ഹൈദരാബാദ്: ആന്ധ്രപ്രദേശിൽ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള കരുനീക്കം ബിജെപി സജീവമാക്കി. മുന്‍ പാര്‍ലമെന്റംഗം കോതാപള്ളി ഗീത ബിജെപിയില്‍ ചേര്‍ന്നു. ജഗന്‍ മോഹന്റെ റെഡ്ഡിയുടെ പാര്‍ട്ടി അംഗമായിരുന്നു അവര്‍. മറ്റു ചില നേതാക്കളും ബിജെപിയില്‍ ചേരുമെന്നാണ് വിവരം. മറ്റു പാര്‍ട്ടികളിലെ വിമതരെയും അസംതൃപ്തരെയും ബിജെപിയുമായി അടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗമായിരിക്കെ 2014ല്‍ ആന്ധ്രയിലെ അറകു ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച നേതാവാണ് ഗീത.
ഇവര്‍ കഴിഞ്ഞദിവസം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും ജനറല്‍ സെക്രട്ടറി റാം മാധവിനെയും കണ്ട ശേഷമാണ് ബിജെപി അംഗത്വമെടുത്തത്. ഈസ്റ്റ് ഗോദാവരിയിലെ അദ്ദാതീഗാല സ്വദേശിയാണ് ആദിവാസി നേതാവായ ഗീത. വാല്‍മീകി സമുദായത്തില്‍ നിന്നുള്ള ആദ്യ ബിരുദ ധാരിയാണ് അവര്‍ എന്ന് അനുയായികള്‍ പറയുന്നു. സിവില്‍ സര്‍വീസ് പാസായ ശേഷം ഡെപ്യൂട്ടി കളക്ടറായി സേവനം അനുഷ്ടിച്ചിരുന്നു. 2010ല്‍ രാജിവെച്ചു.
അതെ സമയം ബംഗാളില്‍ ഒട്ടേറെ തൃണമൂല്‍ നേതാക്കളാണ് ബിജെപിയില്‍ ചേരുന്നത്. തൃണമൂല്‍ എംഎല്‍എമാരും കൗണ്‍സിലര്‍മാരും പ്രവര്‍ത്തകരും ബിജെപിയില്‍ ചേരുന്നത് ദിനംപ്രതി വാര്‍ത്തയാണ്.അടുത്ത നിയമസഭാ തിരഞ്ഞടുപ്പ് ബംഗാളിലെ മമതാ സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.
Post Your Comments