Latest NewsKerala

നിപ: തൊടുപുഴയിലെ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെ കോളേജിലും താമസിച്ചവീട്ടിലും പരിശോധന നടത്തി ആരോഗ്യ വകുപ്പ്

കോളേജിനുടുത്തു തന്നെ വാടകയ്ക്ക് വീടെടുത്താണ് യുവാവും സുഹൃത്തുക്കളും താമസിച്ചിരുന്നത്

കൊച്ചി: പനിയെ തുടര്‍ന്ന് എറണാകുളത്ത് ചികിത്സയിലുള്ള തൊടുപുഴയിലെ പോളിടെക് വിദ്യാര്‍ത്ഥിയില്‍ നിപ ബാധ സംശയിക്കുന്നതോടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യ വകുപ്പ്. യുവാവിന്റെ തൊടുപുഴയിലെ കോലേജിലും താമസിച്ചിരുന്ന സ്ഥലത്തും ആരോഗ്യ വകുപ്പ് പരിശോധന നടത്തി. വീടും പരിസരങ്ങളും കുടിവെള്ള സ്രോതസ്സും സംഘം പരിശോധിച്ചു. താമസിച്ചിരുന്ന വീടിനടുത്തുള്ള കിണറ്റില്‍ നിന്നാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും പാചകത്തിനായി വെള്ളമെടുത്തിരുന്നത്. കൂടാതെ വീട്ടുടമയില്‍ നിന്നും അയല്‍വാസികളില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിയാണ് മെഡിക്കല്‍ സംഘം മടങ്ങിയത്.

പത്തു ദിവസത്തില്‍ കൂടുതലായുള്ള പനിയെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്. രോഗി തൊടുപുഴയിലെ കോളേജിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോള്‍ത്തന്നെ ജില്ലാമെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍സംഘം രാവിലെ തന്നെ അവിടെയെത്തി. യുവാവിന്റെ സഹപാഠികളുടെ പേരുവിവരങ്ങള്‍ ശേഖരിക്കുകയും അവരിലാര്‍ക്കെങ്കിലും
പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടോയെന്നും മെഡിക്കല്‍ സംഘം തിരക്കി.

കോളേജിനുടുത്തു തന്നെ വാടകയ്ക്ക് വീടെടുത്താണ് യുവാവും സുഹൃത്തുക്കളും താമസിച്ചിരുന്നത്. ചികിത്സയിലുള്ള യുവാവിനെ കൂടാതെ മറ്റ് നാലു പേരാണ് ഇവിടെയുള്ളത്. അവധിയായതിനാല്‍ മെയ് 12ന് സ്വന്തം വീടുകളിലേയ്ക്കു പോയ എല്ലാവരും 16ന് പരീക്ഷയെഴുതാന്‍ തൊടുപുഴയിലെത്തി. പരീക്ഷയ്ക്കു ശേഷം വിദ്യാര്‍ത്ഥികള്‍ തിരിച്ചു പോയെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതിനുശേഷം രോഗലക്ഷണം കാണിച്ച വിദ്യാര്‍ഥിയുള്‍പ്പടെയുള്ളവര്‍ മേയ് 20-നാണ് തൃശ്ശൂരില്‍ പരിശീലന പരിപാടിക്ക് പോയത്. യുവാവ് ഉള്‍പ്പടെ പതിനെട്ടുപേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. അതേസമയം മറ്റാര്‍ക്കും ഇതുവരെ പനിയോ മറ്റു രോഗ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button