KeralaNews

മാധ്യമം പത്രത്തിലെ അഴിമതി അന്വേഷണ റിപ്പോര്‍ട്ട്; ജമാഅത്ത് നേതൃത്വം തള്ളി

 

കോഴിക്കോട്: മുഖപത്രമായ മാധ്യമത്തില്‍ കോടികളുടെ അഴിമതി നടന്നതായ അന്വേഷണ റിപ്പോര്‍ട്ട് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ഉന്നതാധികാര സമിതി (ശൂറ കൗണ്‍സില്‍) തള്ളി. റിപ്പോര്‍ട്ട് ഏകപക്ഷീയമാണെന്ന് പറഞ്ഞാണ് ഒഴിവാക്കിയത്. അതേസമയം അഴിമതിക്കാരെ സംരക്ഷിക്കുന്നതാണ് നേതൃത്വത്തിന്റെ തീരുമാനമെന്ന് ആക്ഷേപിച്ച് ജമാഅത്തില്‍ എതിര്‍പ്പും ഭിന്നതയും ശക്തമായി. സംസ്ഥാന അമീറടക്കമുള്ളവര്‍ക്കെതിരായാണ് വിമര്‍ശം. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയ ശൂറ കൗണ്‍സില്‍ അംഗം ഖാലീദ് മൂസ നദ്വിയെ പിന്തുണച്ചാണ് കീഴ്ഘടകങ്ങളിലുയരുന്ന അഭിപ്രായങ്ങള്‍.

നാലംഗ സമിതിയുടെ റിപ്പോര്‍ട്ട് ഏകപക്ഷീയമെന്ന് പറഞ്ഞാണ് ജമാഅത്തിലെ ഉന്നതര്‍ തള്ളിയത്. റിപ്പോര്‍ട്ടിന് പകരം സംസ്ഥാന അമീര്‍ എം എസ് അബ്ദുള്‍ അസീസ് മറ്റൊരു റിപ്പോര്‍ട്ടുണ്ടാക്കി. അതാണ് ശൂറ കൗണ്‍സില്‍ അംഗീകരിച്ചത്. ആദ്യ റിപ്പോര്‍ട്ട് അബ്ദുള്‍ ഹക്കീം നദ്വി, കൂട്ടില്‍ മുഹമ്മദാലി, കെ എസ് യൂസഫ് ഉമരി, ടി മുഹമ്മദ് വേളം എന്നിവര്‍ ചേര്‍ന്നാണ് തയ്യാറാക്കിയിരുന്നത്. മാധ്യമത്തില്‍ സ്ഥലമെടുപ്പ്, യന്ത്രങ്ങള്‍ വാങ്ങല്‍ തുടങ്ങി വിവിധ തട്ടുകളില്‍ കോടികളുടെ ക്രമക്കേട് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.

അഴിമതിക്ക് പിന്നില്‍ ജമാഅത്ത് ഉന്നതരുടെ ബന്ധുക്കളും ഇഷ്ടക്കാരുമാണെന്ന് ആ ക്ഷേപമുണ്ട്. അതിനാല്‍ ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ ആദ്യഘട്ടത്തില്‍ നേതൃത്വം ശ്രമിച്ചു. എന്നാല്‍ ആക്ഷേപം ശക്തമായതോടെ മെയ് മാസമാദ്യം ശൂറ കൗണ്‍സില്‍ റിപ്പോര്‍ട്ട് ചര്‍ച്ചചെയ്തു. ഈ ചര്‍ച്ചക്ക് പിന്നാലെ റിപ്പോര്‍ട്ട്‌ചോര്‍ന്നു. നേതൃത്വം റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്നതിനാല്‍ ശൂറ കൗണ്‍സില്‍ അംഗം ഖാലീദ് മൂസ നദ്വിയാണ് പുറത്തുവിട്ടത്. ഇതോടെ ഖാലീദിനെ ശൂറയില്‍നിന്ന് പുറത്താക്കി. തുടര്‍ന്നാണ് ശൂറ കൗണ്‍സില്‍ റിപ്പോര്‍ട്ട് വിശദചര്‍ച്ചക്കെടുത്തത്. ഈ യോഗം ‘ഏകപക്ഷീയ റിപ്പോര്‍ട്ട്’പഠിക്കാന്‍ അമീര്‍ അബ്ദുള്‍ അസീസിനെ ചുമതലപ്പെടുത്തി. റിപ്പോര്‍ട്ടില്‍ ആരോപിതരായവരോട് വിശദീകരണമില്ല. അതിനാല്‍ അംഗീകരിക്കാനാകില്ലെന്നായിരുന്നു അമീറിന്റെ കണ്ടെത്തല്‍. ഇതാണിപ്പോള്‍ കീഴ്ഘടകങ്ങള്‍ക്ക് നല്‍കുന്നത്.

എന്നാല്‍ സത്യസന്ധമായ റിപ്പോര്‍ട്ട് നേതൃത്വം തിരുത്തിയെന്നാണ് പ്രവര്‍ത്തകരില്‍ ഒരുവിഭാഗത്തിന്റെ ആരോപണം. ഇതില്‍ യുവജന സംഘടനയായ സോളിഡാരിറ്റി നേതാക്കളിലടക്കം വിയോജിപ്പുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button