Latest NewsInternational

കുറ്റവാളി കൈമാറ്റ ബില്ലിനെതിരെ പ്രതിഷേധം; അസംബ്ലി മന്ദിരം കയ്യേറിയവരെ ബലമായി ഒഴിപ്പിക്കുന്നു

ഹോങ്കോങ് : കുറ്റവാളി കൈമാറ്റ ബില്ലിനെച്ചൊല്ലി ഹോങ്കോങ്ങില്‍ ആരംഭിച്ച ജനകീയ പ്രക്ഷോഭം അധികാരക്കൈമാറ്റ സമരമായി മാറുന്നു. അസംബ്ലി മന്ദിരം കൈയേറിയ പ്രക്ഷോഭകരെ പൊലീസ് ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ പലതവണ കണ്ണീര്‍വാതക പ്രയോഗവും ലാത്തിച്ചാര്‍ജും വേണ്ടിവന്നു.

സര്‍ക്കാര്‍ ഓഫിസുകളില്‍ തള്ളിക്കയറിയ പ്രക്ഷോഭകര്‍ കംപ്യൂട്ടറും മറ്റും നശിപ്പിച്ചതിനാല്‍ പ്രവര്‍ത്തനം സാധാരണ നിലയിലായിട്ടില്ല. സ്വതന്ത്ര നഗരമെന്ന ഹോങ്കോങ്ങിന്റെ പ്രശസ്തി ചൈനയുടെ കീഴില്‍ നഷ്ടമാകുന്നതിന്റെ രോഷം എങ്ങും പ്രകടമാണ്. എന്നാല്‍ ഹോങ്കോങ്ങിന്റെ അവകാശങ്ങളൊന്നും കവരില്ലെന്ന് ചൈന ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ജനം വിശ്വസിക്കുന്നില്ല. കുറ്റവാളിക്കൈമാറ്റ ബില്‍ മരവിപ്പിച്ചിട്ടും പ്രക്ഷോഭത്തിനു ശമനമുണ്ടാകാത്തതും ഇതുകൊണ്ടാണ്. പ്രക്ഷോഭകരെ പിന്തുണയ്ക്കുന്ന യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ നിലപാട് അപലപനീയമാണെന്നു ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ചൈനയെ അന്ധമായി പിന്തുണയ്ക്കുന്ന ഹോങ്കോങ്ങിന്റെ ‘ഉരുക്കു വനിത’ എന്നറിയപ്പെട്ടിരുന്ന ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം സ്ഥാനമൊഴിയണമെന്ന മുദ്രാവാക്യത്തിനും തീവ്രതയേറി. ‘ഒരു രാജ്യം, 2 ഭരണസംവിധാനം’ എന്ന വ്യവസ്ഥയില്‍ ചൈനയുടെ ഭാഗമായ ഹോങ്കോങ്ങിന് ബ്രിട്ടന്റെ കീഴില്‍ നേരത്തേ ലഭിച്ചിരുന്ന സ്വാതന്ത്ര്യം നഷ്ടമാകുന്നതിലുള്ള അമര്‍ഷമാണ് പ്രക്ഷോഭത്തില്‍ പ്രകടമായത്. ഇതേസമയം, ഹോങ്കോങ് ജനതയുടെ അവകാശങ്ങള്‍ സംരക്ഷിച്ചില്ലെങ്കില്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ബ്രിട്ടന്‍ മുന്നറിയിപ്പു നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button