KeralaLatest News

വിവരാവകാശ നിയമപ്രകാരമുള്ള നിയന്ത്രണങ്ങളെ സര്‍ക്കാര്‍ വളച്ചൊടിക്കുന്നു; നദീജല വിവരങ്ങള്‍ തടയാന്‍ എങ്ങനെ സാധിക്കുമെന്ന് കോടതി

കൊച്ചി : സുപ്രീം കോടതിയിലും മറ്റുമുള്ള കേസുകള്‍ തീര്‍പ്പാകുംവരെ സംസ്ഥാനാന്തര നദീജല വിഷയങ്ങളിലെ വിവരങ്ങളും രേഖകളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്തരുതെന്ന് ഉത്തരവിടാന്‍ സര്‍ക്കാരിന് എങ്ങനെ സാധിക്കുമെന്നു ഹൈക്കോടതി.

രാജ്യസുരക്ഷയും പരമാധികാരവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കുള്ള നിയന്ത്രണത്തിന്റെ മറവില്‍ നദീജല വിഷയങ്ങളിലെ വിവരങ്ങള്‍ നിഷേധിക്കുന്നതു നിയമപരമല്ലെന്ന് ഹര്‍ജിഭാഗം വാദിച്ചു. ഏതൊക്കെ വിവരങ്ങള്‍ നല്‍കാന്‍ നിയന്ത്രണമുണ്ടെന്നു നിയമത്തില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. അതുപ്രകാരമല്ലാത്ത സര്‍ക്കാര്‍ ഉത്തരവ് നിയമ വ്യവസ്ഥകള്‍ക്കു നിരക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.

പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരും അപ്ലറ്റ് അധികാരികളും സംസ്ഥാന വിവരാവകാശ അധികൃതരും സര്‍ക്കാരിന്റെ ഈ ഉത്തരവു പരിഗണിക്കാതെ നിയമപ്രകാരം നടപടിയെടുക്കാന്‍ കോടതി നിര്‍ദേശിച്ചു. 2014 ജൂലൈയിലെ സര്‍ക്കാര്‍ ഉത്തരവിനെതിരെ ആര്‍ടിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് ഡി.ബി. ബിനു സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഉത്തരവ്.

ചിലതരം വിവരങ്ങള്‍ നല്‍കാതിരിക്കാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍മാരെയും അപ്ലറ്റ് അധികാരികളെയും സ്വാധീനിക്കുന്ന തരത്തിലുള്ള ഉത്തരവാണു സര്‍ക്കാര്‍ പുറപ്പെടുവിച്ചതെന്ന് കോടതി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button