ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ നടത്തിയ കന്നി പ്രസംഗത്തിൽ വന്ന തെറ്റുകൾ മൂലം എ എം ആരിഫിനെതിരെ ട്രോളുകൾ വരുന്നതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് എംപി രമ്യഹരിദാസ്.സിപിഎം എംപി എ എം ആരിഫ് ഭാഷ നന്നായി കൈകാര്യം ചെയ്യുന്നയാളാണെന്നും എന്താണ് അന്ന് സംഭവിച്ചതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും രമ്യ പറയുകയുണ്ടായി. എല്ലാവരും മുന്‍കൂട്ടി എഴുതി തയാറാക്കിയ പേപ്പറാണ് പ്രസംഗത്തിനായി കൊണ്ടുപോകുക. എന്നാൽ തന്റെ കന്നി പ്രസംഗത്തില്‍ പ്രശ്‌നം ഒന്നും ഉണ്ടായില്ലെന്നും ഹിന്ദി കുറച്ചൊക്കെ വശമുണ്ടെന്നും അവർ പറഞ്ഞു. ഇനി അഥവാ പ്രശ്‌നം ഉണ്ടെങ്കിലും ഇംഗ്ലീഷ് തര്‍ജമ ലഭ്യമാണെന്നും രമ്യ കൂട്ടിച്ചേർത്തു.
ജൂണ്‍ 27നായിരുന്നു എ എം ആരിഫിന്റെ കന്നിപ്രസംഗം. താന്‍ മൂന്ന് ദിവസമായി കന്നിപ്രസംഗത്തിന് അവസരം കാത്തിരിക്കുകയായിരുന്നുവെന്ന് പറഞ്ഞ് പ്രസംഗം തുടങ്ങിയ എംപി കുറച്ച് നേരം പതറി നിന്നു. മൊബൈലിലുള്ള തന്റെ പ്രസംഗം വായിക്കാന്‍ അദ്ദേഹത്തിന് ബുദ്ധിമുട്ട് നേരിടുകയായിരുന്നു. ഇതോടെ ‘മൊബൈല്‍ ഓണ്‍ തന്നെയാണോ’ എന്ന് സ്പീക്കര്‍ ഓം ബിര്‍ള ആരിഫിനോട് ചോദിക്കുകയുണ്ടായി, ഇതാണ് എം.പിക്കെതിരെ ട്രോളുകൾ ഉണ്ടാകാൻ കാരണം.
Post Your Comments