KeralaLatest News

പേപ്പറില്‍ എഴുതി കൈക്കൂലി ചോദിച്ചു ; അസി. എന്‍ജിനിയര്‍ പിടിയിലായി

കോട്ടയം: പേപ്പറില്‍ എഴുതി കൈക്കൂലി ചോദിച്ച അസി. എന്‍ജിനിയര്‍ വിജിലൻസിന്റെ പിടിയിലായി.  കോട്ടയം നഗരസഭയിലെ വനിതാ അസി. എന്‍ജിനിയർ കൊട്ടാരക്കര പൂയപ്പള്ളി ജിജോ ഭവനില്‍ എം.പി. ഡെയ്സിയെയാണ് വിജിലൻസ് പിടികൂടിയത്. വഴി തര്‍ക്കം പരിഹരിക്കാന്‍ ഇവർ രണ്ടായിരം രൂപ കൈക്കൂലി വാങ്ങിയിരുന്നു.

പ്രശ്നപരിഹാരത്തിന് എത്ര രൂപ തരാനാകും എന്ന് പരാതിക്കാരനോട് ചോദിച്ച് എന്‍ജിനിയര്‍ എഴുതിയ കടലാസു തുണ്ടും ഇവരുടെ മേശവലിപ്പില്‍ നിന്ന് വിജിലന്‍സ് പിടിച്ചെടുത്തു.അയല്‍വാസി വഴി ഉയര്‍ത്തിക്കെട്ടിയതിനെതിരെ ചാലുകുന്ന് സ്വദേശി ഏപ്രില്‍ 16 നാണ് നഗരസഭയില്‍ പരാതി നല്‍കിയത്. എന്നാൽ സ്ഥലം പരിശോധിക്കാൻ 5000 രൂപ നൽകണമെന്ന് എന്‍ജിനിയര്‍ ആവശ്യപ്പെട്ടു. പല തവണയായി അഞ്ഞൂറും നൂറും കൈപ്പറ്റുകയും ചെയ്തു

പറഞ്ഞ തുക നൽകാത്തതിനാൽ മാസങ്ങൾ പിന്നിട്ടിട്ടും എന്‍ജിനിയര്‍ നടപടിയെടുത്തില്ല. തുടർന്ന് പരാതിക്കാരന്‍ വിജിലന്‍സ് എസ്.പിയെ സമീപിച്ചു. തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ വിജിലന്‍സ് നല്‍കിയ ഫിനോഫ്തലിന്‍ പൗഡര്‍ പുരട്ടിയ നോട്ടുമായി പരാതിക്കാരന്‍ ഡെയ്സിയുടെ കാബിനില്‍ എത്തി. പണം മേശയ്ക്കുള്ളിൽ ഇടാൻ ഇവർ ആവശ്യപ്പെട്ടു.

പരാതിക്കാരൻ പോയതോടെ ഡിവൈ.എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് എത്തി പണം കണ്ടെത്തി. ഇവരുടെ മേശയില്‍ നിന്ന് കണക്കില്‍പ്പെടാത്ത 8500 രൂപ കൂടി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് പിടികൂടിയതിനെ തുടര്‍ന്ന് ഡെയ്സിയെ നഗരസഭയുടെ പ്രധാന ഓഫീസില്‍ നിന്ന് മാറ്റി. വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇവർക്കെതിരെ തുടർനടപടികൾ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button