KeralaLatest News

ആ കുഞ്ഞ് ഓരോ ദിവസവും, പിന്നീട് വളര്‍ന്നപ്പോളും അനുഭവിച്ച അനാഥത്വം എത്രയെന്ന് ആര്‍ക്കാണ് അറിയുക; ബാലഭാസ്‌കറിനെ കുറിച്ച് നോവുണര്‍ത്തുന്ന ഒരു കുറിപ്പ്

ബാലുവിന്റെ ബന്ധു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ചെയ്ത കുറിപ്പിലെ അധികമാരും ശ്രദ്ധിക്കാത്ത വരികളെ കടമെടുത്താണ് മാധ്യമ പ്രവര്‍ത്തകയുടെ കുറിപ്പ്.

പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ദുരൂഹതകള്‍ വര്‍ധിക്കുമ്പോള്‍ വ്യത്യസ്തമായൊരു കുറിപ്പുമായി മാധ്യമപ്രവര്‍ത്തക. ബാലുവിന്റെ ബന്ധു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ ചെയ്ത കുറിപ്പിലെ അധികമാരും ശ്രദ്ധിക്കാത്ത വരികളെ കടമെടുത്താണ് മാധ്യമ പ്രവര്‍ത്തക രമ്യ ബിനോയിയുടെ കുറിപ്പ്. ”കുടുംബാംഗമായ പെണ്‍കുട്ടി പുറത്തുവിട്ട വിവരങ്ങളുടെ പേരില്‍ ഇരുപക്ഷത്തു നിന്നും പോരടിക്കുന്നവര്‍. എനിക്ക് ദുഖം ബാലുവിനെ ഓര്‍ത്തു മാത്രമാണ്. കാരണം, വരികള്‍ക്കിടയിലൂടെ ആ പെണ്‍കുട്ടി വളരെ നിസാരമെന്ന മട്ടില്‍ പറഞ്ഞുവച്ച ഒരു കാര്യമുണ്ട്. ജീവിക്കാനുള്ള നെട്ടോട്ടങ്ങള്‍ക്കിടയില്‍ അച്ഛനും അമ്മയും അവനെ അമ്മമ്മയെയും അമ്മാവനെയും ഏല്പിച്ചുവെന്ന്. ബാലുവിന് അത് ഒരിക്കലും പൊറുക്കാനായില്ലെന്ന്.

എത്ര നിസാരം അല്ലേ… തറവാട്ടില്‍ രാജാവിനെ പോലെ മുത്തശ്ശിയുടെയും അമ്മാവന്മാരുടെയും സ്‌നേഹലാളനകളില്‍ വളരുന്നതിന്റെ ആഹ്ലാദചിത്രം മാത്രമേ എല്ലാവരും ആലോചിക്കുന്നുള്ളു. ആ കുഞ്ഞ് ഓരോ ദിവസവും, പിന്നീട് വളര്‍ന്നപ്പോളും അനുഭവിച്ച അനാഥത്വം എത്രയെന്ന് ആര്‍ക്കാണ് അറിയുക…” എന്ന് രമ്യ ചോദിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

“നിങ്ങളെന്തിനാണ് ആ കുരുന്നിനെ മരുഭൂമിയിൽ നിർത്തുന്നത്…

ബാലഭാസ്കറിന്റെ മരണത്തെ ചൊല്ലി വിവാദം കത്തിപ്പടരുകയാണ്. കുടുംബാംഗമായ പെൺകുട്ടി പുറത്തുവിട്ട വിവരങ്ങളുടെ പേരിൽ ഇരുപക്ഷത്തു നിന്നും പോരടിക്കുന്നവർ. എനിക്ക് ദുഖം ബാലുവിനെ ഓർത്തു മാത്രമാണ്. കാരണം, വരികൾക്കിടയിലൂടെ ആ പെൺകുട്ടി വളരെ നിസാരമെന്ന മട്ടിൽ പറഞ്ഞുവച്ച ഒരു കാര്യമുണ്ട്. ജീവിക്കാനുള്ള നെട്ടോട്ടങ്ങൾക്കിടയിൽ അച്ഛനും അമ്മയും അവനെ അമ്മമ്മയെയും അമ്മാവനെയും ഏല്പിച്ചുവെന്ന്. ബാലുവിന് അത് ഒരിക്കലും പൊറുക്കാനായില്ലെന്ന്.
എത്ര നിസാരം അല്ലേ… തറവാട്ടിൽ രാജാവിനെ പോലെ മുത്തശ്ശിയുടെയും അമ്മാവന്മാരുടെയും സ്നേഹലാളനകളിൽ വളരുന്നതിന്റെ ആഹ്ലാദചിത്രം മാത്രമേ എല്ലാവരും ആലോചിക്കുന്നുള്ളു. ആ കുഞ്ഞ് ഓരോ ദിവസവും, പിന്നീട് വളർന്നപ്പോളും അനുഭവിച്ച അനാഥത്വം എത്രയെന്ന് ആർക്കാണ് അറിയുക…
അച്ഛനമ്മമാർക്കു സാമ്പത്തികമായി ബുദ്ധിമുട്ടുള്ളതിനാൽ, ജോലിയുടെ ഭാഗമായുള്ള ബുദ്ധിമുട്ട് നിമിത്തം കൂടെ നിർത്തി വളർത്താൻ കഴിയാത്തതിനാൽ, അസുഖക്കാരൻ കുട്ടിയെ അപ്പൂപ്പനും അമ്മൂമ്മയും ഏറ്റെടുത്തതിനാൽ, അസുഖക്കാരായ സഹോദരങ്ങൾക്കു വേണ്ടി ഒഴിവാകേണ്ടിവന്നതിനാൽ… അങ്ങനെയങ്ങനെ ഒരു നൂറു കാരണങ്ങളാൽ കുടുംബമെന്ന സ്നേഹക്കൂട് ഉപേക്ഷിക്കേണ്ടി വന്ന കുട്ടികളുണ്ടാകും. അവരുടെയെല്ലാം ഉള്ളിലൊരു ഗംഗയുണ്ട്. ഓർമയില്ലേ, കൽക്കട്ടയിൽ ജോലിക്കു പോയ അച്ഛനെയും അമ്മയെയും കാത്തിരുന്ന കുഞ്ഞുഗംഗയെ. വിഷാദം പിന്നീട് മനോദൌർബല്യത്തിലേക്കു നീങ്ങിയ ഗംഗയെ. ഒടുവിൽ സ്വന്തം സ്വത്വം പോലും നാഗവല്ലിയെന്ന പഴങ്കഥാനായികയ്ക്കു സമർപ്പിച്ചവളെ… അതുപോലെയൊരു തീവ്രവിഷാദം ഇത്തരത്തിൽ വളരുന്ന ഓരോ കുഞ്ഞും ഉള്ളിൽ ഒളിപ്പിക്കുന്നുണ്ട്.
ഈ കുഞ്ഞുങ്ങളിൽ നല്ലൊരു ശതമാനത്തിന്റെയും ഹൃദയത്തിന് അഞ്ചാമത് ഒരറയുണ്ട്. ശൂന്യമായ ഒരറ. അതിനുള്ളിൽ നിന്ന് നൂറു കണക്കിന് ധമനികൾ പുറത്തേക്കു പോകുന്നുണ്ടാകും. ജലരാശി തേടി പടരുന്ന വേരുപടലം പോലെ അവ സ്നേഹം തേടിക്കൊണ്ടേയിരിക്കും. അതു കണ്ടെത്തിയാലും പിന്നെയും ചില വിഷാദങ്ങൾ ബാക്കിയാകുകയും ചെയ്യും. (കണ്ണുനീരിനെ പ്രസാദമധുരമായ ജീവിതമാക്കി മാറ്റാൻ കഴിയുന്ന അസാധാരണ വ്യക്തിത്വങ്ങളുണ്ടെന്നതു മറക്കുന്നില്ല.)
നിങ്ങൾക്കത്തരമൊരു സുഹൃത്തോ, കാമുകനോ, പങ്കാളിയോ ഉണ്ടെങ്കിൽ, അയാളെ മനസ്സിലാക്കാൻ നിങ്ങൾ ശ്രമം നടത്തിയിട്ടുണ്ടെങ്കിൽ അറിയാം അയാളുടെ ഉള്ളിൽ മരുപ്പച്ചകളില്ലാത്ത ഒരു മരുഭൂമിയുണ്ടെന്ന്; എത്രയേറെ നട്ടുനനച്ചാലാണ് അതിലല്പം പച്ചപ്പ് പൊടിക്കുകയെന്ന്. അവർ അച്ഛനമ്മമാരോടോ, അവർ നിർലോഭം വിളമ്പുന്ന സ്നേഹം തൊട്ടുകൂട്ടി ജീവിക്കുന്നവരോടോ കലഹിക്കുന്നുണ്ടാവില്ല. പക്ഷേ അവന്റെ ഉള്ളിലിരുന്ന് ഒരു മൂന്നു വയസ്സുകാരൻ, കുടുംബമെന്ന പറുദീസാ നഷ്ടത്തിന്റെ ഓർമയിൽ നിസ്സഹായനായി നിലവിളിക്കുന്നുണ്ടാകും.
അവരിൽ പലരും സ്നേഹത്തോട് ഒരുതരം ആർത്തി ഉള്ളവരാണ്. സ്നേഹവും കരുതലും എത്ര കിട്ടിയാലും പോരാ, പോരാ എന്ന പരിഭവം ബാക്കിയാക്കുന്നവർ. വച്ചുനീട്ടുന്നത് സ്നേഹമെന്ന തങ്കക്കട്ടിയോ, ഭ്രമമെന്ന കാക്കപ്പൊന്നോ എന്ന് തിരിച്ചറിയാൻ കഴിയാത്തവർ. (കുടുംബത്തിന്റെ പുറത്ത് സ്നേഹവും വിശ്വാസവും ബാലു ഇൻവെസ്റ്റ് ചെയ്തുവെന്ന പരിഭവം ഇതിനോടു ചേർത്തു വായിക്കൂ). തിരിച്ചടികളിൽ ഉടഞ്ഞുതകർന്നു പോകുന്നവർ. ഇനി ഞാൻ പാടില്ല, പേന തൊടില്ല, ചിലങ്ക ഉപേക്ഷിക്കും എന്നൊക്കെ അവർ പറഞ്ഞുകളയും. കാരണം, അവർക്ക് അവരുടേതന്നു കരുതി ഉപേക്ഷിച്ചുകളയാൻ അത്രയൊക്കെയേ ഉള്ളൂ.
തീരെ ഒഴിച്ചു കൂട്ടാനാകാത്ത ഒരു സാഹചര്യത്തിൽ, എന്റെ ചേച്ചിക്ക് പ്രസവിച്ച് ആറു മാസം മാത്രമായ കുഞ്ഞിനെ നാട്ടിൽ നിർത്തി ന്യൂസീലൻഡിലെ ജോലിസ്ഥലത്തേക്കു മടങ്ങേണ്ടി വന്നു. രണ്ടു മാസം തികയും മുൻപ് നാലു ദിവസം മാത്രം ലീവെടുത്ത് അവൾ ഓടിയെത്തി കുഞ്ഞിനെയുമായി മടങ്ങി. ഓർമ്മ പോലുമില്ലാത്ത പ്രായത്തിലാണെങ്കിലും ആ അകൽച്ച കുഞ്ഞിൽ മുറിവുണ്ടാക്കാതിരിക്കാൻ ചേട്ടനും ചേച്ചിയും അവളെ ഹൃദയത്തോട് അല്പ്പം കൂടുതൽ ചേർത്തുനിർത്തുന്നു. അത്രയും മതി, ഇത്തിരി കൂടുതൽ കരുതൽ, സ്നേഹത്തിന്റെ ഒരു പൊട്ടു കൂടുതൽ കൊടുത്താൽ മതി.
കുഞ്ഞുങ്ങളെ മാതാപിതാക്കളെ ഏല്പിച്ച് പോകേണ്ടി വരുന്ന ഓരോ അച്ഛനമ്മമാരും അതൊന്നു മനസ്സിൽ കരുതിവയ്ക്കൂ. തറവാട്ടിൽ രാജകുമാരനോ രാജകുമാരിയോ ആയി ജീവിക്കുമ്പോളും അനാഥത്വത്തിന്റെ ഒരു പെടുമരവിത്ത് അവരിൽ വീണിട്ടുണ്ടാകുമെന്ന്. അത് നാമ്പെടുത്ത് വളരാതിരിക്കണമെങ്കിൽ നമ്മുടെ സ്നേഹം അവരിലേക്ക് മഴ പോലെ പെയ്ത് പുഴ പോലെ നിറയണമെന്ന്. അവധി കിട്ടുമ്പോൾ അവരുടെ അടുത്തേക്ക് ഓടിയെത്തുക, ഒരായിരം വട്ടം കെട്ടിപ്പിടിക്കുക, ഉണരുമ്പോളും ഉറങ്ങുമ്പോഴുമെന്നല്ല പറ്റുമ്പോഴൊക്കെ അവരെ ഉമ്മ വയ്ക്കുക. ഒരായിരം ചെല്ലപ്പേരുകൾ അവർക്കു മാത്രമായി കണ്ടെത്തുക. ഓരോ ഫോൺ വിളിയിലും പഠന നിർദേശങ്ങളും ഉപദേശങ്ങളും കൊടുക്കുന്നതിനൊപ്പം “ഞങ്ങളുണ്ട് കൂടെ” എന്ന് ഓർമിപ്പിച്ചു കൊണ്ടേയിരിക്കുക. ജീവിതം മുഴുവൻ പിടിച്ചു നടക്കാനായി ഒരു ചൂണ്ടുവിരൽ ഒഴിച്ചിട്ടേക്കുക.
അല്ലെങ്കിൽ ആ കുഞ്ഞുങ്ങൾ എന്നോ നഷ്ടമായ സ്നേഹലാളനകളുടെ ഓർമയിൽ, സ്വാസ്ഥ്യമില്ലാതെ ഒരു ജന്മം മുഴുവൻ അലഞ്ഞുതിരിയുക തന്നെ ചെയ്യും…

https://www.facebook.com/photo.php?fbid=10218040977191950&set=a.10203424994761524&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button