NewsInternational

യുറേനിയം സമ്പുഷ്ടീകരണം ഉയര്‍ത്തിയതായി ഇറാന്‍

 

ജനീവ: പേര്‍ഷ്യന്‍ ഗള്‍ഫ് മേഖലയില്‍ യുദ്ധകാഹളം മുഴക്കുന്ന അമേരിക്ക തീവ്ര ഉപരോധം തുടരുന്ന സാഹചര്യത്തില്‍, യുറേനിയം സമ്പുഷ്ടീകരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയ 2015ലെ രാജ്യാന്തര കരാറിലെ നിബന്ധന മറികടന്നതായി ഇറാന്‍ പ്രഖ്യാപിച്ചു. ഊര്‍ജ ആവശ്യത്തിനായി യുറേനിയം സമ്പുഷ്ടീകരണം നാലര ശതമാനമായി ഉയര്‍ത്തിയതായി ഇറാന്‍ ആണവോര്‍ജ സംഘടന പ്രതിനിധി ബെഹ്റൗസ് കമാല്‍വാന്‍ഡി പറഞ്ഞു. കരാര്‍ പ്രകാരം 3.7 ശതമാനമായിരുന്നു പരിധി.

ഇറാനുമേലുള്ള ഉപരോധം ഇനിയും തീവ്രമാക്കുമെന്ന് അമേരിക്ക പ്രതികരിച്ചു. ആണവപരിപാടിയുമായി മുന്നോട്ടുപോയാല്‍ ശക്തമായ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചു. ആണവസമ്പുഷ്ടീകരണം നിര്‍ത്തിവയ്ക്കാന്‍ ഇറാന്‍ സന്നദ്ധമാകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാഷ്ട്രങ്ങളും ഇറാനെതിരെ രംഗത്തുവന്നു.

ദീര്‍ഘകാലത്തെ ചര്‍ച്ചയ്ക്കുശേഷം ഇറാനും ആറ് ലോകരാഷ്ട്രങ്ങളും എത്തിച്ചേര്‍ന്ന 2015ലെ ചരിത്രപരമായ കരാറില്‍നിന്ന് പിന്മാറിയതായി അമേരിക്ക 2018 മേയില്‍ പ്രഖ്യാപിച്ചിരുന്നു. കരാര്‍ പ്രകാരമുള്ള ഉപരോധ ഇളവുകള്‍ ഇറാന് ലഭ്യമാക്കാന്‍ കരാറില്‍ ഒപ്പിട്ട ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ നിലപാട് എടുക്കണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരുവര്‍ഷത്തോളമായിട്ടും ഇക്കാര്യത്തില്‍ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണ കരാറില്‍നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button