KeralaLatest News

മഥുരയിലെ ആശ്രമത്തിലേക്ക് പശുക്കളുമായി പോയ മലയാളി മരിച്ചു; ദുരൂഹതയെന്ന് ബന്ധുക്കള്‍

ചെങ്ങന്നൂര്‍: ഉത്തര്‍പ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളുമായി പോയ ചെങ്ങന്നൂര്‍ സ്വദേശി മരിച്ചു. പാണ്ഡവന്‍പാറ അര്‍ച്ചന ഭവനത്തില്‍ വിക്രമന്‍(55) ആണ് മരിച്ചത്. അതേസമയം, വിക്രമന്റെ മരണത്തില്‍ ദുരൂഹയുണ്ടെന്ന് ആരോപിച്ച് മകന്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

കഴിഞ്ഞ 16നു കട്ടപ്പനയില്‍ നിന്നാണ് വിക്രമന്‍ ആശ്രമത്തിലേക്ക് പുറപ്പെട്ടത്. മഥുര വൃന്ദാവന്‍ ആശ്രമത്തിലേക്കുള്ള വെച്ചൂര്‍ പശുക്കളുമായാണ് വിക്രമന്‍ യാത്ര തിരിച്ചതെങ്കിലും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ സുഖമില്ലാതാവുകയായിരുന്നു. 21നു ഡല്‍ഹിയിലെത്തിയ വിക്രമന്‍, തനിക്ക് സുഖമില്ലെന്നും രക്തം ഛര്‍ദ്ദിച്ചെന്നും അറിയിച്ചിരുന്നു. ആശുപത്രിയില്‍ എത്തിക്കാതെ തന്നെ മുറിയില്‍ പൂട്ടിയിട്ടിരിക്കുകയാണെന്നും ഇയാള്‍ മക്കളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു.

22ന് രാത്രി 9.45 വരെ വിക്രമന്‍ വീട്ടുകാരുമായി ഫോണില്‍ സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാന്‍ മകന്‍ അരുണിനോട് ഡല്‍ഹിയിലെത്താന്‍ വിക്രമന്‍ നിര്‍ദ്ദേശിച്ചിരുന്നു. 23 നു വൈകിട്ട് അരുണ്‍ വിമാനമാര്‍ഗം ഡല്‍ഹിയിലെത്തി. ഇവിടെ നിന്നും ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്ന മറുപടിയാണ് ലഭിച്ചത്. ഈ ഘട്ടത്തില്‍ മാത്രമാണ് വിക്രമന്‍ മരിച്ച കാര്യം അരുണ്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ അറിയുന്നത്.

വിക്രമന്റെ മൃതദേഹം തിങ്കളാഴ്ച പുലര്‍ച്ചെ വിമാനമാര്‍ഗ്ഗം നാട്ടിലെത്തിച്ചു. തുടര്‍ന്ന് ചെങ്ങന്നൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അതേസമയം ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് ചെങ്ങന്നൂര്‍ പൊലീസ് അറിയിച്ചു. പോസ്റ്റുമോര്‍ട്ടം കഴിഞ്ഞാല്‍ മാത്രമേ മരണത്തില്‍ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button