KeralaLatest News

കെവിന്‍ വധക്കേസ്; സാനു ചാക്കോയ്‌ക്കെതിരെയുള്ള തെളിവുകള്‍ ദൃഢപ്പെടുത്തുന്നു, മുന്‍ എഎസ്‌ഐയെ വീണ്ടും വിസ്തരിക്കും

കോട്ടയം : കെവിന്‍ വധക്കേസില്‍ ഗാന്ധിനഗര്‍ സ്റ്റേഷനിലെ മുന്‍ എഎസ്‌ഐ ടി.എം. ബിജുവിനെ ഇന്ന് വീണ്ടും വിസ്തരിക്കും. കേസിലെ ഒന്നാം പ്രതി സാനു ചാക്കോയുമായി കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം എഎസ്‌ഐ ബിജു നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ആധികാരികത ഉറപ്പിക്കാനാണ് വീണ്ടും വിളിച്ചു വരുത്തുന്നത്. രാത്രി വാഹനപരിശോധനയ്ക്കിടെ സാനു ചാക്കോയുടെ കാര്‍ പിടികൂടി കൈക്കൂലി വാങ്ങി വിട്ടയച്ച സംഭവത്തില്‍ ടി.എം. ബിജുവിനെ പിരിച്ചുവിട്ടിരുന്നു.

സാനുവിന്റെ ഫോണ്‍ സന്ദേശങ്ങള്‍ നേരത്തേ പരിശോധിച്ചിരുന്നു. പ്രതികള്‍ കെവിനെ കൊല്ലാന്‍ തന്നെയാണ് പദ്ധതിയിട്ടത് എന്നത് ദൃഢപ്പെടുത്തുന്ന തെളിവുകളായിരുന്നു അത്.
സാനുവിന്റെ ഫോണിലെ ‘പപ്പാ കുവൈത്ത്’ എന്ന ആളുമായുള്ള വാട്‌സ്ആപ് ചാറ്റയായിരുന്നു പരിശോധിച്ചത്. ചാക്കോ ജോണിന്റെ ഫോണ്‍ നമ്പറാണു പപ്പാ കുവൈറ്റ് എന്ന പേരില്‍ സേവ് ചെയ്തിരുന്നത്. ഇതിലാണ് സന്ദേശങ്ങള്‍ ഉണ്ടായിരുന്നത്. രണ്ടാം സാക്ഷി ലിജോ ഒറ്റയ്ക്കലിനുള്ള വാട്‌സ്ആപ് സന്ദേശത്തിലും കെവിനെ കൊല്ലാമെന്നു സാനു ചാക്കോ പറയുന്നുണ്ട്. ‘കെവിന്റെ പ്രൊഫൈല്‍ ചെക്കു ചെയ്തു’ എന്ന സന്ദേശം ലിജോ സാനുവിനും അയച്ചു.

മറുപടിയായി ‘അവന്‍ തീര്‍ന്നു, ഡോണ്ട് വറി’ എന്ന് സാനു ലിജോയ്ക്കു മറുപടി നല്‍കിയതായും കണ്ടെത്തി. കെവിനെ കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചിരുന്നുവെന്നു വ്യക്തമാക്കാനാണ് വാട്‌സാപ് സന്ദേശങ്ങള്‍ പ്രൊസിക്യൂഷന്‍ ഹാജരാക്കിയത്. സന്ദേശം അയച്ച ഫോണുകള്‍ സാനു, ചാക്കോ, ലിജോ എന്നിവരുടേതാണെന്നു സൈബര്‍ ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥിരീകരിക്കുന്ന രേഖയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. 7 പ്രതികളില്‍ നിന്നു പിടിച്ചെടുത്ത ഫോണുകള്‍ ഗിരീഷ് പി. സാരഥി തിരിച്ചറിഞ്ഞു.

കെവിന്‍ ആത്മഹത്യ ചെയ്യുകയോ മുങ്ങി മരിക്കുകയോ ചെയ്യാനുള്ള സാഹചര്യം മൃതദേഹം കണ്ടെത്തിയ ചാലിയക്കര പുഴയില്‍ ഇല്ലെന്നു ഫൊറന്‍സിക് സംഘം റിപ്പോര്‍ട്ട് ചെയ്തുവെന്നു അന്വേഷണ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി കോടതിയെ അറിയിച്ചു. അതിനാല്‍ കൊലപാതകം എന്ന വിധത്തിലാണ് അന്വേഷണം നടത്തിയതെന്നും ഡിവൈഎസ്പി വ്യക്തമാക്കി. കെവിനെയും ബന്ധു അനീഷിനെയും മൂന്നു കാറുകളില്‍ വന്നാണ് തട്ടിക്കൊണ്ടു പോയത്. മൊബൈല്‍ ഫോണ്‍ ടവറുകളുടെ ലൊക്കേഷന്‍ പ്രതികളുടെ സാന്നിധ്യം സ്ഥിരീകരിച്ചതായും ഗിരീഷ് പി. സാരഥി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button