KeralaLatest NewsArticle

സെലക്ടീവ് വ്രണപ്പെടുത്തലുകള്‍ തുടര്‍ക്കഥയാകുമ്പോള്‍ ആഭാസമാക്കപ്പെടുന്ന കേരളസംസ്‌കാരം! ഇതോ നവോത്ഥാനപ്രബുദ്ധകേരളം?

അഞ്ജു പാര്‍വ്വതി പ്രഭീഷ്

സ്വാമി അയ്യപ്പനെ ഒരു കാരണമാക്കി ആര്‍ത്തവം എന്ന നിരുപദ്രവമായ ജന്തുശാസ്ത്രപരമായ ഒന്നിനെ രാഷ്ട്രീയവല്‍ക്കരിച്ചു ‘ആര്‍പ്പോ ആര്‍ത്തവം ‘ എന്ന ഒരു പ്രതിഭാസത്തിനു പുതിയ മാനം നല്കുന്നവര്‍ക്കു പിന്നിലൊരു വ്യക്തമായ അജണ്ടയുണ്ട്.കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ സ്റ്റേറ്റ് അവാര്‍ഡ് പുരസ്‌കാരം നേടിയ കാര്‍ട്ടൂണിനെതിരെ വിവാദമുയര്‍ന്നപ്പോള്‍ നൊന്ത മതേതരരാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് ഈ അജണ്ടയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെങ്കിലും അവരത് കണ്ടില്ലെന്നു വയ്ക്കുന്നത് കാലാകാലങ്ങളായി തുടര്‍ന്നുപോരുന്ന ഇരട്ടത്താപ്പെന്ന പ്രത്യയശാസ്ത്രം കാരണമാണ്.പുരോഗമനാശയത്തിന്റെ പേരിലും കലയുടെ പേരിലും ഒരു മതവിഭാഗത്തെയും അവരുടെ വിശ്വാസങ്ങളെയും മാത്രം ലാക്കാക്കി വേണ്ടാതീനം കാട്ടുന്നവരുടെ ഒടുവിലത്തെ വിനോദമാണ് ഈ ഫ്‌ലക്‌സുകള്‍.സമൂഹത്തില്‍ മതവര്‍ഗ്ഗീയ ചിന്തകളുടെ അതിപ്രസരമിളക്കി വിട്ട് രക്തപുഴയൊഴുക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം നവോത്ഥാനഫ്‌ലക്‌സുകള്‍ ലക്ഷ്യം വയ്ക്കുന്നത്.അതിലൂടെ മുതലെടുപ്പ് രാഷ്ട്രീയപൊറാട്ടുനാടകം കെട്ടിയാടുവാന്‍ വേണ്ടിയും ബീഹാറിയന്‍ അപാരതയുണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കുവാന്‍ വേണ്ടിയും കൂടിയാണ്.

.

സെലക്ടീവ് വ്രണപ്പെടുത്തല്‍ ഒരു തുടര്‍ച്ചയാണ്.’ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം ‘എന്ന പുസ്തകത്തില്‍ ഇ എം എസില്‍ തുടങ്ങി ഇന്ന് കേരളവര്‍മ്മയിലെ ഫ്‌ലക്‌സുകള്‍ക്കിടയില്‍ വരെ എത്തിനില്‍ക്കുന്ന ആ ആവിഷ്‌കാര സ്വാതന്ത്ര്യ ദാഹം ഇന്നേവരെ അവരുടെ ഭാവനയില്‍ പോലും സെമറ്റിക് മത ചിഹ്നങ്ങളോ അവരുടെ ചില വിരുദ്ധമായ സാമൂഹിക വ്യവസ്ഥയോ തങ്ങളുടെ തൂലികത്തുമ്പിലൂടെ പരാമര്‍ശിക്കാന്‍ എന്ത്‌കൊണ്ട് ധൈര്യപ്പെടുന്നില്ല.? ഒരു പ്രത്യാക്രമണ ശൈലി സനാതന ധര്‍മത്തില്‍ നിന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന കട്ട ഉറപ്പിലാണ് കുരീപ്പുഴയും രാമനുണ്ണിയും,ശാരദക്കുട്ടിയും ദുര്‍ഗാമാലതിയും ഹരീഷും ഭരണവര്‍ഗ്ഗവും നവോത്ഥാനവും കേരളവര്‍മ്മയിലെ കുട്ടിസഖാക്കളും സെലെക്ടിവ് ആയി ഹൈന്ദവ വിശ്വാസങ്ങളെ മാത്രം വിലകുറഞ്ഞ നിലവാരത്തില്‍ വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നത്.

ഹൈന്ദവവിശ്വാസങ്ങളെ കുറിച്ചോ ദൈവങ്ങളെ കുറിച്ചോ ക്ഷേത്രങ്ങളെ കുറിച്ചോ അനുകൂലമായി എഴുതിപ്പോയാല്‍, അല്ലെങ്കില്‍ ഹൈന്ദവ ചിഹ്നങ്ങളെ അവഹേളിക്കുന്നതിനെതിരെ പ്രതികരിച്ചാല്‍ പുരോഗമനവാദികള്‍ ഉടനെ കല്പിച്ചു തരുന്നൊരു പട്ടമാണ് സംഘിപട്ടം.ഒരു പൗരനു അവന്റെ വിശ്വാസപ്രമാണങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ ഭരണഘടന അനുവാദം നല്കുന്നുണ്ടെങ്കിലും ഈ കൊച്ചുകേരളത്തില്‍ ഹിന്ദുവിനു മാത്രം കല്പിച്ചു തുല്യം ചാര്‍ത്തിയിരിക്കുന്ന ചില വിലക്കുകളുണ്ട്, പ്രത്യേകിച്ചു ഇടതുപക്ഷ രാഷ്ട്രീയത്തില്‍.!

ശ്രീ ഹരീഷിന്റെ മീശയെന്ന നോവലിന്റെ പിന്‍വലിക്കല്‍ വല്ലാതെ പൊളളിച്ചത് കലക്കവെളളത്തില്‍ മീന്‍ പിടിക്കാന്‍ വലയും വീശി കരയില്‍ കാത്തിരുന്ന ലിബറല്‍ പുരോഗമന ബുദ്ധിജീവി സൈദ്ധാന്തികരെയായിരുന്നു.അതു കൊണ്ടുതന്നെ അവര്‍ക്ക് അന്നത് സാഹിത്യലോകത്തിന്റെ ഇരുണ്ട കാലമായും സാംസ്‌കാരിക കേരളത്തിനേറ്റ കരണത്തടിയുമൊക്കെയായി തോന്നിയതില്‍ അത്ഭുതപ്പെടാനില്ല. ആ പിന്‍വലിക്കലിനു പിന്നിലെ മൊത്ത കച്ചവടക്കാരായി ഹിന്ദു സംഘടനകളെയും വിശ്വാസികളെയും മാത്രം കണ്ടവര്‍ ലളിതകലാ അക്കാദമിയുടെ വിവാദകാര്‍ട്ടൂണ്‍ അവാര്‍ഡും അതിനെതിരെ പ്രതികരിച്ച വിശ്വാസസമൂഹത്തെയും വാര്‍ത്തകള്‍ക്കിടയിലെ അപ്രധാനഘടകങ്ങളാക്കി മാറ്റാന്‍ ശ്രദ്ധാലുക്കളായിരുന്നു. അതെന്നും അങ്ങനെ തന്നെയായിരുന്നു .

പ്രവാചക നിന്ദ എന്നുപറഞ്ഞ് മാതൃഭൂമിക്കെതിരെയും ലേഖകനെതിരേയും ആയുധമെടുത്തവര്‍ക്കു നേരെ വിരല്‍ ചൂണ്ടാന്‍ മടിച്ചവരുണ്ടിവിടെ.ജോസഫ് മാഷിന്റെ കൈവെട്ടിയവര്‍ക്കെതിരെയും വന്‍ പ്രതിഷേധകൊടുങ്കാറ്റുയര്‍ത്താന്‍ ആളുണ്ടായില്ല. പവിത്രന്‍ തീക്കുനി പര്‍ദ്ദയെന്ന കവിത പിന്‍വലിച്ചപ്പോഴും ആര്‍ക്കും നൊന്തില്ല.
സാത്താന്റെ വചനങ്ങളും ലജ്ജയുമൊക്കെ വിലക്കിന്റെ രുചിയറിഞ്ഞ അക്ഷരക്കൂട്ടുകളായിരുന്നു.പി.എം.ആന്റണിയെന്ന മലയാള നാടക ആക്റ്റിവിസ്റ്റിന്റെ
‘ക്രിസ്തുവിന്റെ ആറാം തിരുമുറിവ്’ എന്ന നാടകം സഭയുടെ എതിര്‍പ്പ് മൂലം നിരോധിച്ചതിനെ അന്ന് ഏറ്റവും അനുകൂലിച്ചത് നായനാര്‍ സര്‍ക്കാര്‍ ആയിരുന്നു. അന്ന് അത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പട്ടികയിലെഴുതാന്‍ എന്തേ പുരോഗമനവാദികള്‍ക്ക് കഴിഞ്ഞില്ല?ഇപ്പോഴും കഴിയുന്നില്ല?

സൂര്യകാന്തി തിയറ്റേഴ്‌സിന്റെ ബാനറില്‍ അവതരിപ്പിക്കപ്പെട്ട നാടകം ക്രൈസ്തവ സഭകളുടെ ശക്തമായ പ്രതിഷേധത്തിനു കാരണമാവുകയും സര്‍ക്കാര്‍ ഡ്രമാറ്റിക് പെര്‍ഫോമന്‍സ് ആക്റ്റ് പ്രകാരം നാടകം നിരോധിക്കുകയും ചെയ്തു. 1986-ല്‍ ആലപ്പുഴയിലെ ഏതാനും അരങ്ങുകള്‍ക്കുശേഷം തൃശൂര്‍ നഗരത്തില്‍ അവതരിപ്പിക്കാനിരിക്കെയാണ് സഭ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. ക്രൈസ്തവര്‍ ക്രിസ്തുവിന്റെ ശരീരത്തില്‍ അഞ്ചു തിരുമുറിവുകള്‍ ഉണ്ടെന്നു വിശ്വസിക്കുന്നു. എന്നാല്‍ നാടകത്തില്‍ ക്രിസ്തുവിന്റെ ഹൃദയത്തിലും ഒരു മുറിവ് സംഭവിച്ചെന്നും അങ്ങനെ ആറ് മുറിവുകള്‍ ക്രിസ്തുവിന്റെ ശരീരത്തിലുണ്ടെന്നു നാടകത്തില്‍ വ്യഖ്യാനിക്കുന്നു. ഇതായിരുന്നു വിവാദകാരണമായി മാറിയത്. ഇതെന്തേ കഥാകൃത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യവും ഭാവനാവൈഭവവുമായി വാഴ്ത്തപ്പെട്ടില്ല?

സല്‍മാന്‍ റഷ്ദിയുടെ സാത്താന്റെ വചനങ്ങള്‍ എന്നത് ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സര്‍ക്കാരുകള്‍ ആയിരുന്നു.ലജ്ജ എന്ന തസ്ലിമ നസ്രീന്റെ പുസ്തകം ആദ്യം നിരോധിച്ചത് ബംഗാളിലെയും കേരളത്തിലെയും ഇടത് സര്‍ക്കാരുകള്‍ ആയിരുന്നു. മാത്രമോ തസ്ലിമ നസ്രീനെ ബംഗാളില്‍ നിന്ന് അടിച്ചോടിച്ചത് ജ്യോതിബസു സര്‍ക്കാര്‍ ആയിരുന്നു. അന്നൊക്കെ എന്തേ മാനവികതയും മതേതരത്വവും ആവിഷ്‌കാരസ്വാതന്ത്ര്യവും കാത്തുസൂക്ഷിക്കുന്ന സഖാക്കള്‍ പ്രതിഷേധിച്ചില്ല?

ഇനിയും ഒട്ടേറെയുണ്ട് ഇരട്ടത്താപ്പുകള്‍. 2016 ഡിസംബറില്‍ ഭാഷാപോഷിണിയിലെ ടോം വട്ടക്കുഴിയുടെ ചിത്രത്തിന്റെ പേരില്‍ ദീപികയും കത്തോലിക്കാ സഭയും നാട്ടില്‍ അരാജകത്വവും കലാപവും അഴിച്ചുവിട്ടത് എന്തിന്റെ പേരിലായിരുന്നു? അന്ന് വൈദികര്‍ തെരുവിലിറങ്ങി ഗുണ്ടകളെ പോലെ മനോരമ പത്രം കത്തിച്ചിരുന്നു. അന്ന് ടോമിനു വേണ്ടി ഒരാളും വാദിച്ചില്ല. പളളിമേടകളില്‍ അവിശുദ്ധബന്ധങ്ങളുടെ മെഴുകുതിരികള്‍ കത്തുന്നതിനെ കുറിച്ച് എന്ത് കൊണ്ട് ഒരു സാഹിത്യകാരനും തങ്ങളുടെ ഭാവനാസൃഷ്ടികളില്‍ എഴുതുന്നില്ല? സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ഒരു കന്യാസ്ത്രീ എഴുതിയ ആമേന്‍ എന്ന പുസ്തകത്തെ എന്തുകൊണ്ട് പുരോഗമനവാദികള്‍ പുകഴ്ത്തിയില്ല.ഫ്രാങ്കോയെന്ന പെണ്ണുപിടിയനുവേണ്ടി വാദിക്കാന്‍ ആളുണ്ടാകുന്ന വിചിത്രമായ മനോവൈകൃതത്തെ ഫ്‌ലക്‌സുകളില്‍ പുനരാവിഷ്‌കരിക്കാന്‍ എന്ത് കൊണ്ട് കുട്ടിസഖാക്കളിലെ നവോത്ഥാനപരിഷ്‌കര്‍ത്താക്കള്‍ക്ക് കഴിയുന്നില്ല?

സര്‍ഗാത്മകതയുടെ അടയാളങ്ങളായി കലാകാരന്മാരുടെ അല്ലെങ്കില്‍ സാഹിത്യകാരന്മാരുടെ സൃഷ്ടികളെ സമൂഹം വകവെച്ചുകൊടുത്തിരുന്ന കാലമുണ്ടായിരുന്നു ഇവിടെ. അതുകൊണ്ടാണ് ഇവിടെ നിര്‍മ്മാല്യമെന്ന സിനിമയുണ്ടായത്. എന്നാല്‍ ആ സ്വാതന്ത്ര്യത്തിനുമേല്‍ സാഹിത്യകാരന്മാരുടെയും കലാകാരന്മാരുടെയും ദുര്‍വ്യാഖ്യാനവും ഇരവാദമുണ്ടായപ്പോള്‍ പ്രതിഷേധങ്ങളും പ്രതികരണങ്ങളുമുണ്ടായി തുടങ്ങി.അതിനെ മുതലെടുക്കാന്‍ രാഷ്ടീയമാമകള്‍ അരങ്ങത്തു വന്നപ്പോള്‍ അരാജകത്വം ഉണ്ടായി.

sabarimala

ഹിന്ദുവിന്റെ വിശ്വാസം മാത്രം പുരോഗമനാശയങ്ങള്‍ക്ക് വിലങ്ങുതടിയാവുന്നു. അവന്റെ മത ചിഹ്നങ്ങളെ യഥേഷ്ടം ആവിഷ്‌കാരസ്വാതന്ത്രൃത്തിന്റെ പേരില്‍ അപഹസിക്കാനും ചോദ്യംചെയ്യാനും കഴിയുന്നു.ശ്രീനാരായണഗുരുവിനെ പ്രതീകാത്മകമായി ടാബ്ലോയില്‍ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കുന്നു. ഹിന്ദുവിശ്വാസിയായ കടകംപള്ളി ഗുരുവായൂരില്‍ പോയാല്‍ വിമര്‍ശനം.ക്ഷേത്രമെന്ന വാക്കിനെ ആഭാസമായി ചിത്രീകരിക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഘോഷയാത്ര സംഘടിപ്പിച്ച് സഖാവ്.കൃഷ്ണനു അഭിവാദ്യമര്‍പ്പിക്കുന്നു. ശബരിമലയില്‍ തുല്യ ലിംഗനീതി വേണമെന്ന് വാദിക്കുന്നു. വിശ്വാസസമൂഹത്തിനു തീരാമുറിവു നല്കികൊണ്ടു ഇരുട്ടിന്റെ മറപ്പറ്റി പിന്‍വാതിലിലൂടെ വിശ്വാസികളല്ലാത്ത ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ സംരക്ഷണകവചമൊരുക്കുന്നു.ആര്‍ത്തവരക്തത്തുള്ളികള്‍ക്കൊപ്പം അയ്യനെ ചിത്രീകരിക്കാന്‍ നവോത്ഥാനത്തെ കൂട്ടുപ്പിടിക്കുന്നു. എന്ത് കൊണ്ട് ഒരു വിഭാഗത്തോട് മാത്രം ഈ വിവേചനം? ഇനി ഈ മതത്തെ ശുദ്ധീകരിക്കാനാണെങ്കില്‍, ഇതിലെ പഴഞ്ചന്‍ ആചാരങ്ങളെ മാറ്റാനാണെങ്കില്‍, നവീകരണവും നവോത്ഥാനവും ഒരു മതത്തിനു മാത്രം ബാധകമാണോ??

അഞ്ചു നേരം നിസ്‌കരിക്കുന്ന ,റമദാന്‍ വ്രതം ആചരിക്കുന്ന ഇസ്ലാം സഖാവിനു എവിടെയും വിലക്കുകളില്ല. അത് മതേതരത്വത്തിലൂന്നിയ മതസ്വാതന്ത്ര്യം. ഈസ്റ്റര്‍ നോമ്പെടുക്കുന്ന, ഞായറാഴ്ചകളില്‍ പളളിയില്‍ പോകുന്ന കൃസ്ത്യന്‍ സഖാവിനും വിലക്കില്ല. അവിടെയും മതസ്വാതന്ത്ര്യം. ദര്‍ഗകളില്‍ സ്ത്രീ പ്രവേശനം വേണ്ടേ വേണ്ട. മീശയിലെ ക്ഷേത്രദര്‍ശന പരാമര്‍ശം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ ലിസ്റ്റില്‍ പെടുമ്പോള്‍ ക്രിസ്തുവിന്റെ ആറാം തിരുമുറിവും സാത്താന്റെ വചനവും ലജ്ജയും ജോസഫ് സാറിന്റെ ചോദ്യപേപ്പറുമൊക്കെ മതനിന്ദ. ഹാദിയ ഉദാത്തപ്രണയത്തിന്റെ മറ്റൊരു പേരാകുമ്പോള്‍ അനുജയെ മറവിയ്ക്കുളളില്‍ ഒതുക്കുന്നു. ആനയെ പൂരത്തിനെഴുന്നളളിക്കുമ്പോള്‍ തലപൊക്കുന്ന മൃഗസ്‌നേഹം ഇഫ്ത്താര്‍ വിരുന്നുകളിലും പാര്‍ട്ടികളിലും മറ്റും തീന്‍മേശകളില്‍ അണിനിരക്കുന്ന വിഭവങ്ങളില്‍ ഇല്ലാതാകുന്നു.മാതാ അമൃതാനന്ദമയിയെ വിമര്‍ശിക്കാന്‍ പൊന്തുന്ന നാവുകള്‍ ഇതര മത പണ്ഡിത- ആള്‍ദൈവങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു
അങ്ങനെയെത്ര ഉദാഹരണങ്ങള്‍.

ഈ ഇരട്ടത്താപ്പും ‘സെലക്ടീവ് വ്രണപ്പെടുത്തലും കണ്ട് മനം മടുത്തതുകൊണ്ട് മാത്രമാണ് ഇവിടെ സംഘികളുടെ എണ്ണം കൂടുന്നത്.പ്രത്യയശാസ്ത്രത്തിലെ നാസ്തികത്വം അടിവരയിട്ടുറപ്പിക്കാന്‍ ഹൈന്ദവമതവിശ്വാസത്തെ മാത്രം ലാക്കാക്കുന്നവരറിയുന്നില്ല കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകിപ്പോകുന്നുവെന്ന നഗ്‌നമായ സത്യം.
സഭയുടെ വോട്ടാകുന്ന അപ്പക്കഷണങ്ങളുടെ രുചിക്ക് വേണ്ടി മാത്രം നിലപാടുകളെ തരാതരം മാറ്റുന്ന അഭിനവരാഷ്ട്രീയക്കാരേ ഒന്നോര്‍ക്കുക! നിങ്ങളുടെയൊക്കെ മതേതരത്വത്തിനു കേരളജനത വിലയിട്ടു കഴിഞ്ഞു. ചന്ദ്രക്കലയ്ക്കും കുരിശിനും മാത്രം മതപരിവേഷം നല്കി, സംരക്ഷണം നല്കുന്ന ഇരട്ടത്താപ്പിനെതിരെ ജനങ്ങളുടെ ബോധം ഉണര്‍ന്നു കഴിഞ്ഞു.

പ്രത്യയശാസ്ത്രത്തെ മുറുകെപ്പിടിച്ചതു കൊണ്ട് മാത്രം വിശ്വാസങ്ങളെ തളളിപ്പറയേണ്ടി വരുന്ന ഹിന്ദു സഖാക്കള്‍ നാളത്തെ സംഘപുത്രനും പുത്രിയുമായി തീരുന്നത് ഇതൊക്കെ കൊണ്ടാണ്.സ്വന്തം മതത്തെ മുറിവേല്പിക്കുന്നത് കണ്ടിട്ടും പ്രതികരിക്കാതെ നില്ക്കുന്ന ഹിന്ദുവിനെ മതേതരനെന്നു വിളിച്ചു പുകഴ്ത്തുമ്പോള്‍ അതിനെതിരെ പ്രതികരിക്കുന്നവരെ വര്‍ഗ്ഗീയ വാദിയെന്നും സംഘിയെന്നും ഇവിടെ വിളിക്കപ്പെടും.മെത്രാന്റെ അംശവടി മതചിഹ്നമാകുകയും അതിനെ സര്‍ഗ്ഗാത്മകതക്കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്യുന്നത് മതനിന്ദയാകുകയും ചെയ്യുമ്പോള്‍ ശാസ്താവിനെ തലകീഴായി രക്തത്തുള്ളികള്‍ക്കൊപ്പം ചിത്രീകരിക്കുന്നത് നവോത്ഥാനവും ആകുന്ന ആഭാസകേരളത്തില്‍ ഇത്തരം പ്രവണതയ്‌ക്കെതിരെ ശബ്ദിച്ചാല്‍ എന്നെയൊരു വര്‍ഗ്ഗീയവാദിയാക്കുന്നുവെങ്കില്‍,
അഭിമാനപൂര്‍വ്വം ഉറക്കെ ഞാനും പറയുംസ്വന്തം മതത്തോട് കൂറും ആത്മാര്‍ത്ഥയുമുള്ള ഞാനുമൊരു വര്‍ഗ്ഗീയവാദി തന്നെയാണെന്ന്.

shortlink

Related Articles

Post Your Comments

Related Articles


Back to top button