Latest NewsArticle

ആറ് മാസം കഴിഞ്ഞിട്ടും വാര്‍ത്തകളില്‍ മായാതെ ബാലഭാസ്‌കര്‍ : ആ അകാലവിയോഗത്തിന് പിന്നില്‍ കറുത്ത കരങ്ങളോ?

ഐ.എം.ദാസ്

കേരളത്തെയാകെ കണ്ണീരണിയിച്ചാണ് വയലിനിസ്റ്റ് ബാലഭാസ്‌കര്‍ വിടവാങ്ങിയത്. ഇക്കഴിഞ്ഞ സെപ്തംബര്‍ 25 ന് തൃശൂര്‍് വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതതിന് ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുകയായിരുന്നു. മകള്‍ അപ്പോള്‍ തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ബാലുവിനെയും ഭാര്യ ലക്ഷ്മിയേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സക്കിടെ ആരോഗ്യനില പുരോഗമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടിനിടെയായിരുന്നു ഒക്ടോബര്‍ രണ്ടിന് ഇടിവെട്ടുപോലെ ബാലഭാസ്‌ക്കറും വിട വാങ്ങിയ വാര്‍ത്ത എത്തിയത്. ഒരു സ്വാഭാവിക അപകടത്തിനപ്പുറം മലയാളി അധികം പ്രാധാന്യം കൊടുക്കാതിരുന്ന കാര്‍ അപകടത്തെക്കുറിച്ച് ആദ്യം സംശയം ഉന്നയിച്ചത് ബാലുവിന്റെ പിതാവ് കെ സി ഉണ്ണിയായിരുന്നു. മകന്റെ മരണത്തില്‍ മനസ് തകര്‍ന്ന ഒരു പിതാവിന്റെ വാക്കുകള്‍ എന്ന നിലയില്‍ കേരളം കേട്ടുപോയ ആ ആരോപണം എത്രമാത്രം ശക്തമായിരുന്നു എന്ന് തെളിയിക്കുകയാണ് പിന്നാലെ നടക്കുന്ന ഓരോരോ സംഭവങ്ങളും.

കാര്‍ ഓടിച്ചത് ബാലഭാസ്‌ക്കറോ അര്‍ജുനോ

കാര്‍ ഓടിച്ചിരുന്നത് താനല്ല ബാലഭാസ്‌കര്‍ തന്നെയായിരുന്നെന്നാണ് സുഹൃത്തും ഡ്രൈവറുമായ അര്‍ജുന്‍ വ്യക്തമാക്കി. ഡ്രൈവര്‍ എന്ന നിലയിലുള്ള ബാലുവിന്റെ അനുഭവക്കുറവും രാത്രിയാത്രയുടെ ക്ഷീണവുമാകാം അപകടത്തിന് കാരണമായതെന്ന് അനുമാനിക്കപ്പെട്ടപ്പോള്‍ ബോധം തെളിഞ്ഞ ലക്ഷ്മി വ്യക്തമാക്കിയത് മറ്റൊന്നായിരുന്നു. ബാലു പിന്‍സീറ്റില്‍ ഉറങ്ങുകയായിരുന്നെന്നും താനും മകളും മുന്‍ സീറ്റിലായിരുന്നെന്നുമാണ് ലക്ഷ്മിയുടെ മൊഴി. അപ്പോഴാണ് ആദ്യമായി സംഭവത്തില്‍ ദുരൂഹത തലപൊക്കിത്തുടങ്ങിയത്. ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ദൂരുഹത ഉണ്ടെന്ന് ആരോപിച്ച് പിതാവ് സികെ ഉണ്ണി, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. ബാലുവിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും പരസ്പര വിരുദ്ധമായ മൊഴികള്‍ പരിശോധിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രൈവര്‍ അര്‍ജുന്‍ രണ്ട് ക്രിമിനല്‍ കേസേുകളിലെ പ്രതിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്

സ്വര്‍ണക്കടത്തിലെ പ്രതികളുടെ പങ്കെന്താണ്

അതേസമയം ബാലഭാസ്‌ക്കറിന്റെ പ്രോഗ്രാം മാനേജര്‍ പ്രകാശ് തമ്പി അറസ്റ്റിലായതിന് പിന്നാലെ കേസ് നിര്‍ണായകവഴിത്തിരിവിലെത്തി നില്‍ക്കുകയാണ്. ബാലുവിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടോയെന്ന സംശയത്തില്‍ അന്വേഷണം തുടങ്ങി. കേസിലെ മറ്റൊരു പ്രതിയായ വിഷ്ണുവും ബാലഭാസ്‌കറിന്റെ ഫിനാന്‍സ് മാനേജരാണ്. ഇയാള്‍ ഒളിവില്‍ കഴിയുകയാണ്. ബാലഭാസ്‌കര്‍ വിദേശത്തേക്ക് പ്രോഗ്രാമുകള്‍ക്ക് പോയി മടങ്ങുമ്പോള്‍ ഇരുവരും ചേര്‍ന്ന് സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. ബാലഭാസ്‌ക്കറിന് പാലക്കാടുള്ള ഒരു ആയുര്‍വേദ ഡോക്ടറുടെ കുടുംബവുമായുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ക്ക് അപകടവുമായി ബന്ധമുണ്ടെന്നാണ് പിതാവ് സികെ ഉണ്ണിയുടെ മറ്റൊരു ആരോപണം. ഈ കുടുംബത്തിലെ അംഗമായിരുന്നു അപകടസമയത്ത് കാര്‍ ഓടിച്ചിരുന്ന അര്‍ജുനെന്നും പരാതിയില്‍ ആരോപിക്കുന്നു. ഈ ഡോക്ടറുമായി പ്രകാശിനും വിഷ്ണുവിനും നല്ല ബന്ധമുണ്ടെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥരും നല്‍കുന്നത്.

അര്‍ജുന്‍ സംശയനിഴലില്‍, അസ്വാഭാവികതയെന്ന് സോബി

എന്നാല്‍ ബാലഭാസ്‌ക്കര്‍ തങ്ങളുടെ കുടുംബാംഗത്തെ പോലെയായിരുന്നുവെന്നാണ് ആരോപണവിധേയനായ ഡോക്ടര്‍ രവീന്ദ്രന്‍ പറയുന്നത്. ഭാര്യ ലതയുമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് രവീന്ദ്രന്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കിയത്. തങ്ങളുമായുള്ള ബാലഭാസ്‌ക്കറിന്റെ അടുപ്പം അച്ഛനേയും ബന്ധുക്കളേയും അലോസരപ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നതെന്നും ഈ ദമ്പതികള്‍ പറയുന്നു. ഇതിനിടെ അപകടം നടന്ന സ്ഥലത്ത് അസ്വാഭാവികമായി ചിലത് ശ്രദ്ധയില്‍പ്പെട്ടുവെന്ന് അപകടം നടന്നയുടന്‍ അതുവഴി യാത്ര ചെയ്ത കലാഭവന്‍ സോബി വെളിപ്പെടുത്തിയതും ദുരൂഹതയുടെ ആക്കം കൂട്ടുന്നതായി. ഒരാള്‍ ഓടുന്നതും മറ്റൊരാള്‍ ബൈക്ക് തള്ളിക്കൊണ്ട് പോകുന്നതും കണ്ടെന്നാണ് സോബി വെളിപ്പെടുത്തിയത്. ഇക്കാര്യം ബാലുവിന്റെ സുഹൃത്ത് സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രകാശന്‍ തമ്പിയോട് പറഞ്ഞിരുന്നതായും തമ്പിയില്‍ നിന്ന് അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും സോബി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴി തെറ്റാണെന്ന് സ്ഥിരീകരിക്കുന്ന സാക്ഷിമൊഴിയുമെത്തി. കാര്‍ ഓടിച്ചിരുന്നത് ബാലു അല്ല എന്നും അര്‍ജുന്‍ തന്നെയായിരുന്നെന്നുമാണ് മൊഴി.

നീതി തേടി അച്ഛന്‍

ഒരു സ്വാഭാവിക അപകടമരണമെന്ന് കരുതിയ സംഭവം ഇത്രമാത്രം സങ്കീര്‍ണമായതോടെ സമഗ്ര അന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുകയാണ്. എന്തായാലും കേരളത്തെ കണ്ണീരണിയിച്ചാണ് ബാല ഭാസ്‌കര്‍ എന്ന യുവപ്രതിഭ കടന്നുപോയത്. ആ വിയോഗം ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയുടെ ഫലമായിരുന്നോ എന്നാണ് ഇനി അറിയേണ്ടത്. രാജന്‍ കൊലക്കേസില്‍ നീതി തേടി അലഞ്ഞ ഈച്ചരവാര്യരെപ്പോലെ ബാലുവിന്റെ പിതാവും മകന് നീതി ഉറപ്പാക്കാനുള്ള പോരാട്ടത്തിലാണ്. പക്ഷേ ആ മനുഷ്യന് അറിയുന്നതിനപ്പുറം വലിയ സൗഹൃദങ്ങളും ലോകങ്ങളുമായിരുന്നു മകന്. അതുകൊണ്ടുതന്നെ അവന ് എന്താണ് സംഭവിച്ചതെന്ന് കൃത്യമായി മനസിലാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നുമില്ല.

പറഞ്ഞുതീരാതെ ബാലു

ഒരു പരിധിവരെ ആരോപണങ്ങള്‍ക്ക് ശരിയായ ഉത്തരം നല്‍കാനുള്ള അറിവുള്ളത് ലക്ഷ്മിക്കാണ്. എന്നാല്‍ ഭര്‍ത്താവിനെയുംു മകളെയും നഷ്ടപ്പെട്ട് കഴിയുന്ന ലക്ഷ്മിയെ പുറത്തുകൊണ്ടുവരാന്‍ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. തന്റെ മാന്ത്രികസംഗീതം കൊണ്ടും നിഷ്‌കളങ്കമായ പെരുമാറ്റം കൊണ്ടും എല്ലാവരുടെയും ഹൃദയം കീഴടക്കിയ ബാലഭാസ്‌ക്കര്‍ എന്ന പ്രതിഭ ചതിക്കപ്പെടുകയായിരുന്നെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാന കൈ വരെ തിരിച്ചറിയപ്പെടണം. ആ വിയോഗത്തിന് പിന്നില്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ ആ കപടമുഖങ്ങള്‍ വെളിച്ചത്ത് എത്തട്ടെ. ഇനിയാരെയും ഇരയാക്കാന്‍ അനുവദിക്കാത്തവിധം അവര്‍ ശിക്ഷിക്കപ്പെടുകയും വേണം. മരിച്ചിട്ട് ആറ് മാസം കഴിഞ്ഞിട്ടും ബാലഭാസ്‌കര്‍ വാര്‍ത്തകളില്‍ നിറയുമ്പോള്‍ പറഞ്ഞുതീരാത്ത എന്തോ ഇനിയും അവശേഷിക്കുന്നതുപോലെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button