KeralaNews

കര്‍ണാടകയിലെ കുതിരക്കച്ചവടം; പ്രതികരണവുമായി യെച്ചൂരി

 

കണ്ണൂര്‍: ജനാധിപത്യം വിലപേശലിലേക്കും വിലയ്ക്കുവാങ്ങലിലേക്കും നീങ്ങുന്നത് അപകടകരമായ നിലയിലേക്കാണ് രാജ്യത്തെ നയിക്കുകയെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പണാധിപത്യത്തിലൂടെ ജനാധിപത്യത്തിന്റെ ശക്തി ക്ഷയിപ്പിക്കുകയാണ് ബിജെപി. പ്രതിപക്ഷ കക്ഷികള്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം ഈ രീതിയാണ് ബിജെപി പിന്തുടരുന്നതെന്നാണ് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നത്. രാമന്തളിയില്‍ രക്തസാക്ഷി സി വി ധനരാജ് സ്മാരക മന്ദിരവും സ്തൂപവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

രണ്ടാമതും അധികാരത്തിലെത്തിയതോടെ പുതിയ വെല്ലുവളികളാണ് ബിജെപി നടത്തുന്നത്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ സ്വഭാവം തകര്‍ക്കുന്നതിനുള്ള നീക്കങ്ങളിലാണവര്‍. ജമ്മു കശ്മീരിന് സ്വയംഭരണാവകാശം നല്‍കുന്ന 370–ാം വകുപ്പ് എടുത്തുകളയാനുള്ള നീക്കം നടക്കുന്നു. യുഎപിഎ നിയമം ഭേദഗതി ചെയ്യാനാനൊരുങ്ങുന്നു. ദേശസുരക്ഷയുടെപേരില്‍ എല്ലാ പൗരാവകാശങ്ങളും ഹനിക്കുന്നതിനും നീക്കം നടക്കുന്നു. ബിജെപിക്കും സംഘപരിവാറിനും എതിരായി ആരൊക്കെ സംസാരിക്കുന്നോ അവരൊക്കെ രാജ്യദ്രോഹികളായി ചിത്രീകരിക്കപ്പെടുന്നു, ജയിലിലയ്ടക്കപ്പെടുന്നു. അഞ്ച് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരാണ് ഇത്തരത്തില്‍ തടവിലായത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്റെ വീട് റെയ്ഡ് ചെയ്ത വാര്‍ത്തയാണ് ഒടുവില്‍ കേട്ടത്. പൗരാവകാശങ്ങള്‍ക്കായി കോടതിയില്‍ വാദിച്ചുവെന്നതാണ് കുറ്റം. ദളിതുകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുംവേണ്ടി കോടതിയില്‍ ഹാജരാകുന്നവരെപ്പോലും സിബിഐ അടക്കമുള്ള ഏജന്‍സികളെവച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്നു.

പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങളില്‍പോലും ഏകപക്ഷീയ സ്വഭാവം നിലനില്‍ക്കുന്നു. വിവിധ പാര്‍ടികളുടെ അഭിപ്രായം സ്വീകരിക്കാനോ ജനപ്രതിനിധികളുടെ അഭിപ്രായം മാനിക്കാനോ തയ്യാറാവുന്നില്ല. എല്ലാവരുടെയും സ്വകാര്യതയെ ഇല്ലാതാക്കുന്ന ആധാര്‍ നിയഭേദഗതി ഇതിനുദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button