Latest NewsKerala

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; കോടതിച്ചെലവ് ആവശ്യപ്പെട്ട് അഭിഭാഷകന്‍, കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ സുരേന്ദ്രന്റെ തീരുമാനം ഇങ്ങനെ

കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ഹര്‍ജിക്കാരനായ സുരേന്ദ്രനില്‍ നിന്ന് കോടതിച്ചെലവ് ഈടാക്കിക്കിട്ടണമെന്ന് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കോടതിച്ചെലവ് ആവശ്യപ്പെടുകയാണ് എന്നുണ്ടെങ്കില്‍ താന്‍ ഹര്‍ജി പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് സുരേന്ദ്രന്‍ കോടതിയില്‍ അറിയിക്കുകയായിരുന്നു.

ഇതുസംബന്ധിച്ച് വാദം കേള്‍ക്കാന്‍ കോടതി കേസ് ഈ മാസം 15 -ലേക്ക് മാറ്റിവച്ചു. മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കാനിരിക്കവേയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ സുരേന്ദ്രനില്‍ നിന്നും കോടതിച്ചെലവ് കിട്ടണം എന്ന ആവശ്യവുമായി മുന്നോട്ടുവന്നത്.

2016 ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പി ബി അബ്ദുല്‍ റസാഖിനോട് 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ അബ്ദുള്‍ റസാഖിന്റെ വിജയം കള്ളവോട്ടിലൂടെയെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 89 വോട്ടുകള്‍ക്കാണ് അബ്ദുല്‍ റസാഖ് വിജയിച്ചത്.

മരിച്ചു പോയവരുടെയും വിദേശത്തുള്ളവരുടെയും പേരില്‍ റസാഖിന് അനുകൂലമായി കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും ഇവരുടെ വോട്ട് ഒഴിവാക്കിയാല്‍ തെരഞ്ഞെടുപ്പ് ഫലം മറ്റൊന്നാകുമെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ കോടതിയെ സമീപിച്ചത്. കേസിലെ കക്ഷികള്‍ക്ക് സമന്‍സ് എത്തിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യത്തില്‍ മുഴുവന്‍ സാക്ഷികളെയും വിസ്തരിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രന്‍ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയത്.

കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഹര്‍ജി പിന്‍വലിക്കുന്നതില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് അബ്ദുള്‍ റസാഖിന്റെ അഭിഭാഷകന്‍ കോടതിച്ചെലവ് സുരേന്ദ്രനില്‍ നിന്ന് ഈടാക്കിക്കിട്ടണം എന്ന ആവശ്യമുന്നയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button