KeralaLatest NewsIndia

കണ്ണൂരില്‍ ഗ്രൂപ്പിസം പരസ്യമായതു സി.പി.എമ്മിനെ ഉലച്ചിരിക്കെ തിരുത്താതെ ‘പി.ജെ. ആര്‍മി’

ഇത്തരം ഫെയ്‌സ്‌ബുക്ക്‌ പേജുകളെ പി. ജയരാജന്‍ തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന പോസ്‌റ്റുകള്‍ ഇപ്പോഴും സജീവമാണ്‌

കണ്ണൂര്‍: ബിംബവല്‍ക്കരണം വേണ്ടെന്ന സി.പി.എം. നേതൃത്വത്തിന്റെ താക്കീതും പി. ജയരാജന്റെ അഭ്യര്‍ഥനയും തള്ളി അദ്ദേഹത്തിനുവേണ്ടി വീണ്ടും പി.ജെ. ആര്‍മി ഫെയ്‌സ്‌ബുക്ക്‌ പേജ്‌. ‘മുന്നില്‍നിന്നു വെട്ടിയിട്ട്‌ വീണില്ല, അപ്പോഴാണ്‌ പിന്നില്‍നിന്നു കുത്തിയാല്‍’ എന്നു ജയരാജന്റെ ചിത്രമടക്കമാണു പുതിയ പോസ്‌റ്റ്‌. പിണറായി വിജയനും കോടിയേരി ബാലകൃഷ്‌ണനും കൂടി പിന്തുണ അറിയിക്കുന്ന പോസ്‌റ്റുകളുമുണ്ട്‌. പാര്‍ട്ടിയുടെ കോട്ടയായ കണ്ണൂരില്‍ ഗ്രൂപ്പിസം പരസ്യമായതു സി.പി.എമ്മിനെ ഉലച്ചിരിക്കെയാണ്‌ അതിന്‌ ആക്കം കൂട്ടുന്ന തരത്തില്‍ പിജെ ആര്‍മി എന്ന ഫെയ്‌സ്‌ബുക്ക്‌ പേജില്‍ ചില പോസ്‌റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്‌.

ഇത്തരം ഫെയ്‌സ്‌ബുക്ക്‌ പേജുകളെ പി. ജയരാജന്‍ തള്ളിപ്പറഞ്ഞെങ്കിലും അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന പോസ്‌റ്റുകള്‍ ഇപ്പോഴും സജീവമാണ്‌. ഒരു യഥാര്‍ഥ കമ്യൂണിസ്‌റ്റ്‌ എങ്ങനെയായിരിക്കണമെന്ന ഇ.എം.എസിന്റെ പ്രസംഗവും ഇന്നലെ ഇതില്‍ ഉള്‍ക്കൊള്ളിച്ചു. ‘പി.ജെ’ എന്നതു തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ പേരു മാറ്റണമെന്ന്‌ കഴിഞ്ഞ ദിവസം പി. ജയരാജന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിനു പിന്നാലെ ഈ പേജിന്റെ അഡ്‌മിന്‍ ക്ഷമാപണവുമായി എത്തിയിരുന്നു. എന്നാല്‍ വീണ്ടും പി.ജെ. ആര്‍മി എന്ന ഗ്രൂപ്പില്‍ ജയരാജനെ പുകഴ്‌ത്തി പോസ്‌റ്റ്‌ പ്രത്യക്ഷപ്പെട്ടത്‌ ചര്‍ച്ചയായിരിക്കുകയാണ്‌.

പണ്ടൊരു തിരുവോണ നാളില്‍ വെട്ടിനുറുക്കപ്പെട്ടയാള്‍, അംഗപരിമിതനാക്കപ്പെട്ടയാള്‍, ഒരിക്കലും തിരികെ വരില്ലെന്ന്‌ കരുതിയവര്‍ക്കെല്ലാം ഉള്‍ക്കിടിലമായി അവശേഷിക്കുന്ന കൈയില്‍ ചുവന്ന പതാക തിരുകി പുഞ്ചിരിച്ചുകൊണ്ട്‌ കണ്ണൂരിന്റെ തെരുവുകളില്‍ ഇന്‍ക്വിലാബ്‌ മുഴക്കിയ ധീരത അതേ ചിരിയില്‍ ഇന്നും കണ്ണൂരിനെ നയിക്കുന്നുവെന്നും സ്‌നേഹാഭിവാദ്യങ്ങള്‍ എന്നും പറഞ്ഞുകൊണ്ടാണ്‌ പോസ്‌റ്റ്‌ അവസാനിക്കുന്നത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button