KeralaLatest NewsIndia

ഐഎസ് റിക്രൂട്ടറായ റാഷിദിനൊപ്പം രണ്ടു പുരുഷന്മാരും ഭാര്യ സോണിയ സെബാസ്റ്റ്യനുൾപ്പെടെ രണ്ട്‌ സ്‌ത്രീകളും നാല്‌ കുട്ടികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട്

എറണാകുളം ജില്ലയിലെ എന്‍ജിനീയറിങ്‌ കോളജ്‌ പഠനകാലത്താണ്‌ ഇയാള്‍ കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിനിയായിരുന്ന സോണിയ സെബാസ്‌റ്റ്യനെ പരിചയപ്പെടുന്നത്‌.

തൃശൂര്‍: ഭീകരസംഘടനയായ ഐ.എസിലേക്ക്‌ മലയാളികളെ റിക്രൂട്ട്‌ ചെയ്യുന്നതിനു നേതൃത്വം നല്‍കിയ കാസര്‍ഗോഡ്‌ സ്വദേശി റാഷിദ്‌ അബ്‌ദുള്ള (31) കൊല്ലപ്പെട്ടതായി സൂചന. റാഷിദിനൊപ്പം രണ്ടു പുരുഷന്മാരും രണ്ട്‌ സ്‌ത്രീകളും നാല്‌ കുട്ടികളും കൊല്ലപ്പെട്ടതായാണു ഐ.എസിന്റെ ടെലഗ്രാം ഗ്രൂപ്പില്‍ പ്രചരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്‌. അഫ്‌ഗാനിസ്‌ഥാനിലെ ഐ.എസ്‌. ക്യാമ്പിൽ റാഷിദിനൊപ്പം കഴിഞ്ഞിരുന്ന ഭാര്യ ആയിഷ (28), മകള്‍ സാറാ (മൂന്ന്‌), എന്നിവരെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടില്ല. ബോംബാക്രമണത്തില്‍ ഇവരും കൊല്ലപ്പെട്ടതായി സംശയിക്കുന്നു.

കാസര്‍ഗോഡ്‌ തൃക്കരിപ്പൂര്‍ ഉടമ്പുംതല സ്വദേശിയായ റാഷിദ്‌ അബ്‌ദുള്ള ബി.ടെക്‌ ബിരുദധാരിയാണ്‌. എറണാകുളം ജില്ലയിലെ എന്‍ജിനീയറിങ്‌ കോളജ്‌ പഠനകാലത്താണ്‌ ഇയാള്‍ കോളജിലെ ജൂനിയര്‍ വിദ്യാര്‍ഥിനിയായിരുന്ന സോണിയ സെബാസ്‌റ്റ്യനെ പരിചയപ്പെടുന്നത്‌. ബഹ്‌റൈനില്‍ ബഹുരാഷ്‌ട്ര കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്‌ഥരായ കൊച്ചി വൈറ്റില സ്വദേശികളായ ദമ്പതികളുടെ മകളാണ്‌ സോണിയ. ഇന്റര്‍കോളജ്‌ മത്സരങ്ങളില്‍ വിവിധയിനങ്ങളില്‍ സമ്മാനര്‍ഹയായ സോണിയയുമായുള്ള റാഷീദിന്റെ പരിചയം പ്രണയമായി വളര്‍ന്നു.

എന്‍ജിനീയറിങ്‌ ബിരുദത്തിനുശേഷം ബംഗളൂരുവില്‍ ക്രൈസ്‌റ്റ്‌ യൂണിവേഴ്‌സിറ്റിയില്‍നിന്ന്‌ എം.ബി.എ. ബിരുദം നേടിയ സോണിയ വീട്ടുകാരുടെ എതിര്‍പ്പ്‌ മറികടന്ന്‌ റാഷിദിനെ വിവാഹം കഴിച്ചു. അയിഷാ എന്ന പേരില്‍ ഇസ്ലാം മതം സ്വീകരിച്ച സോണിയ പിന്നീട്‌ വീട്ടുകാരില്‍നിന്ന്‌ ഒറ്റപ്പെട്ട നിലയിലായിരുന്നു. 2016 മേയ്‌ മാസത്തിലാണ്‌ റാഷിദും ഭാര്യയും 21 പേരോടൊപ്പം യു.എ.ഇ. വഴി ബഹ്‌റൈനിലെത്തി അഫ്‌ഗാനിസ്‌ഥാനിലെ ഐ.എസ്‌. ക്യാമ്പിലെത്തുന്നത്‌. അവിടെവച്ചാണ്‌ റാഷിദ്‌ -അയിഷാ ദമ്പതികള്‍ക്ക്‌ സാറാ എന്ന മകള്‍ ജനിക്കുന്നത്‌.

ബി.ടെക്‌ പാസായശേഷം സലാഫി പ്രഭാഷകന്‍ എം.എം. അക്‌ബറിന്റെ ഉടമസ്‌ഥതയിലുള്ള കോഴിക്കോട്‌ പീസ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ടീച്ചേഴ്‌സ്‌ ട്രെയിനറായി ജോലിയില്‍ പ്രവേശിച്ച റാഷിദ്‌ മുഴുവന്‍സമയ ഐ.എസ്‌. പ്രവര്‍ത്തകനായി മാറുകയായിരുന്നു. ബീഹാര്‍ സ്വദേശിനിയായ യാസ്‌മിന്‍ അഹമ്മദ്‌ എന്ന യുവതിയുമായുള്ള പരിചയമാണ്‌ ഇയാളെ ഐ.എസിലെത്തിച്ചത്‌. യാസ്‌മിന്‍ അഹമ്മദിനെയും ഇയാള്‍ പിന്നീട്‌ വിവാഹം കഴിച്ചു. റഷീദും യാസ്‌മിനും തമ്മിലുള്ള സാമൂഹിക മാധ്യമ ബന്ധങ്ങള്‍ തിരിച്ചറിഞ്ഞ എന്‍.ഐ.എ. കാബൂളില്‍നിന്ന്‌ ഡല്‍ഹിയിലേക്ക്‌ വരുംവഴി അവരെ കഴിഞ്ഞ വര്‍ഷം അറസ്‌റ്റുചെയ്‌തു.

ഐ.എസിലേക്ക്‌ മലയാളികളെ റിക്രൂട്ട്‌ ചെയ്‌ത കേസില്‍ യാസ്‌മിനെ ഏഴു വര്‍ഷം കഠിനതടവിന്‌ എന്‍.ഐ.എ. കോടതി കഴിഞ്ഞ മാര്‍ച്ചില്‍ ശിക്ഷിച്ചിരുന്നു. റാഷിദ്‌ അബ്‌ദുള്ളയെ പിടികൂടുവാന്‍ എന്‍.ഐ.എ. ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. ഇതിനിടെയാണ്‌ ഇയാള്‍ അമേരിക്കന്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത വരുന്നത്‌. അഫ്‌ഗാനിസ്‌ഥാനിലെ ഖൊറാസാന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരെ കഴിഞ്ഞ മാസം അമേരിക്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ റാഷിദ്‌ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.

ഖൊറാസാന്‍ പ്രവിശ്യയിലെ ഐ.എസ്‌. കേന്ദ്രത്തില്‍നിന്നുള്ള ടെലഗ്രാം സന്ദേശം പിടിച്ചെടുത്ത ഇന്റര്‍പോളാണ്‌ ഇന്ത്യക്ക്‌ വിവരം കൈമാറിയത്‌. ടെലഗ്രാം സന്ദേശത്തിന്റെ ആധികാരികത എന്‍.ഐ.എ. പരിശോധിച്ചുവരികയാണ്‌. ഇതിനു മുമ്പും റാഷിദ്‌ അബ്‌ദുള്ള കൊല്ലപ്പെട്ടതായി വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും തന്റെ ശബ്‌ദസന്ദേശത്തോടെ ഇക്കാര്യം നിഷേധിച്ച്‌ റാഷിദ്‌ രംഗത്തെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഒരു മാസത്തോളമായി ഇയാളുടെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകള്‍ നിലച്ചിരിക്കുകയാണ്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button