Latest NewsIndia

രണ്ടര വയസ്സുകാരിയുടെ കൊലപാതകം; മകൾക്ക് നീതി ലഭിക്കണം, പ്രതികളെ തൂക്കിലേറ്റണമെന്ന് അമ്മ

അലിഗഢ്: രണ്ടര വയസ്സുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തൂക്കിലേറ്റണമെന്ന ആവശ്യവുമായി കുട്ടിയുടെ അമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും അമ്മ ശില്‍പ്പ ഇക്കാര്യം ആവശ്യപ്പെട്ടു. ഉത്തര്‍പ്രദേശില്‍ അലിഗഢിലാണ് സംഭവം.

‘എന്റെ മകള്‍ക്കു നീതി ലഭിക്കണം. പ്രതികളെ തൂക്കിലേറ്റണം.’- വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു സംസാരിക്കവേ അമ്മ പറഞ്ഞു. ‘എന്റെ മകളെ കാണാതായത് മെയ് 30-ന് എന്റെ ബന്ധുവിന്റെ വീട്ടില്‍നിന്നാണ്. ഇവിടെയെല്ലാം ഞങ്ങള്‍ തിരഞ്ഞു. പക്ഷേ അവളെ കണ്ടെത്താനായില്ല. പിന്നെ മെയ് രണ്ടിനാണ് അവളെക്കുറിച്ചു ഞങ്ങളറിഞ്ഞത്.

തൂപ്പുകാരാണു ഞങ്ങള്‍ക്കു വിവരം നല്‍കിയത്. പിന്നീട് അത് അവള്‍ തന്നെയാണെന്നു ഞങ്ങള്‍ ഉറപ്പിക്കുകയായിരുന്നു. ഞങ്ങള്‍ അവളുടെ മൃതദേഹം കാണുമ്പോള്‍ അതില്‍ ഒരു കൈയില്ലായിരുന്നു. അവളുടെ കണ്ണുകള്‍ ആസിഡൊഴിച്ച് കത്തിച്ചിരുന്നു. കാലുകള്‍ ഒടിഞ്ഞിരുന്നു. എന്തിനാണ് അവര്‍ അവളോടിതു ചെയ്തതെന്നു ഞങ്ങള്‍ക്കറിയില്ല. പ്രതിയുടെ കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യണം. ഞങ്ങള്‍ക്കു നീതി വേണം.’- അമ്മ പറഞ്ഞു. പ്രതിയായ സാഹിദ് അയാളുടെ പിതാവിന്റെ ചികിത്സയ്ക്കായി പതിനായിരം രൂപ തങ്ങളുടെ കൈയില്‍ നിന്നു വാങ്ങിയിരുന്നെന്നും തിരികെ ചോദിച്ചപ്പോള്‍ നല്‍കാന്‍ വിസ്സമതിച്ചെന്നും ശില്‍പ്പ പറഞ്ഞു. അദ്ദേഹം തന്റെ പിതാവിനെ വെല്ലുവിളിച്ചതായും അവര്‍ വെളിപ്പെടുത്തി.

കേസിലെ മറ്റൊരു പ്രതിയായ അസ്‌ലത്തെക്കുറിച്ചും ഞെട്ടിക്കുന്ന വിവരങ്ങളാണു ശില്‍പ്പ പുറത്തുവിട്ടത്.
നാലുവയസ്സായ സ്വന്തം കുഞ്ഞിനോട് അസ്‌ലം ലൈംഗികാതിക്രമം നടത്തിയെന്നും അതിനുശേഷം അയാളുടെ ഭാര്യ കുട്ടിയോടൊപ്പം അവരുടെ വീട്ടിലാണു താമസിക്കുന്നതെന്നും ശില്‍പ്പ പറഞ്ഞു. തങ്ങള്‍ക്കു നീതി വേണമെന്നും കുഞ്ഞിനെ കാണാന്‍ തോന്നാത്തവിധം മോശം അവസ്ഥയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
ജൂണ്‍ രണ്ടിനാണ് രണ്ടര വയസുള്ള പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് സാഹിദ്, അസ്ലം എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.  ‘മൂന്നുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു. കൊല ചെയ്തത് മുഹമ്മദ് ജാഹിദ്, സംഭവം നടന്നത് അലിഗഢില്‍, മൃതദേഹം വെട്ടിനുറുക്കി, കണ്ണുകള്‍ ചൂഴ്ന്നെടുത്തു. ശരീരത്തില്‍ ആസിഡ് ഒഴിച്ചു. എല്ലാം റമസാന്‍ മാസത്തില്‍. എനിക്കു ലജ്ജ തോന്നുന്നു, നിങ്ങള്‍ക്കോ?’ എന്നെഴുതിയ പ്ലക്കാര്‍ഡ് ഉയര്‍ത്തിക്കാട്ടി ഒരാള്‍ നില്‍ക്കുന്ന ചിത്രത്തിനൊപ്പമുള്ള ട്വീറ്റ് 10000ത്തിലേറെ തവണയാണ് റീട്വീറ്റ് ചെയ്യപ്പെട്ടത്.

എന്നാല്‍ ഇതിലെ വാദങ്ങള്‍ പലതും തെറ്റാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. അലിഗഢ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും ഇക്കാര്യം വിശദീകരിച്ചിരുന്നു.

shortlink

Post Your Comments


Back to top button