഓഡിറ്റോറിയം, ഡൈനിംഗ് ഹാള്‍, സ്പോര്‍ട്സ് റൂം, കമ്പ്യൂട്ടര്‍ ലാബ്, ബസ് പാര്‍ക്കിംഗ് ഏരിയ എന്നിവ പരിധിയില്‍ വരത്തക്ക വിധത്തില്‍ ക്യാമറ സ്ഥാപിക്കുന്നത് ഉചിതമായിരിക്കും. അവയിലെ ദൃശ്യങ്ങള്‍ 45 ദിവസമെങ്കിലും സൂക്ഷിക്കാന്‍ കഴിയുന്നതാകണം. സ്കൂള്‍ പരിസരത്തേയ്ക്ക് പ്രവേശിക്കുകയും തിരികെ പോകുകയും ചെയ്യുന്ന വാഹനങ്ങളുടെ നമ്പര്‍ വ്യക്തമായി കിട്ടത്തക്കവിധത്തിലായിരിക്കണം ക്യാമറ സ്ഥാപിക്കേണ്ടത്.

* സ്കൂളിന്‍റെ സ്വീകരണമുറി മുതലായ പൊതുസ്ഥലങ്ങളില്‍ വിഷ്വല്‍സ് കിട്ടുന്ന തരത്തില്‍ ക്യാമറയുടെ സ്ക്രീന്‍ ക്രമീകരിക്കാവുന്നതാണ്. ആര്‍ക്കും കാണാന്‍ പറ്റുന്ന തരത്തില്‍ ഇങ്ങനെ സ്ക്രീന്‍ ക്രമീകരിക്കുന്നത് കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും.

* സ്കൂള്‍ കെട്ടിടം സുരക്ഷിതമാണെന്ന് ബന്ധപ്പെട്ട അധികൃതര്‍ ഉറപ്പാക്കേണ്ടതാണ്. ആവശ്യമായ സ്ഥലങ്ങളില്‍ സൈന്‍ ബോര്‍ഡും ബാരിക്കേഡും ഉണ്ടാകണം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി വെളളം സൂക്ഷിക്കുന്ന ടാങ്കുകള്‍ ശരിയായി അടച്ച് സൂക്ഷിക്കണം.

* ഇലക്ട്രിക് ഷോക്ക് ഏല്‍ക്കുന്നത് തടയാന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണം.
* വെളിച്ചക്കുറവുളള സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കണം. ലൈറ്റുകളുടെ പ്രവര്‍ത്തനം ആഴ്ചയിലൊരിക്കല്‍ പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുന്നത് അഭികാമ്യം.

* ശുദ്ധജലം ലഭ്യമാക്കുന്ന ടാങ്കുകള്‍ ഇടയ്ക്കിടെ കഴുകി വൃത്തിയാക്കണം. അവ അടച്ച് സൂക്ഷിക്കണം.

* സ്കൂളിലെ അഗ്നിശമനസംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണം. തീകെടുത്തുന്നതിനായി വെളളവും മണ്ണും എപ്പോഴും ലഭ്യമാക്കണം.

* സ്കൂള്‍ കെട്ടിടത്തിന്‍റെ സുരക്ഷ സംബന്ധിച്ച് അഗ്നിശമന വകുപ്പില്‍ നിന്ന് ആറ് മാസത്തിലൊരിക്കല്‍ വീതം സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണം.

* താഴ്ന്നുകിടക്കുന്ന കറന്‍റ് ലൈന്‍, അത്യാവശ്യഘട്ടത്തില്‍ രക്ഷപ്പെടാന്‍ ഉപയോഗിക്കുന്ന വഴികളിലുളള തടസ്സങ്ങള്‍, കുട്ടികളുടെ ദേഹത്ത് തട്ടി മുറിവേല്‍ക്കാന്‍ സാധ്യതയുളള വസ്തുക്കള്‍, അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്ന ഫര്‍ണിച്ചറുകള്‍ എന്നിവ മാറ്റി സ്ഥാപിക്കേണ്ടതാണ്.

* ഭിന്നശേഷിക്കാരായ കുട്ടികളുടെ വീല്‍ചെയര്‍ കടന്നുവരത്തക്കവിധത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ റാംപുകൾ, റെയിലിങ്ങുകള്‍ എന്നിവ സ്ഥാപിക്കുക. ഇത്തരം കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ടോയിലറ്റുകളിലും ഒരുക്കണം.

* സ്കൂളില്‍ ഒരു കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടാല്‍ തുടര്‍ നടപടി സ്വീകരിക്കുന്നതിനുളള സംവിധാനം ഉണ്ടാകണം. കുട്ടിക്ക് സ്കൂളില്‍ എത്താനാകാത്ത സാഹചര്യമാണെങ്കില്‍ സ്കൂള്‍ പ്രവര്‍ത്തനസമയം തുടങ്ങി 10 മിനിറ്റിനകം തന്നെ അക്കാര്യം മാതാപിതാക്കള്‍ സ്കൂള്‍ അധികൃതരെ ഇമെയില്‍ അഥവാ എസ്.എം.എസ് വഴി അറിയിക്കണം. അങ്ങനെ വിവരം നല്‍കാതെ സ്കൂളില്‍ ആബ്സന്‍റ് ആകുന്ന കുട്ടികളുടെ ലിസ്റ്റ് 15 മിനിട്ടിനകം തന്നെ ടീച്ചര്‍ സ്കൂള്‍ മേധാവിക്ക് കൈമാറണം. സ്കൂള്‍ മേധാവി ഇക്കാര്യം ഉടന്‍ തന്നെ കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കണം.

* ശാരീരിക അതിക്രമം, ലൈംഗിക അതിക്രമം, കുറ്റപ്പെടുത്തല്‍ മുതലായ കാര്യങ്ങള്‍ തുറന്നുപറയുന്നതിന് എപ്പോഴും കുട്ടികളെ പ്രോത്സാഹിപ്പിക്കണം.

* സ്കൂളിനോട് തൊട്ടുചേര്‍ന്ന് അനുമതിയില്ലാത്ത കടകള്‍, ചെറിയ വാഹനങ്ങളിലെ വില്‍പന മുതലായവ നിരുത്സാഹപ്പെടുത്തണം. സ്കൂൾ പരിസരത്ത് ചെറിയ കടകള്‍ക്ക് പോലീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ലൈസന്‍സ് നല്‍കരുത്.

* പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന്, മദ്യം, അശ്ലീല പ്രസിദ്ധീകരണങ്ങള്‍ എന്നിവയുടെ വിതരണവും വില്‍പനയും സംബന്ധിച്ച വിവരങ്ങള്‍ പോലീസിനെയും എക്സൈസിനെയും അറിയിക്കണം.

* സ്കൂള്‍ പരിസരത്ത് ട്രാഫിക് സുരക്ഷ ഉറപ്പാക്കുന്നതിന് പോലീസും മോട്ടോര്‍ വാഹന വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കണം.

* സൈന്‍ബോര്‍ഡ്, സീബ്രലൈന്‍, സ്പീഡ് ബ്രേക്കര്‍ എന്നിവ സ്ഥാപിച്ച് പരിപാലിക്കണം.

* രാവിലെയും വൈകിട്ടും സ്കൂളിന് മുന്നില്‍ ട്രാഫിക് പോലീസിന്‍റെ അല്ലെങ്കില്‍ ട്രാഫിക് വാര്‍ഡന്‍റെ സേവനം ലഭ്യമാക്കണം.

* സ്കൂള്‍ പരിസരത്തുളള ഇന്‍റര്‍നെറ്റ് കഫേകള്‍, സി.ഡി വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണം.

* എല്ലാ സ്കൂള്‍ ബസുകളും കഴിയുന്നതും മഞ്ഞനിറത്തത്തില്‍ പെയിന്‍റ് ചെയ്യേണ്ടതും ബസിന്‍റെ ഇരുവശങ്ങളിലും സ്കൂളിന്‍റെ പേര് വ്യക്തമായി എഴുതിയിരിക്കേണ്ടതുമാണ്. ബസിന്‍റെ മുന്നിലും പിന്നിലും സ്കൂള്‍ ബസ് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. വാടകയ്ക്കെടുത്ത വാഹനമാണെങ്കില്‍ On school duty എന്നു രേഖപ്പെടുത്തിയിരിക്കണം. സ്കൂളിന്‍റെയും അധികാരപ്പെട്ട ആളുകളുടെയും ഫോണ്‍ നമ്പറും സ്കൂള്‍ ബസില്‍ വ്യക്തമായി രേഖപ്പെടുത്തണം.

* ബസിന്‍റെ ജനാലകള്‍ സമാന്തരമായ ഗ്രില്ലുകളും ഘടിപ്പിച്ചതായിരിക്കണം. പൂട്ടാനുള്ള സൗകര്യത്തോടെയാകണം ബസിന്‍റെ വാതിലുകള്‍.

* വാഹനം മണിക്കൂറില്‍ 40km/hr അധികം വേഗത്തില്‍ പോകുന്നില്ലെന്ന് ഉറപ്പിക്കുന്നതിനായി എല്ലാ സ്കൂള്‍ ബസുകളിലും വേഗനിയന്ത്രണസംവിധാനം ഘടിപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button