
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പരാതി പരിഹാര സെല്ലിലൂടെ ജനങ്ങള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 10 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. മന്ത്രി ജി. സുധാകരനാണ് ഇക്കാര്യം അറിയിച്ചത്. ക്രമക്കേട് നടത്തിയെന്ന പൊതുജനങ്ങളുടെ പരാതിയെ തുടര്‍ന്നാണ് നടപടി.
2017 സെപ്തംബര്‍ മുതല്‍ ഇതുവരെ 11,086 പരാതികളാണ് പരാതി പരിഹാര സെല്ലില്‍ എത്തിയത്. മാസത്തിലൊരിക്കല്‍ മന്ത്രി നോരിട്ടു പങ്കെടുക്കുന്ന പരിപാടി ഈ മാസം മുതല്‍ രണ്ട് മണിക്കൂറായി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രവൃത്തി ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് 7.30നുവരെ പരാതി പരിഹാസ സെല്‍ പ്രവര്‍ത്തിക്കും. 1800425771 എന്ന നമ്പറില്‍ വിളിച്ച് പരാതികള്‍ അറിയിക്കാം.
കഴിഞ്ഞ ജൂണില്‍ നിര്‍മ്മാണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് റോഡുകളുടെ ചുമതലയുള്ള എട്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിലെ പരാതിപരിഹാര സെല്ലില്‍ മന്ത്രി ജി. സുധാകരന്‍ നേരിട്ടു പരാതി സ്വീകരിക്കുന്നതിനിടെയാണ് പാങ്ങോട്-ചടയമംഗലം റോഡിനെക്കുറിച്ചും ചെങ്ങമനാട്-അഞ്ചല്‍ റോഡിനെക്കുറിച്ചും ആരോപണങ്ങള്‍ കേട്ടത്. ഇതോടൊപ്പം പത്രവാര്‍ത്തകളിലൂടെ ശ്രദ്ധയില്‍പ്പെട്ട ശാസ്താംകോട്ട-കോടതി സമുച്ചയം റോഡിന്റെ പ്രവൃത്തിയും അന്വേഷിക്കാന്‍ ചീഫ് എന്‍ജിനീയറോട് നിര്‍ദേശിക്കുകയായിരുന്നു.
Post Your Comments