KeralaLatest NewsArticle

നിപ്പയെന്ന മാരകരോഗം നമ്മെ ഓര്‍മ്മപ്പെടുത്തുന്നതും നമ്മള്‍ ചെയ്യേണ്ടതും

കഴിഞ്ഞ വര്‍ഷം 16 പേരുടെ ജീവന്‍ കവര്‍ന്ന നിപ്പാ എന്ന മാരകരോഗം വീണ്ടുമെത്തിയിരിക്കുന്നു. ഒരു വര്‍ഷത്തിന് ശേഷം വീണ്ടുമെത്തിയ ഈ കൊലയാളി രോഗത്തെ ഭയക്കുകയല്ല വേണ്ടത്, മറിച്ച് കരുത്തോടെ നേരിടണം. മനുഷ്യനിലേക്ക് ഈ മാരക വൈറസ് എങ്ങനെ കടന്നു കൂടിയെന്ന് ഒരു വര്‍ഷത്തിന് ഇപ്പുറവും ഉത്തരമില്ല. വേണ്ട മുന്‍ കരുതലുകളും നടപടിയും സ്വീകരിച്ചാല്‍ നിപയെ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം ഉറപ്പു നല്‍കുന്നു. എന്നാല്‍ എന്തൊക്കെയാണ് ആ മുന്‍ കരുതലുകളെന്ന് വ്യക്തമായി അറിഞ്ഞിരിക്കണം. നിപാ രോഗം ബാധിച്ചവരെ ഒറ്റപ്പെടുത്താതെ അവരില്‍ നിന്നും നിശ്ചിതമായ അകലം പാലിച്ച് ജീവിതത്തിലേക്ക് അവരെ തിരിച്ചു കൊണ്ടു വരണം. ഒപ്പം മറ്റാര്‍ക്കും ഇങ്ങനെ ഒരു രോഗം പിടിപെടാതിരിക്കാനും ശ്രദ്ധിക്കണം. അതിജീവനം പരിചയമുള്ളവരാണ് നമ്മള്‍.

nipah

ഫ്‌ളൈയിങ് ഫോക്‌സ് എന്നറിയപ്പെടുന്ന പഴംതീനി വവ്വാലുകളാണ് നിപ്പാ വാഹകര്‍. ഈ വവ്വാലുകള്‍ക്ക് രോഗ ബാധയില്ല. ഇവയുടെ ശരീരോഷ്മാവ് വര്‍ധിക്കുമ്പോളാണ് വൈറസുകള്‍ സജീവമാകുന്നത്. പഴം തീനി വവ്വാലുകള്‍ അവയുടെ ശരീര ഭാരത്തിന്റെ ഇരട്ടി ഭക്ഷണം കഴിക്കും. പറക്കാനും ശരീര താപം നിലനിര്‍ത്താനും കൂടിയ അളവില്‍ ഊര്‍ജ്ജം ആവശ്യമായതിനാലാണ് ഇങ്ങനെ തിന്നേണ്ടി വരുന്നത്. ഇവയിലധികവും രാത്രി സഞ്ചാരികളും പകല്‍ സമയങ്ങളില്‍ മരക്കൊമ്പുകളിലും കിണര്‍, ഗുഹകള്‍, പാലത്തിന്റെ അടിഭാഗം, ആള്‍ത്താമസമില്ലാത്ത കെട്ടിടങ്ങളുടെ മച്ച് തുടങ്ങിയ സുരക്ഷിത സ്ഥാനങ്ങളില്‍ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നവരും ആണ്.

lini

2018 മെയ് 5 ന് ആണ് കേരളത്തില്‍ നിപ്പ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പേരാമ്പ്രയില്‍ സൂപ്പിക്കടയില്‍ മൂസയുടെ മകന്‍ സാബിത്തായിരുന്നു ആ ഇര. രണ്ട് ആഴ്ചയ്ക്ക് ശേഷം സാബിത്തിന്റെ മൂത്ത സഹോദരനായ സാലിയും പിതാവിന്റെ സഹോദരിയായ മറിയവും പിതാവായ മൂസയും ഇതേ ലക്ഷണങ്ങളോടെ മരണമടഞ്ഞു. പേരാബ്രയില്‍ കുടുംബം പുതുതായി വാങ്ങിയ ആള്‍പ്പാര്‍പ്പില്ലാതെ കിടന്ന വീടിനോട് ചേര്‍ന്ന് വര്‍ഷങ്ങളായി ഉപയോഗിക്കാത്ത കിണര്‍ വൃത്തിയാക്കാന്‍ ശ്രമിച്ചപ്പോഴാണ് മൂസയും രണ്ടുമക്കളും പനി ബാധിച്ച് മരിച്ചത്. സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയും മരണമടഞ്ഞതോടെ സംസ്ഥാനം ഭീതിയിലായി. മേയ് 20 നു കോഴിക്കോട് മെഡിക്കല്‍ കോളെജിലെ നഴ്‌സിങ്ങ് സഹായി ആയിരുന്ന ലിനി പുതുശ്ശേരി വൈറസ് ബാധയെത്തുടര്‍ന്ന് മരണമടയുകയായിരുന്നു. രോഗം മൂലം മരണമടഞ്ഞ ആദ്യത്തെ രണ്ടു പേരെയും ചികിത്സിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ ലിനിയും അംഗമായിരുന്നു.

nipah

ആസ്‌ട്രേലിയയില്‍ നിന്ന് റിബാവരിന്‍ എന്ന പേരിലുള്ള മോണോക്ലോണല്‍ ആന്റിബോഡി മരുന്നുകള്‍ ജൂണ്‍ 2 നു കേരളത്തില്‍ എത്തിക്കുകയുണ്ടായി എങ്കിലും മരുന്ന് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള ധാരണക്കുറവുമൂലം ഡോക്റ്റര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കി. പിന്നീടാണ് അതില്‍ ധാരണയായത്. ഇതോടെ നിപ്പയെ കേരളത്തിന് പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നു. നിപ്പാ ബാധിച്ച 18 പേരിലെ രണ്ട് പേരെ ഇതോടെ രക്ഷിക്കാനായി. എന്നാല്‍ കൊലയാളി രോഗം കൊണ്ടുപോയ 16 പേരെ ഓര്‍ത്ത് കേരളം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിയിരുന്നു. വവ്വാല്‍ കേന്ദ്രബിന്ദുവായതോടെ കേരളത്തിലുടനീളം മാമ്പഴം അടക്കമുള്ള പഴവിപണി കടുത്ത പ്രതിസന്ധിയിയിലായി. യുദ്ധകാല പരിതഃസ്ഥിതിയായിരുന്നു എങ്ങും. ജനങ്ങള്‍ പുറത്തിറങ്ങാന്‍ മടിച്ചു, സദാ തിരക്കേറിയ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് ചികിത്സക്കെത്താന്‍ രോഗികള്‍ മടിച്ചു. എന്നാല്‍ ഇത്തവണ ആരോഗ്യവകുപ്പിന്റെ കൃത്യമായ ഇടപെടല്‍ ആദ്യം രോഗ ബാധ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയില്‍ ഉണ്ടായതിനാല്‍ ആ ജീവന്‍ രോഗം തരണം ചെയ്തു കൊണ്ടിരിക്കുകയാണ്. രോഗം പിടിപെടാതിരിക്കാന്‍ ജനങ്ങള്‍ ജാഗരൂകരാവുക തന്നെ വേണം.

nipah

വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം മനുഷ്യശരീരത്തില്‍ ഉള്ളിലെത്തിയാല്‍ അസുഖം ഉണ്ടാകാം. അങ്ങനെയുള്ള സാഹചര്യങ്ങളെല്ലാം ഒഴിവാക്കണം. വവ്വാലുകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ നിന്നും തുറന്ന കലങ്ങളില്‍ ശേഖരിക്കുന്ന കള്ള് ഒഴിവാക്കുക. വവ്വാലുകള്‍ കടിച്ച ചാമ്പങ്ങ, പേരയ്ക്ക, മാങ്ങ തുടങ്ങിയ പഴങ്ങളും ഒഴിവാക്കുക.

രോഗലക്ഷണങ്ങള്‍ വെളിവാകാന്‍ അഞ്ചു ദിവസം മുതല്‍ 14 ദിവസം വരെയെടുക്കും. തലവേദന, പനി, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. ഒപ്പം ഛര്‍ദി, ചുമ, വയറുവേദന, ക്ഷീണം തുടങ്ങിയവയും മറ്റ് ലക്ഷണങ്ങളാണ്. രോഗം നിര്‍ണയിക്കേണ്ടത് ഇങ്ങനെയാണ്. തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും വൈറസിനെ വേര്‍തിരിച്ചെടുക്കാം. എലൈസ പരിശോധനയിലൂടെ രോഗം തിരിച്ചറിയാം.

nipah virus

നിപ്പ ഒരു ഓര്‍മ്മപ്പെടുത്തലാണ്. കൂടെ പിറപ്പുകളേയും അയല്‍വാസിയേയും അന്യമതസ്ഥനേയും അന്യ പാര്‍ട്ടിക്കാരനേയും ശത്രുക്കളായി കൊന്നു തള്ളുന്നവരും ശത്രുക്കളായി കാണുന്നവര്‍ക്കുമുള്ള ഓര്‍മ്മപ്പെടുത്തല്‍. പണത്തിനും അധികാരത്തിനും പിറകേ പോകുന്നവരും ഭയപ്പെട്ടു നിപ്പയെ. ഇത്രയേ ഉള്ളൂ മനുഷ്യന്റെ കാര്യം. മഹാവിപത്തു മൂലം മരണം വരുമെന്ന ചിന്ത വന്നതോടെ എല്ലാരും ഒന്ന് ഭയന്നു. തിരിച്ചറിവുകള്‍ നല്ലതാണ്. അത് നഷ്ടപ്പെടാതെ ഒന്നായി നിന്ന് പൊരുതി തോല്‍പ്പിക്കണം ഇത്തരം സാഹചര്യങ്ങളെ. സംസ്ഥാനവും കേന്ദ്രവും ഒറ്റക്കെട്ടായി നിന്ന് നിപ്പയെ പൊരുതി തോല്‍പ്പിക്കുക തന്നെ ചെയ്യുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button