KeralaNews

കേരളത്തില്‍ വന്‍ ജലക്ഷാമം വരാനിരിക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്

 

ഇടുക്കി: സംസ്ഥാനത്ത് വന്‍ ജലക്ഷാമം ഉണ്ടായേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പ്. ജൂണില്‍ സാധാരണയായി ലഭിക്കേണ്ട മഴയില്‍ 40 ശതമാനത്തിലേറെ കുറവുണ്ടായിട്ടുണ്ട്. വയനാട്, ഇടുക്കി തുടങ്ങിയ മലോയര മേഖലകളിലാണ് ഇക്കുറി ഏറ്റവും കുറവ് മഴ ലഭിച്ചിരിക്കുന്നത്. മലയോര മേഖലയിലെ മഴയുടെ ലഭ്യത കുറഞ്ഞതോടെ ഡാമുകളും വരണ്ടുണങ്ങുകയാണ്. മൂന്നാറിലെ ജലാശയങ്ങളാണ് പ്രധാനമായും വരള്‍ച്ചാ ഭീഷണി നേരിടുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി മാട്ടുപ്പെട്ടി, കുണ്ടള ഡാമുകള്‍ തുറന്നുവിട്ടത് കുടിവെള്ള പ്രശ്‌നവും രൂക്ഷമാക്കി. ജൂണ്‍ ആദ്യവാരത്തില്‍ മൂന്നാറിലെ കുന്നിന്‍ ചെരുവുകളില്‍ ശക്തമായ മഴ പെയ്തിറങ്ങിയതോടെയാണ് ജലാശയങ്ങള്‍ തുറന്നുവിടാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. എന്നാല്‍ പിന്നീട് പ്രതീക്ഷകള്‍ക്ക് വിരുദ്ധമായി മഴയുടെ ലഭ്യത ഗണ്യമായി കുറഞ്ഞു. ജൂണില്‍ സാധാരണ ലഭിക്കാറുള്ള മഴയുടെ ഏതാണ്ട് പകുതി മാത്രമെ ലഭ്യമായുള്ളു. ഇതോടെ ഡാമിലെ ജലനിരപ്പില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. ചൂട് ശക്തമായതോടെ മാട്ടുപ്പെട്ടി ജലാശയങ്ങളിലേക്കുള്ള നീരൊഴുക്ക് പൂര്‍ണ്ണമായി നിലച്ചിരിക്കുകയാണ്.

ഇവിടെ ജില്ലാ ടൂറിസവും ഹൈഡല്‍ ടൂറിസം വകുപ്പും നടത്തിവന്ന ബോട്ടിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണ്. മേഖലയിലെ ടൂറിസം വരുമാനത്തിലും വലിയ നഷ്ടമുണ്ടായിട്ടുണ്ട്. ബോട്ടിംഗ് നിര്‍ത്തിവെക്കുന്നത് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടാക്കുക. എന്നാല്‍ ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ദ്ധിക്കാതെ ബോട്ടിംഗ് പുനരാരംഭിക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കാത്ത സാഹചര്യത്തില്‍ വൈദ്യുത നിയന്ത്രണം നടപ്പിലാക്കേണ്ടി വരുമെന്ന് മന്ത്രി എം.എം മണി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സംസ്ഥാനത്തെ ജലസംഭരണികളില്‍ ജലക്ഷാമമുണ്ട്, ഈ സാഹചര്യം തുടരുകയാണെങ്കില്‍ സംസ്ഥാനത്ത് വൈദ്യുത നിയന്ത്രണം നടപ്പിലാക്കേണ്ടി വരും. കൂടംകുളം വൈദ്യുതി ലൈന്‍ പൂര്‍ണ്ണമായിരുന്നെങ്കില്‍ പ്രതിസന്ധി ഉണ്ടാകില്ലായിരുന്നുവെന്നും എം.എം മണി ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.

സംസ്ഥാനത്ത് മൊത്തം 44.25 ശതമാനം മഴയുടെ കുറവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. വയനാട്ടില്‍ ജൂണില്‍ ലഭിക്കേണ്ട മഴയില്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഇടുക്കി (55%), കാസര്‍കോട് (51%), തൃശൂര്‍ (48%), പത്തനംതിട്ട (46%), മലപ്പുറം (46%), പാലക്കാട് (45%), എറണാകുളം (43%), കൊല്ലം (42%), കണ്ണൂര്‍ (40%) എന്നിങ്ങനെയാണ് മഴ കുറഞ്ഞത്.

100 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും കുറവ് മഴയാണ് ഈ ജൂണില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 1920 മുതല്‍ വെറും നാലു വര്‍ഷം മാത്രമേ മഴ ഇത്രയും കുറവ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളൂ. 2009 (85.7 എംഎം), 2014 (95.4 എംഎം), 1926 (98.7 എംഎം), 1923 (102 എംഎം) എന്നതായിരുന്നു കണക്ക്. ജൂലൈ രണ്ടാം വാരം മുതല്‍ കാലവര്‍ഷം മഴ ശക്തമാകുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button