Latest NewsKerala

അപകടത്തില്‍പ്പെട്ടവര്‍ക്ക് ചെയ്യേണ്ട അടിയന്തിര കാര്യങ്ങളെ കുറിച്ച് ഡോ. ഷിംനയുടെ കുറിപ്പ്

അപകടമരണങ്ങളില്‍ പൊലിയുന്ന ജീവനുകള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. ഏറ്റവുമൊടുവില്‍ പാലക്കാട് ആംബുലന്‍സില്‍ ലോറിയിടിച്ച് എട്ടുപേര്‍ മരിച്ചതിന്റെ നടുങ്ങലിലാണ് സംസ്ഥാനം. അപകടം പറ്റിയ രോഗികളോട് എങ്ങനെ പെരുമാറണമെന്ന വിശദമായ കുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്.

അപകടം പറ്റിയ രോഗികള്‍ക്ക്, പ്രത്യേകിച്ച് വായയുടെ ഭാഗത്ത് പരിക്കേറ്റവര്‍ക്കും ബോധം നഷ്ടപ്പെട്ടവര്‍ക്കും ഒരുകാരണവശാലും വെള്ളം കൊടുക്കാന്‍ ശ്രമിക്കരുതെന്ന് ഡോ. ഷിംന പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

വാഹനാപകടങ്ങൾ എങ്ങനെയും സംഭവിക്കാം, ആർക്കും സംഭവിക്കാം. നാളെ ഞാനോ നിങ്ങളോ നമുക്ക്‌ പ്രിയപ്പെട്ടൊരാളോ പോലും ചെന്ന്‌ വീഴാവുന്ന വാഹനാപകട രക്ഷാപ്രവർത്തന വ്യവസ്‌ഥിതിയിലെ ഗർത്തങ്ങൾ കുറച്ചൊന്നുമല്ല ഭയം ചൊരിയുന്നത്‌. എങ്ങനെയും പ്രതിരോധിക്കണം എന്നതിൽ സംശയമേതുമില്ല. പക്ഷേ, എങ്ങനെയാവണം പ്രതിരോധം? എന്താവണം പ്രതിരോധം? എന്താവണം പ്രതിവിധി?

*റോഡ്‌ അപകടങ്ങൾ എണ്ണത്തിൽ കുറയുകയും അപകടമരണങ്ങൾ കൂടുകയുമാണ്‌ എന്നാണ്‌ പുതിയ റിപ്പോർട്ടുകൾ. റോഡിന്റെ ശോചനീയാവസ്‌ഥ, മദ്യം, റോഡ്‌ നിയമങ്ങൾ പാലിക്കാത്തത്‌, വാഹനത്തിന്റെ അറ്റകുറ്റപ്പണി കൃത്യസമയത്ത്‌ ചെയ്യാത്തത്‌ തുടങ്ങിയ അസംഖ്യം കാരണങ്ങൾ. ഇവിടെയല്ലേ ആദ്യപ്രതിരോധം തുടങ്ങേണ്ടത്‌? പിഴയൊടുക്കി തലയൂരുന്നതിന്‌ പരിധികളുണ്ടാകേണ്ടതല്ലേ? ലൈസൻസ്‌ ക്യാൻസൽ ചെയ്യുന്നതുൾപ്പെടെ ശക്‌തമായ നടപടികൾ ഉണ്ടാകണം. ട്രാഫിക്‌ മര്യാദകൾ വ്യാപകമായി ബോധവൽക്കരിക്കണം. ഇടത്‌ വശത്ത്‌ കൂടി ഓവർടേക്ക്‌ ചെയ്യുന്നവൻ പഠിക്കേണ്ടത്‌ തലയും കുത്തി റോഡിൽ വീഴുമ്പോഴല്ല. ആ അവസ്‌ഥയിൽ പണി പഠിക്കാൻ അവർ തിരിച്ചു വരുമെന്ന്‌ യാതൊരു ഗ്യാരന്റിയുമില്ല.

*രക്ഷാപ്രവർത്തനത്തിൽ ഒരു സംഭാവനയും നൽകാനില്ലാതെ കാഴ്‌ച കാണാനും, മൊബൈലിൽ പടം പിടിക്കാനും കമന്റ്‌ പറയാനും ദൃക്‌സാക്ഷി വിവരം നടത്താൻ ഫസ്‌റ്റ്‌ ഹാന്റ്‌ ഇൻഫർമേഷൻ നൽകാനുമൊന്നും ആരെയും ആവശ്യമില്ല. ഒരപകടം നടന്ന്‌ കഴിഞ്ഞാൽ രക്ഷാപ്രവർത്തകർക്കോ ആംബുലൻസിനോ ഫയർഫോഴ്‌സിനോ പോലീസിനോ വരാൻ സാധിക്കാത്ത വിധം ബ്ലോക്കുണ്ടാക്കുകയല്ല, കഴിയുന്നത്ര അവിടെ നിന്ന്‌ മാറി നിന്ന്‌ ഉള്ള സ്‌പേസ്‌ ശാസ്‌ത്രീയമായി ഉപയോഗിച്ച്‌ ജീവൻ രക്ഷിക്കാൻ അതിന്‌ കഴിവും അറിവുമുള്ളവരെ സഹായിക്കുകയാണ്‌ വേണ്ടത്‌. പണി അറിയാത്തവർ മാറി നിൽക്കുക. പണി കൊടുക്കരുത്‌.

*അപകടസ്‌ഥലത്ത്‌ നൽകേണ്ട ശ്രദ്ധ നൽകേണ്ടത്‌ ട്രോമ കെയർ ടീമാണ്‌. എത്ര ആംബുലൻസുകളിൽ ഇവരുടെ സേവനം ലഭ്യമാണ്? ”ജോലിയൊന്നുമായില്ലേ”എന്ന്‌ നിലവിളിച്ചു നടക്കുന്ന എത്രയോ അഭ്യസ്‌ഥവിദ്യരായ ചെറുപ്പക്കാർ നമുക്കുണ്ട്‌. അവരുടെ സേവനസന്നദ്ധതയും ഊർജവും അവർക്ക്‌ വരുമാനമായും സേവനമായും മാറ്റാവുന്ന നല്ലൊരിടമാണ്‌ ട്രോമ കെയർ. ഇവരെ പരിശീലിപ്പിച്ചെടുക്കാൻ വേണ്ടത്ര ഡോക്ടർമാർ നമുക്കുണ്ട്‌.

* രോഗിയെ ആംബുലൻസിലേക്ക്‌ എടുത്തു വെച്ചാൽ ഉടൻ ”എങ്ങോട്ട്‌ പോകും” എന്ന്‌ തീരുമാനിക്കേണ്ടത്‌ ഒരു കേന്ദ്രീകൃത വ്യവസ്‌ഥയാകണം എന്ന്‌ ഓരോ അപകടത്തിന്‌ ശേഷവും നമ്മൾ ചർച്ച ചെയ്യും. എവിടെ വെന്റിലേറ്ററുണ്ട്‌, സ്‌റ്റാഫുണ്ട്‌ എന്നതെല്ലാം കൃത്യമായി അറിയാനുള്ള സംവിധാനം ഉണ്ടാക്കാൻ ഈ ഡിജിറ്റൽ കാലത്ത്‌ പെടാപ്പാട്‌ പെടണമെന്ന്‌ തോന്നുന്നില്ല. ഒരു പക്ഷേ, ഇനിയും വൈകുന്നത്‌ പത്രത്തിൽ നാളെ അപകടമരണമെന്ന തലക്കെട്ടിന്‌ കീഴേ ആരുടെ ഫോട്ടോ വരും എന്നൊരു ആശങ്ക മാത്രമാണ്‌ ജനിപ്പിക്കുന്നത്‌.

*ഏത്‌ അപകടസ്‌ഥലത്തും രക്ഷാപ്രവർത്തനം തുടങ്ങും മുൻപ് സ്വന്തം സുരക്ഷയുടെ കാര്യം കൂടെ ഒന്നോർക്കണം. ഒരു പരിചയവും ധാരണയുമില്ലാത്ത സാഹചര്യത്തിലേക്ക് എടുത്ത് ചാടി അപകടത്തിൽ പെട്ട ആളുടെ ജീവൻ കിട്ടാൻ നോക്കി രക്ഷാപ്രവർത്തകൻ മയ്യത്താകരുത്‌. ഇത്‌ രക്ഷാപ്രവർത്തനം നടത്താൻ വരുന്ന ഫയർഫോഴ്സിനും മറ്റും അവരുടെ ജോലി കൂടുതൽ സങ്കീർണ്ണമാവുകയും ചെയ്യും.

*അപകടം കണ്ടാലുടനെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക്‌ വിളിച്ച്‌ ആംബുലൻസ്‌ ആവശ്യപ്പെടുക. പരുക്കേറ്റയാളുടെ ചുറ്റുപാട്‌, അയാളുടെ കിടപ്പ്‌ എന്നിവയെല്ലാം ശ്രദ്ധിക്കുക. റോഡിൽ കിടക്കുന്ന ആളെ പെട്ടെന്ന് പിടിച്ച്‌ എഴുന്നേൽപിക്കരുത്‌, കഴുത്തു പോലുമുയർത്തരുത്‌. സ്‌പൈനൽ കോർഡിന്‌ വരുന്ന കുഞ്ഞുഡാമേജ്‌ പോലും അയാളെ സ്‌ഥിരമായി കട്ടിലിലാക്കാം. എന്തിന്റെയെങ്കിലും അടിയിൽ പെട്ട് കിടക്കുന്ന ആളെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനു പകരം മുകളിൽ മറിഞ്ഞു കിടക്കുന്ന വസ്തുക്കൾ സൂക്ഷ്മതയോടെ ഉയർത്തി മാറ്റാൻ പറ്റുമോ എന്ന് ആദ്യം ശ്രമിക്കണം.

*ആശുപത്രിയിലേക്ക്‌ പോകാനുള്ള വാഹനമെത്തിയതിന്‌ ശേഷം രോഗിയുടെ കഴുത്തുൾപ്പെടെ തല ഒരാൾ അനക്കമേൽക്കാതെ പിടിക്കണം. ആവശ്യത്തിന്‌ രക്ഷാപ്രവർത്തകർ ഉണ്ടെങ്കിൽ, രോഗിയുടെ മുതുകിന്‌ ഇരുവശവും, തുടകൾക്കിരുവശവും മുട്ടിന്‌ കീഴിൽ ചേർത്ത്‌ പിടിക്കാനൊരാളും എന്ന രീതിയിൽ രോഗിയെ വാഹനത്തിലേക്ക്‌ മാറ്റാം. ശ്രദ്ധിക്കേണ്ടത്‌ കഴുത്ത്‌ മുതൽ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാൻ. കിടത്തി തന്നെ കൊണ്ടു പോവണം. ഓട്ടോ റിക്ഷയിൽ രോഗിയെ ബലമായി പിടിച്ചിരുത്തി പിന്നേം നാലാള്‌ കയറി വാഗൺ ട്രാജഡി പരുവത്തിൽ ആശുപത്രിയിലേക്ക്‌ പോകരുത്‌. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക്‌ ഒന്ന്‌ വിളിച്ച്‌ പറയുക കൂടി ചെയ്‌താൽ അവർക്ക്‌ മുൻകൂട്ടി തയ്യാറായിരിക്കാൻ സാധിക്കും. ആശുപത്രികളുടെ ഫോൺ നമ്പറുകളുടെ കമനീയശേഖരം തന്നെ ഗൂഗിൾ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്‌.

*രോഗിയുടെ ദേഹത്ത്‌ തുറന്ന മുറിവുണ്ടെങ്കിൽ ഒരു വലിയ തുണി മടക്കി അതിൻമേൽ വെച്ച്‌ മറ്റൊരു തുണി കൊണ്ട്‌ വലിയ മുറുക്കമില്ലാതെ കെട്ടാം. വണ്ടിക്കകത്ത്‌ അകപ്പെട്ട രീതിയിലാണ്‌ രോഗിയെങ്കിൽ വണ്ടി വെട്ടിപ്പൊളിക്കാൻ ഫയർഫോഴ്‌സിനെയോ മറ്റ്‌ ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ്‌ ആദ്യം വേണ്ടത്‌. ഇത്‌ നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും സാധ്യമല്ല എന്നത്‌ കൊണ്ട്‌ തന്നെ വാഹനത്തിനകത്ത്‌ കുടുങ്ങിയ രോഗിയെ രക്ഷിക്കാൻ ശ്രമിക്കുമ്പോൾ രോഗിക്കോ സ്വയമോ പരിക്ക്‌ പറ്റിക്കൂടാ… ശ്രദ്ധിക്കണം.

*സംഗതി ഇങ്ങനെയൊക്കെ റിസ്‌കാണെങ്കിലും ഒരു ജീവനാണ്‌. റോഡിൽ കാണാത്ത മട്ടിൽ കളഞ്ഞിട്ട്‌ പോകരുതേ… ആർക്കും ഒരു ഗ്യാരന്റിയുമില്ല. നാളെ നമുക്കും ഈ ഗതി വന്നു കൂടെന്നില്ലല്ലോ. നിർബന്ധമായും ഇത്തരം സന്ദർഭങ്ങൾ കൈകാര്യം ചെയ്യുന്ന രീതികളും പ്രാഥമികശുശ്രൂഷകളെക്കുറിച്ചും പഠിച്ച് മനസ്സിലാക്കി വക്കുക. ഇത്തരം കുഞ്ഞറിവുകൾ നേടിയാൽ നമ്മുടെയൊക്കെ ചെറിയ ജീവിതം കൊണ്ട് ഒത്തിരി വലിയ കാര്യങ്ങൾ ചെയ്യാനാവും.

*അപകടം പറ്റിയ രോഗികൾക്ക്‌, പ്രത്യേകിച്ച്‌ വായയുടെ ഭാഗത്ത്‌ പരിക്കേറ്റവർക്കും ബോധം നഷ്‌ടപ്പെട്ടവർക്കും ഒരുകാരണവശാലും വെള്ളം കൊടുക്കാൻ ശ്രമിക്കരുത്‌. വെള്ളം നേരെ ശ്വാസകോശത്തിൽ പ്രവേശിച്ച്‌ ശ്വാസതടസമുണ്ടായി രോഗി മരണപ്പെടാം. മാത്രമല്ല, വെള്ളമോ ഭക്ഷണമോ ആ സമയത്ത്‌ കൊടുക്കുന്നത്‌ അടിയന്തിര ശസ്‌ത്രക്രിയ വേണ്ടി വന്നാൽ അനസ്‌തേഷ്യ കൊടുക്കുന്നതിന്‌ ബുദ്ധിമുട്ടുണ്ടാക്കാം.

* പരിക്ക്‌ പറ്റിയവരോട്‌ പേരുവിവരങ്ങൾ ചോദിക്കാൻ സാധിക്കുമെങ്കിൽ അത്‌ ചോദിച്ച്‌ വെക്കുന്നത്‌ രക്‌തം വാർന്ന്‌ അവർക്ക്‌ ബോധം പോകുകയോ മറ്റ്‌ സങ്കീർണതകൾ ഉണ്ടാകുകയോ ചെയ്ത്‌ രോഗി ആരെന്ന്‌ പോലുമറിയാത്ത സ്‌ഥിതി വരുന്നത്‌ തടയും. കഴിയുമെങ്കിൽ ഇത്‌ ചെയ്യുക.

സുരക്ഷിതരായിരിക്കുക. സജ്ജരായിരിക്കുക.
അടുത്ത നിമിഷം ആരെന്നോ എന്തെന്നോ അറിയില്ല.

(ഇന്ന്‌ പാലക്കാട് നടന്ന റോഡപകടത്തിൽ നഷ്‌ടപ്പെട്ടത്‌ എട്ട്‌ ജീവനുകളാണ്‌. മുൻപ്‌ എഴുതിയതെങ്കിലും ചിലതെല്ലാം പറഞ്ഞു കൊണ്ടേ ഇരിക്കണമെന്നതിനാൽ ഓർമ്മിപ്പിക്കട്ടെ.)

Dr.Shimna Azeez

https://www.facebook.com/photo.php?fbid=10157544859747755&set=a.10154567803427755&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button