KeralaLatest News

കെവിന്‍ കൊലക്കേസ്; നിര്‍ണായകരേഖയിലെ പിഴവ്, അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ

കോട്ടയം : ചാലിയക്കര പുഴയില്‍ കെവിന്റെ മൃതദേഹം ആദ്യം കണ്ടതു പുനലൂര്‍ എസ്‌ഐ ആണെന്ന ഇന്‍ക്വസ്റ്റ് മഹസര്‍ ശരിയല്ലെന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍. 2018 മേയ് 28നു രാവിലെ 8.30നു പുനലൂര്‍ സ്റ്റേഷനിലെ എസ്‌ഐ ആണു ചാലിയക്കര പുഴയില്‍ കെവിന്റെ മൃതദേഹം ആദ്യമായി കണ്ടതെന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ച പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുഴയില്‍ നിന്നു വീണ്ടെടുത്ത കെവിന്റെ മൃതദേഹം ഇന്‍ക്വസ്റ്റ് ചെയ്ത പുനലൂര്‍ പൊലീസാണ്, ആദ്യം കണ്ടത് എസ്‌ഐ കെ. രാജീവനാണെന്നു രേഖപ്പെടുത്തിയത്. ഇന്നലെ ക്രോസ് വിസ്താര സമയത്തു പ്രതിഭാഗം അഭിഭാഷകന്‍ വിശദീകരണം ആവശ്യപ്പെട്ടതോടെയാണു ഡിവൈഎസ്പി പൊലീസ് റിപ്പോര്‍ട്ട് തെറ്റാണെന്ന് അറിയിച്ചത്. പൊതുപ്രവര്‍ത്തകനായ റെജി ജോണ്‍ ആണ് ആദ്യം മൃതദേഹം കണ്ടതെന്നും ഡിവൈഎസ്പി കോടതിയില്‍ വ്യക്തമാക്കി.

41ാം സാക്ഷിയായി കോടതിയില്‍ മൊഴി നല്‍കിയ പൊതുപ്രവര്‍ത്തകനായ റെജി ജോണ്‍ ആണു കെവിന്റെ മൃതദേഹം ആദ്യം കണ്ടത്. റെജി ജോണ്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയാണു മൃതദേഹം പുഴയില്‍ കിടക്കുന്ന വിവരം കൈമാറിയത്. കെവിന്റെ മൃതദേഹം കമഴ്ന്നു കിടക്കുകയായിരുന്നു എന്നും റെജി ജോണ്‍ നേരത്തേ കോടതിയില്‍ സാക്ഷി മൊഴി നല്‍കിയിരുന്നു.

ആരാണ് ആദ്യം മൃതദേഹം കണ്ടത് എന്നതു സംബന്ധിച്ചു രേഖകളില്‍ ഉണ്ടായ പിശക് കേസിന്റെ ഗതിയെ ബാധിക്കില്ലെന്നു സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. മൃതദേഹം കണ്ടെത്തിയ സമയത്തില്‍ മാറ്റം വന്നിട്ടില്ലെന്നു പ്രോസിക്യൂട്ടര്‍ പറഞ്ഞു. പ്രതിഭാഗം ക്രോസ് വിസ്താരത്തിലാണു കേസിലെ നിര്‍ണായകരേഖയിലെ പിഴവ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി സമ്മതിച്ചത്. ഇതോടെ കേസില്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ പ്രതിരോധത്തിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button