KeralaLatest News

സ്വയം വിരമിക്കല്‍ അപേക്ഷയില്‍ റിപ്പോര്‍ട്ട് ഉടന്‍; ജേക്കബ് തോമസിന്റെ വീഴ്ചകള്‍ വിശദമായി പ്രതിപാദിക്കുന്നതാകും റിപ്പോര്‍ട്ട് എന്ന് സൂചന

തിരുവനന്തപുരം : ജേക്കബ് തോമസ് നല്‍കിയ സ്വയം വിരമിക്കല്‍ അപേക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസും മറ്റു കോടതിക്കേസുകളും നിലനില്‍ക്കുന്നതിനാല്‍ വിരമിക്കല്‍ അപേക്ഷയില്‍ അനുകൂല തീരുമാനം ഉണ്ടാകാനിടയില്ല.

ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്. ജക്കബ് ജേക്കബ് തോമസിന്റെ അപേക്ഷയില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഈ മാസം ആദ്യം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഡിജിപിയില്‍ നിന്നും വിജിലന്‍സ് ഡയറക്ടറില്‍നിന്നും കേസിന്റെ വിവരങ്ങള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വീഴ്ചകളെല്ലാം വ്യക്തമാക്കിയാണ് റിപ്പോര്‍ട്ട് തയാറായിരിക്കുന്നത്. കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് അയയ്ക്കുന്ന റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.

ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികളെ വിമര്‍ശിച്ചതിനാണ് 1985 ബാച്ച് ഐപിഎസ് ഓഫിസറായ ജേക്കബ് തോമസിനെ സര്‍ക്കാര്‍ 2017 ഡിസംബറില്‍ സസ്‌പെന്‍ഡ് ചെയ്തത്. പിന്നീട് അനുമതിയില്ലാതെ പുസ്തകം എഴുതിയതിന് വീണ്ടും സസ്‌പെന്‍ഡ് ചെയ്തതിനൊപ്പം വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു.

അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന രാജീവ് സദാനന്ദനാണ് വകുപ്പുതല അന്വേഷണം നടത്തിയത്. പിന്നീട് പലതവണ സസ്‌പെന്‍ഷന്‍ നീട്ടി. തുറമുഖ വകുപ്പില്‍ ഡ്രജര്‍ വാങ്ങിയ നടപടിയില്‍ അഴിമതി ചൂണ്ടിക്കാട്ടി വിജിലന്‍സ് ജേക്കബ് തോമസിനെതിരെ കേസെടുത്തിരുന്നു. വിജിലന്‍സ് അന്വേഷണം നടക്കുന്നതിനാല്‍ സസ്‌പെന്‍ഷന്‍ നീട്ടണമെന്നു വിജിലന്‍സ് ഡയറക്ടര്‍ ആവശ്യപ്പെട്ടതനുസരിച്ച് ഈ മാസം 18 മുതല്‍ 6 മാസത്തേക്ക് വീണ്ടും സസ്‌പെന്‍ഷന്‍ നീട്ടിയിരിക്കുകയാണ്.

ആത്മകഥയെഴുതിയപ്പോള്‍ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചതിനു ക്രൈം ബ്രാഞ്ചും േകസെടുത്തിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് ജേക്കബ് തോമസ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അനുകൂല തീരുമാനം ഉണ്ടാകാത്തതിനാല്‍ മത്സരത്തില്‍നിന്നു പിന്‍മാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button