Latest NewsUAEGulf

കാറില്‍ പൂട്ടിയിട്ടുപോയ പൂച്ച ചത്തു; ഉടമയ്‌ക്കെതിരെ പ്രതിഷേധം

ദുബായ്: ഉടമ കാറില്‍ പൂട്ടിയിട്ടുപോയ വളര്‍ത്തു പൂച്ച ചത്തു. രണ്ടു മണിക്കൂറിലധികം പൂട്ടിയിട്ടിരുന്ന കാറിനുള്ളിലായിരുന്നു റോസി എന്ന പൂച്ച. ഇതിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍ കേട്ട് യുഎഇ ആനിമല്‍ ആക്ഷന്‍ ഗ്രൂപ്പിലെ സന്നദ്ധ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

”ഒന്നര മണിക്കൂറിലധികം പൂച്ച കാറില്‍ നിന്നും രക്ഷപെടാനുള്ള ശ്രമം നടത്തിയിരുന്നതായി പാര്‍ക്കിംഗ് സ്ഥലത്തുണ്ടായിരുന്ന ചില സാക്ഷികള്‍ തങ്ങളോട് വെളിപ്പെടുത്തിയതായി മൃഗസംരക്ഷക പ്രവര്‍ത്തകര്‍ ബുധനാഴ്ച ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. കാറില്‍ നിന്നും പുറത്തെടുത്ത പൂച്ചയുടെ ശരീരം നനച്ച് കൊടുത്തതോടെ ആശ്വാസം പ്രകടിപ്പിച്ചെങ്കിലും അധികം വൈകാതെ തന്നെ അവശയാവുകയായിരുന്നുവെന്ന് ഇവര്‍ പറയുന്നു. പൂച്ചയുടെ നാഡീവ്യൂഹത്തിന് തകരാര്‍ സംഭവിക്കുകയും വൃക്ക അടക്കമുള്ള മറ്റ് ആന്തരികാവയവങ്ങള്‍ തകരാറിലാവുകയും ചെയ്തിരുന്നു.

കാറിനുള്ളില്‍ പൂട്ടിയിട്ട് പോയാല്‍ പൂച്ചയുടെ ജീവന് ആപത്തുണ്ടാകുമെന്ന കാര്യം ഉടമയ്ക്ക് അറിയില്ലായിരുന്നു. ഉടമ തന്റെ പ്രിയപ്പെട്ട പൂച്ചയ്ക്കായി കാറില്‍ വെള്ളം കരുതിയിരുന്നു. മാത്രമല്ല കാറിന്റെ ജനല്‍ അവര്‍ അല്‍പ്പം തുറന്നു വയ്ക്കുകയും ചെയ്തിരുന്നു. അവശനിലയിലായ പൂച്ചയെ തന്റെ കാറിനുള്ളില്‍ നിന്നും ആരോ രക്ഷിക്കാന്‍ ശ്രമിച്ചതാണെന്ന് ഉടമ തിരിച്ചറിഞ്ഞില്ല. കാറിനുള്ളില്‍ നിന്നും റോസിയെ ആരോ മോഷ്ടിച്ചതാണെന്നാണ് അവര്‍ കരുതിയത്. അതിനാല്‍ തന്നെ അത് ചത്തുപോയി എന്നു വിശ്വസിക്കാന്‍ അവര്‍ക്കായില്ലെന്നും രക്ഷാപ്രവര്‍ത്തക സംഘത്തിലെ ഒരാള്‍ പറഞ്ഞു. എന്നാല്‍ ഇത് ഉടമ മനഃപൂര്‍വ്വം ചെയ്ത കുറ്റമല്ലെന്നും കാര്‍ ഇത്തരത്തില്‍ പാര്‍ക്ക് ചെയ്ത് പോകുമ്പോള്‍ അതിനുള്ളില്‍ ഉണ്ടാകുന്ന ചൂടിനെക്കുറിച്ച് ഉടമ മനസിലാക്കുന്നില്ലെന്നും വളര്‍ത്തുമൃഗങ്ങളെ കാറില്‍ പൂട്ടിയിട്ട് പോകുന്ന എല്ലാ ഉടകള്‍ക്കും ഈ സംഭവം ഒരു പാഠമാകട്ടെ എന്നും സംഘം പറഞ്ഞു. കാറില്‍ എസി പ്രവര്‍ത്തിക്കാത്ത സമയത്ത് കുട്ടികളെയോ നായ, പൂച്ച മുതലായ വളര്‍ത്തു മൃഗങ്ങളെയോ അതിനുള്ളിലാക്കി പോകരുതെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉടമയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കാര്‍ പൂട്ടിയിട്ട് പോകുമ്പോള്‍ അതിനുള്ളിലെ താപനില 20 ഡിഗ്രിയിലധികം ഉയരുന്നുണ്ടെന്ന സാങ്കേതിക വശങ്ങളും ചിലര്‍ ചുണ്ടിക്കാണിക്കുന്നുണ്ട്. എന്നാല്‍ പൂച്ചയുടെ ഉടമയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button