Latest NewsIndia

സഞ്ജീവ് ഭട്ട് രാഷ്ട്രീയ പകപോക്കലിന്റെ ഇര: പോപുലര്‍ ഫ്രണ്ട്

കോഴിക്കോട്•മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോടതി വിധി അദ്ദേഹത്തിനെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി പി മുഹമ്മദാലി ജിന്ന.

താന്‍ ഗുജറാത്ത് ഇന്റലിജന്റ്‌സ് ഡെപ്യൂട്ടി കമ്മീഷണറായിരുന്നപ്പോള്‍, ഗോധ്ര സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിംകളോടുള്ള പക തീര്‍ക്കാന്‍ ഹിന്ദുക്കള്‍ക്ക് അവസരമൊരുക്കണമെന്ന് മുഖ്യമന്ത്രി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതായി 2011 ല്‍ സഞ്ജീവ് ഭട്ട് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്ന തന്റെ മുന്നറിയിപ്പും കോണ്‍ഗ്രസ് നേതാവ് ഇഹ്‌സാന്‍ ജഫ്‌റിയുടെ ജിവനുള്ള ഭീഷണിയും സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചതായും അദ്ദേഹം ആരോപിച്ചിരുന്നു. കൂട്ടക്കൊലയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം മുമ്പാകെ വലിയ ഗൂഢാലോചന മറച്ചുവച്ചതിനെ കുറിച്ചും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. അദ്ദേഹം പ്രകടിപ്പിച്ച നിശ്ചയദാര്‍ഢ്യത്തിനും തത്വാധിഷ്ഠിത നിലപാടുകള്‍ക്കും സഞ്ജീവ് ഭട്ട് കനത്ത വില നല്‍കേണ്ടി വന്നിരിക്കുകയാണ്. അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്യുകയും തുടര്‍ന്ന് ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തു. 2011 ല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യത്തെ എതിര്‍ത്ത ഗുജറാത്ത് സര്‍ക്കാര്‍ ഭട്ടിനെ ജയിലഴിക്കുള്ളിലാക്കാനാണ് ശ്രമിച്ചത്. 1996 ലെ ഒരു മയക്കമരുന്ന് കേസിന്റെ പേരില്‍ 2018 സപ്തംബറില്‍ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് ജയിലിലാക്കി.

1990 ല്‍ സഞ്ജീവ് ഭട്ട് ജാംനഗര്‍ അസിസ്റ്റന്റ് പോലിസ് സൂപ്രണ്ട് ആയിരുന്നപ്പോള്‍ നടന്ന കേസിലാണ് ജാംനഗര്‍ സെഷന്‍സ് കോടതി ഇപ്പോള്‍ അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. തങ്ങളുടെ വര്‍ഗീയ അജണ്ടകള്‍ക്ക് സഞ്ജീവ് ഭട്ട് ഒരു തടസ്സമാകുമെന്ന് കണ്ട് അധികാര കേന്ദ്രങ്ങള്‍ അദ്ദേഹത്തെ പീഡിപ്പിക്കുകയാണെന്ന് വിശ്വസിക്കാനുള്ള എല്ലാ കാരണങ്ങളും ഉണ്ട്.

ഇത്തരം വേട്ടയാടലുകള്‍ക്കെതിരായ മൗനം രാജ്യത്ത് ഇതിനകം ശക്തിപ്പെട്ടുവരുന്ന സ്വേച്ഛാധിപത്യ പ്രവര്‍ണതകള്‍ക്ക് ആക്കം കൂട്ടുകയേ ഉള്ളു. പൊതുസമൂഹവും മനുഷ്യാവകാശ പ്രവര്‍ത്തകരും കൂടുതല്‍ ജാഗരൂകരാകണമെന്നും സഞ്ജീവ് ഭട്ടിന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കണമെന്നും മുഹമ്മദാലി ജിന്ന പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button