KeralaLatest News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; ക്ഷേത്ര പരിസരത്തെ ലോഡ്ജുകളില്‍ മുറി നല്‍കുന്നതിനും നിയന്ത്രണം

ഗുരുവായൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ഗുരുവായൂര്‍ ക്ഷേത്രവും സമീപ പ്രദേശങ്ങളും കനത്ത സുരക്ഷയില്‍. സുരക്ഷ ശ്കതമാക്കുന്നതിന്റെ ഭാഗമായി ക്ഷേത്രപരിസരത്തുള്ള ലോഡ്ജുകളില്‍ ശനിയാഴ്ച രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മുറി ലഭിക്കില്ല. വെള്ളിയാഴ്ച വൈകിട്ട് മുറിയെടുക്കാന്‍ ലോഡ്ജുകളിലെത്തിയവരുടെ വിശദവിവരങ്ങളും ശേഖരിച്ചിട്ടുണ്ട്.ക്ഷേത്രനഗരം മുഴുവന്‍ പോലീസ് കാവലിലാണ് കളക്ടര്‍ ടി.വി. അനുപമ, എ.ഡി.ജി.പി. ഷെയ്ഖ് ദര്‍വേസ് സാഹിബ്, തൃശ്ശൂര്‍ ഐ.ജി. ബല്‍റാം കുമാര്‍ ഉപാധ്യായ, സിറ്റി പോലീസ് കമ്മിഷണര്‍ യതീഷ് ചന്ദ്ര തുടങ്ങിയവര്‍ ഇവിടുത്തെ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനെത്തി.

ക്ഷേത്രപരിസരത്ത് വലിയ സുരക്ഷാനിയന്ത്രണമാണൊരുക്കിയിരിക്കുന്നതെങ്കിലും പ്രധാനമന്ത്രി ക്ഷേത്രത്തിലേക്ക് പോകുന്നതും വരുന്നതും പൊതുജനങ്ങള്‍ക്ക് ദൂരെ നിന്നും കാണാം. കിഴക്കേ നടപ്പുരയില്‍ മൂന്നാമത്തെ കല്യാണമണ്ഡപത്തിനടുത്ത് കെട്ടുന്ന ബാരിക്കേഡിനടുത്തുവരെ ആളുകള്‍ക്ക് നില്‍ക്കുവാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മേല്‍പ്പുത്തൂര്‍ ഓഡിറ്റോറിയത്തിനു തെക്കുഭാഗത്തും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും.നഗരത്തിലെ എല്ലാ ഭാഗങ്ങളും സ്റ്റീലുകൊണ്ടുള്ള ബാരിക്കേഡുകള്‍ കെട്ടി പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ്. ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡിനു മുന്‍വശം വെള്ളിയാഴ്ച രാത്രി ബാരിക്കേഡ് കെട്ടി അടച്ചിരുന്നു. കഷ്ടിച്ച് ഒരു വണ്ടിക്കു മാത്രം കടന്നുപോകാനുള്ള സ്ഥലമാണ് ഇവിടെ ഒഴിച്ചിട്ടിരിക്കുന്നത്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും മുഴുവന്‍ സമയവും പരിശോധനയിലായിരുന്നു. മുന്നൂറോളം ഡിവൈ.എസ്.പി.മാരും സി.ഐ.മാരുമടക്കം ആയിരത്തഞ്ഞൂറിലേറെ പോലീസുകാരാണ് പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് നിയോഗിച്ചിട്ടുള്ളത്.

പ്രധാനമന്ത്രിയുടെ ദര്‍ശനം സുഗമമാക്കുന്നതിനുള്ള വിപുലമായ സൗകര്യങ്ങള്‍ ദേവസ്വം ഏര്‍പ്പെടുത്തിയതായി ചെയര്‍മാന്‍ കെ.ബി. മോഹന്‍ദാസ് അറിയിച്ചു. ദേവസ്വത്തിന്റെ ക്രമീകരണങ്ങള്‍ വിലയിരുത്താനായി ദേവസ്വം കമ്മിഷണര്‍ പി. വേണുഗോപാല്‍ ഇന്നലെ ഗുരുവായൂരിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button