NewsIndia

ആരോഗ്യമേഖലയിലെ റാങ്കിംഗ് പുനഃപരിശോധിക്കണമെന്ന് നീതി ആയോഗിനോട് തമിഴ്നാട്

 

ന്യൂഡല്‍ഹി: ആരോഗ്യ മേഖലയില്‍ സംസ്ഥാനങ്ങള്‍ക്ക് റാങ്കിംഗ് നല്‍കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്. ആരോഗ്യ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന സംസ്ഥാനങ്ങളിലൊന്നായ തമിഴ്നാടിന് നീതി ആയോഗിന്റെ ഈ വര്‍ഷത്തെ റാങ്കിംഗില്‍ ഒമ്പതാം സ്ഥാനമാണ് ലഭിച്ചത്. 2015-16 വര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സംസ്ഥാനം ഒരു വര്‍ഷത്തിനിടയില്‍ ആറ് സ്ഥാനങ്ങള്‍ പിന്നോട്ടു പോയതാണ് റാങ്കിംഗ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെടാന്‍ കാരണം. എന്നാല്‍ ഇക്കാര്യം അടുത്ത വര്‍ഷം പരിഗണിക്കാമെന്നാണ് നീതി ആയോഗ് നല്‍കിയിരിക്കുന്ന മറുപടി. 2016-17 വര്‍ഷത്തെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇപ്പോള്‍ ലഭിച്ച മോശം റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിന് ഫണ്ടുകള്‍ നഷ്ടമാകാന്‍ ഇടയുണ്ടെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷനിലെ ഒരു മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് അഭിപ്രായപ്പെട്ടതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റാങ്കിംഗിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന 40 ശതമാനം ഇന്‍സെന്റീവുകളും നഷ്ടമാകും. ആശുപത്രികളുടെ നിലവാരം, പ്രതിരോധ മരുന്നുകളുടെ വിതരണം, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പബ്ലിക് ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവ മാനദണ്ഡമാക്കിയാണ് സംസ്ഥാനങ്ങളുടെ റാങ്കിംഗ് നടത്തിയത്. കേരളമാണ് തുടര്‍ച്ചയായി ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്താറുള്ളത്.

ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. വിലയിരുത്തലില്‍ പിഴവകളുണ്ടായിട്ടുണ്ടെന്നാണ് തമിഴ്നാട് ആരോപിക്കുന്നത്. തെറ്റായ രീതികളും സൂചനകളുമാണ് ഉപയോഗിച്ചതെന്ന് വിലയിരുത്തല്‍ ഘട്ടത്തില്‍ നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിനെ അറിയിച്ചിരുന്നുവെന്നും തമിഴ്നാട് അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button