Kerala

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനവുമായി കുടുംബശ്രീ

കുടുംബശ്രീ മുഖേന കേരളത്തിൽ നടപ്പിലാക്കുന്ന ദേശീയ നഗര ഉപജീവന ദൗത്യത്തിന്റെ (എൻയുഎൽഎം) ഭാഗമായി നഗരപ്രദേശങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന യുവതീയുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവും തൊഴിലും നൽകുന്ന എംപ്ലോയ്‌മെന്റ് ത്രൂ സ്‌കിൽ ട്രെയ്‌നിങ് ആൻഡ് പ്ലേസ്‌മെന്റ് (ഇഎസ്ടിപി) പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് തുടക്കമായി. മൂന്നാം ഘട്ടത്തിൽ 93 നഗരങ്ങളിലെ 12000 പേർക്ക് നൈപുണ്യ പരിശീലനം നൽകുന്നതിനായി 35 പരിശീലന ഏജൻസികളുമായി കുടുംബശ്രീ ധാരണയിലെത്തി.

എട്ടാം ക്ലാസ്സ് മുതൽ ബിരുദം വരെ യോഗ്യതയുള്ളവർക്ക് പദ്ധതിയുടെ ഭാഗമായി വിവിധ കോഴ്‌സുകളിൽ പരിശീലനം നേടാനാകും. മൂന്ന് മാസം മുതൽ എട്ടരമാസം വരെ കാലാവധിയുള്ള കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് എൻഎസ്ഡിസി (നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ) സർട്ടിഫിക്കറ്റ് ലഭിക്കും. 12000ൽ 5300 പേർക്ക് റസിഡൻഷ്യൽ രീതിയിൽ പരിശീലനം നേടാനാകും. താമസവും ഭക്ഷണവും സൗജന്യമാണ്. അതത് നഗരസഭകളിലെ കുടുംബശ്രീയുടെ സിഡിഎസ് ഓഫീസുകളിൽ നിന്നോ കുടുംബശ്രീ ദേശീയ നഗര ഉപജീവന ദൗത്യം ഓഫീസിൽ നിന്നോ 155330 എന്ന ടോൾഫ്രീ നമ്പരിൽ (കുടുംബശ്രീ എൻയുഎൽഎം നൈപുണ്യ പരിശീലനത്തിനായുള്ള പ്രത്യേക നമ്പർ) നിന്നോ വിശദവിവരങ്ങൾ ലഭിക്കും. വിവരസാങ്കേതികവിദ്യ, ടെലികോം, ഓട്ടോമോട്ടീവ്, ടൂറിസം, അക്കൗണ്ടിങ്, ഇലക്ട്രോണിക്‌സ്, ആയുർവേദം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിൽ കോഴ്‌സുകളുണ്ട്. അക്കൗണ്ടന്റ്, ഫീൽഡ് എഞ്ചിനീയർ- ഇലക്ട്രോണിക്‌സ്, ആയുർവേദ സ്പാ തെറാപ്പിസ്റ്റ്, ജൂനിയർ സോഫ്ട്‌വെയർ ഡെവലപ്പർ, ഫാഷൻ ഡിസൈനർ, കാഡ് ടിസൈനർ തുടങ്ങി 54 കോഴ്‌സുകളിലാണ് പരിശീലനം നൽകുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button