Latest NewsArticleIndia

അസാമില്‍ ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് ഒരുലക്ഷം പേര്‍ പുറത്ത്; മനുഷ്യാവകാശത്തിന്റെ പേരില്‍ കണ്ണീരൊഴുക്കി പ്രതിഷേധിക്കാനിറങ്ങുന്നവര്‍ ഇത് കൂടി അറിയണം

രതി നാരായണന്‍

അനധികൃത കുടിയേറ്റം നാമാവശേഷമാക്കിയ സംസ്‌കാരത്തിന്റെയും ജീവിതരീതിയുടെയും പ്രത്യക്ഷ ഉദാഹരണമാണ് അസാം. അസാമിലെ കടന്നുകയറ്റക്കാര്‍ക്കെതിരെ മാറി മാറി ഭരിച്ച ഒരു സര്‍ക്കാരും നടപടിയെടുത്തിട്ടില്ല. കാരണം അവര്‍ ന്യൂനപക്ഷ മുസ്ലീം എന്ന വിഭാഗത്തിലായതിനാല്‍ അത് വോട്ട് ബാങ്കിലും തങ്ങളുടെ രാഷ്ട്രീയ ഭാവിയ്ക്കും പ്രശ്നമാകുമെന്ന് ഭരണത്തിലിരിക്കുന്നവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ മോദി സര്‍ക്കാര്‍ ഇപ്പോള്‍ ഇടംവലം നോക്കാതെ അക്കാര്യത്തില്‍ തീരുമാനമെടുക്കുമ്പോള്‍ അനുകൂലിച്ചായിരിക്കില്ല എതിര്‍ത്തായിരിക്കും മുദ്രാവാക്യങ്ങള്‍ മുഴങ്ങാനിരിക്കുന്നത്.

അന്നേ പറഞ്ഞു സുപ്രീംകോടതി ഇത് ശരിയാകില്ലെന്ന്

രാജ്യത്തിന് സുരക്ഷാഭീഷണി തീര്‍ത്ത ബംഗ്ലാദേശിലെ നുഴഞ്ഞുകയറ്റക്കാര്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തിന്നുതീര്‍ക്കുകയാണ്. അനധികൃത കടന്നുകയറ്റം തടയാന്‍ സര്‍ക്കാര്‍ നടപടിയെടുത്തിലെങ്കില്‍ പ്രശ്നം ഗുരുതരമാകും. -2001 ഫെബ്രുവരി ആറിനാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്. ചീഫ് ജസ്റ്റിസ് എ.എസ്. ആനന്ദ്, ജസ്റ്റിസുമാരായ ആര്‍.സി. ലാഹിറി, ബ്രജേഷ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതായിരുന്നു നിരീക്ഷണം. 2005 ജൂലൈയില്‍ കോടതി വീണ്ടും പ്രശ്നത്തില്‍ ഇടപെട്ടു.

supreme-court

നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ എത്രയും പെട്ടെന്ന് തിരിച്ചയക്കണമെന്ന് ജസ്റ്റിസുമാരായ ലഹോട്ടി, മാത്തൂര്‍, ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദ്ദേശിച്ചു. ഇതനുസരിക്കാത്ത സര്‍ക്കാരിന് 2006 ഡിസംബര്‍ അഞ്ചിന് എസ്.പി. സിന്‍ഹ, പി.കെ.ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റക്കാര്‍ ആസാമിലെ കിംഗ് മേക്കര്‍മാരാകുന്നു എന്ന് 2008 ജൂലൈ 23 ന് പുറപ്പെടുവിച്ച് ഉത്തരവില്‍ ഗുവാഹത്തി ഹൈക്കോടതിയും നിരീക്ഷിച്ചു. പരമോന്നത നീതിപീഠത്തില്‍ നിന്ന് പലതവണ കുടിയേറ്റക്കാരുടെ പ്രശ്നത്തില്‍ താക്കീതുണ്ടായിട്ടും ഈ വിഷയത്തില്‍ യാതോരു മുന്നറിവും ഇല്ലാത്തതു പോലെയായിരുന്നു അന്ന് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും പ്രതികരിച്ചത്.

പുറത്തായത് ഒരു ലക്ഷം ആളുകള്‍

എന്നാല്‍ ഇപ്പോള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് ഒരു ലക്ഷം ആളുകളാണ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ കരടുപട്ടിക സൂക്ഷ്മപരിശോധന നടത്തിയാണ് പുറത്താക്കല്‍ തീരുമാനം. പുറത്തായവരെ ഇക്കാര്യം കത്തിലൂടെ വിവരം അറിയിക്കും. അതേസമയം, ജൂലൈ 11 വരെ പൗരത്വത്തിന് അവകാശവാദം ഉന്നയിക്കാന്‍ പുറത്താക്കപ്പെട്ടവര്‍ക്ക് സാവകാശം നല്‍കിയാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. 2018 ജൂലൈ 30 നാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്റര്‍ കരടുപട്ടിക പ്രസിദ്ധീകരിച്ചത്. 3.28 കോടി പേര്‍ പൗരത്വത്തിനായി അപേക്ഷിച്ചെങ്കിലും അതില്‍ 2.89 പേര്‍ക്കു മാത്രമാണ് കരടുപട്ടികയില്‍ ഇടം നേടാനായത്. അതില്‍ നിന്നാണ് ഇപ്പോള്‍ ഒരു ലക്ഷം പേരെ കൂടി ഒഴിവാക്കിയത്.

ആകെ ലഭിച്ച പൗരത്വ അപേക്ഷകള്‍ 3.28 കോടിയാണ്. ഇതില്‍ രണ്ടു കോടിയോളം പൗരത്വരേഖകളാണു പരിശോധിച്ചത്. 38 ലക്ഷം പേരുടെ രേഖകള്‍ സംശയകരമായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഉള്‍പ്പടെ 40,000 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് എന്‍ആര്‍സി പട്ടിക തയ്യാറാക്കിയത്. ഇതിനായി സംസ്ഥാനത്ത് 6500 എന്‍ആര്‍സി സെന്ററുകള്‍ ആരംഭിച്ചിരുന്നു. അനധികൃത കുടിയേറ്റത്തിന്റെ കെടുതികള്‍ ഏറെ അനുഭവിക്കുന്ന സംസ്ഥാനമാണ് അസം. അതിനാല്‍ തന്നെ പൗരത്വ ഭേദഗതിക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പ് ഉയരുന്നതും അസമില്‍ നിന്നാണ്. പൗരത്വ നിയമത്തില്‍ വരുത്തുന്ന ഭേദഗതി അസമില്‍ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് പ്രക്ഷോഭത്തിനു നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ പറയുന്നത്.

കടന്നുകയറ്റം തുടങ്ങിയത് 60-70കളില്‍

1960 -70കളിലാണ് ആസാമിലേക്ക് അഭയാര്‍ത്ഥികള്‍ കൂട്ടത്തോടെ കുടിയേറാന്‍ തുടങ്ങിയത്. 65 ലും 71 ലുമായി നടന്ന ഇന്ത്യ പാക്കിസ്താന്‍ യുദ്ധത്തിന്റെ ഫലമായിരുന്നു അഭയാര്‍ത്ഥി പ്രവാഹം. 1971 ലെ ബംഗ്ലോദേശ് ഓപ്പറേഷന്‍ സമയത്ത് കിഴക്കന്‍ പാക്കിസ്ഥാനില്‍ നിന്ന് ഒട്ടേറെപ്പേരെ ഒഴിപ്പിക്കുകയും അതിര്‍ത്തിസംസ്ഥാനങ്ങളിലെ താത്ക്കാലിക ക്യാമ്പുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ബംഗ്ലാദേശ് രൂപീകൃതമായാതോടെ ഇവരില്‍ ഭൂരിപക്ഷവും തിരികെ പോയി. എന്നാല്‍ ഒരു വിഭാഗം അതിര്‍ത്തി സംസ്ഥാനങ്ങളില്‍ സ്ഥിരതാമസമാക്കി. കുടിയേറ്റക്കാരുടെ എണ്ണം കൂടിയതോടെ അതിര്‍ത്തിയിലുള്ള സര്‍ക്കാര്‍ സ്ഥലങ്ങള്‍ സര്‍ക്കാരിന് നഷ്ടമായി. മുമ്പ് പ്രാദേശിക ഭരണകൂടങ്ങളുടെയും തദ്ദേശീയരായ കര്‍ഷകരുടേതുമായിരുന്ന പല സ്ഥലങ്ങളും കുടിയേറ്റക്കാര്‍ അപഹരിച്ചു. തനത് വംശജരായ ബോഡോകളുടെ ജനസംഖ്യയെ ഇത് കാര്യമായി ബാധിച്ചു.

അന്നുമിന്നും തുറന്നുകിടക്കുന്ന അതിര്‍ത്തി

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കാരണം ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേണ്ട സംരക്ഷണമേര്‍പ്പെടുത്താനോ അതിര്‍ത്തിവേലി കെട്ടിത്തിരിക്കാനോ ഇന്നും കഴിഞ്ഞിട്ടില്ല. ഒട്ടേറെ നദികളും ഓവുചാലുകളുമുള്ളതിനാല്‍ പൂര്‍ണ്ണമായും അതിര്‍ത്തി തിരിച്ച് സുരക്ഷ ഏര്‍പ്പെടുത്തുക പ്രായോഗികമല്ല. ഇത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് യഥേഷ്ടം രാജ്യത്ത് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയാണ്. ഇന്ത്യ ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 50 കിലോമീറ്ററോളം സ്ഥലത്ത് യാതൊരു സുരക്ഷാക്രമീകരണങ്ങളുമില്ല. തുറന്നുകിടക്കുന്ന ഈ സ്ഥലത്ത് കൂടി ബംഗ്ലാദേശില്‍ നിന്ന് നൂറുകണക്കിനാളുകളാണ് ഇന്നും ആസാമിലേക്ക് കടക്കുന്നത്.
വ്യക്തികളും സംഘടനകളും എന്തിന് പരമോന്നത നിതിന്യായപീഠം വരെ അസന്ദിഗ്ദ്ധം ഉറപ്പിച്ചു പറയുന്നു ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലീം നുഴഞ്ഞുകയറ്റം തടയണമെന്ന്.

അമ്പരിപ്പിക്കുന്ന ജനസംഖ്യാകുതിപ്പ്

ജനസംഖ്യാകണക്കെടുപ്പുകളില്‍ അധികാരികളെപ്പോലും അമ്പരപ്പിച്ച് അതിര്‍ത്തി ഗ്രാമങ്ങളിലെ മുസ്ലീംജനസംഖ്യ കുത്തനെ വര്‍ദ്ധിക്കുകയാണ്. അതിര്‍ത്തി കടന്ന് അനധികൃതമായി കടന്നുവരുന്ന ഒരു വിഭാഗം കയ്യൂക്കും ആയുധവുമുപയോഗിച്ച് രാജ്യത്തെ കാടിന്റെയും നദികളുടെയും കൃഷിസ്ഥലങ്ങളുടെയും അധിപരാകുകയാണ്. ആസാമിലെ ജനസംഖ്യ 1901 ല്‍ 33 ലക്ഷത്തോളമായിരുന്നത് 1971 ല്‍ ഒന്നരക്കോടിയിലെത്തി. 71 ന് ശേഷം ആസാമില്‍ ബംഗാളി സംസാരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയായിരുന്നു. കാല്‍ക്കീഴില്‍ നിന്ന് മണ്ണൊലിച്ചുപോകുന്നതറിഞ്ഞ് ആദിമസംസ്‌ക്കാരവും ജീവിതശൈലിയും തുടച്ചുമാറ്റപ്പെടുന്നതറിഞ്ഞ് ബോഡോ വിഭാഗം സ്വതന്ത്രാധികാരാവകാശത്തിനായി വാദിച്ചു തുടങ്ങിയത് 60കളിലാണ്. എണ്‍പതിലും തൊണ്ണൂറുകളിലും സംഘര്‍ഷങ്ങള്‍ പതിവായി. സമാധാനമാര്‍ഗങ്ങളിലൂടെ നിലനില്‍പ്പിനായി പോരാടിയവര്‍ക്കൊപ്പം സായുധപോരാട്ടക്കാരും ചേര്‍ന്നു.

നുഴഞ്ഞുകയറ്റക്കാര്‍ക്കും പിന്തുണ

മുസ്ലീം ലിബറേഷന്‍ ടൈഗേഴ്സ് ഓഫ് ആസാം(എംഎല്‍ടിഎ) ആള്‍ മൈനോറിറ്റി സ്റ്റുഡന്‍സ് യൂണിയനുമാണ് നുഴഞ്ഞുകയറ്റക്കാരുടെ ശക്തി. ബോഡോലാന്‍ഡിലെ മുസ്ലീംങ്ങള്‍ക്കായി ആള്‍ ബോഡോലാന്‍ഡ് മൈനോറിറ്റി സ്റ്റുഡന്‍സ് യൂണിയന്‍ എന്ന സംഘടന വേറെയുമുണ്ട്. ക്രൂരമായ വംശീയസംഘര്‍ഷങ്ങളില്‍ ആസാം മുമ്പും പലതവണ കലാപത്തിലേക്ക് തള്ളിയിടപ്പെട്ടു. 1983 ലെ നിയമസഭാതെരഞ്ഞെടുപ്പിന് ശേഷം നടന്ന വിവാദമായ നെല്ലി കൂട്ടക്കൊലയില്‍ 3000 ത്തിലേറെ പേരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് 1993 ലും 94ലും 96ലും 2008ലും 2012 ലും ആസാമില്‍ ബോഡോവംശജരും നുഴഞ്ഞുകയറ്റ മുസ്ലീങ്ങളും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടന്നു. എന്തായാലും ആസാം ഇപ്പോള്‍ വാര്‍ത്തകളിലില്ല. ഒരിടവേളയുടെ ശാന്തതയിലാകാം. പക്ഷേ, അരക്ഷിതാവസ്ഥയുടെ അശാന്തിയിലാണ് ഓരോ കുടുംബവും. അവര്‍ക്കറിയാം അനധികൃത കുടിയേറ്റത്തിന് അറുതി വരാതെ ഒന്നിനും പരിഹാരമാകില്ലെന്നാണ്. അതിനുള്ള നടപടി സ്വീകരിച്ചുതുടങ്ങിയ ഒരു സര്‍ക്കാരില്‍ അവര്‍ക്ക് പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷ അസ്ഥാനത്താകില്ലെന്ന് കരുതാം

Tags

Related Articles

Post Your Comments


Back to top button
Close
Close