Latest NewsArticleKerala

നര്‍മ്മവും പ്രണയവും കോര്‍ത്തിണക്കി ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ തിയേറ്ററുകളിലെത്തുന്നു

കാലഘട്ടങ്ങള്‍ മാറുന്നതിനനുസരിച്ച് മലയാള സിനിമകളും മാറി. പഴയ തലമുറയും പുതിയ തലമുറയും ഉണ്ടായി. പുതിയ തലമുറയ്ക്ക് ന്യൂജെന്‍ എന്ന പേരുമുണ്ടായി. എന്നാല്‍ പ്രണയത്തിന് ഒരുകാലത്തും മാറ്റമുണ്ടായതേയില്ല. പ്രണയ സന്ദേശങ്ങള്‍ കൈമാറുന്ന സാഹചര്യങ്ങളും മാധ്യമങ്ങളും മാറിയെങ്കിലും പ്രണയം അന്നും ഇന്നും ഒരുപോലെയാണ്. പ്രണയമില്ലാത്ത സിനിമകള്‍ കുറവാണ്. ഒപ്പം നര്‍മ്മത്തിന്റെ മേമ്പൊടിയില്ലാത്ത സിനിമകളും. ഇതു രണ്ടും ഒത്തു ചേര്‍ന്നു വരുന്ന ഒരു സിനിമ പ്രേക്ഷകന് സ്വീകരിക്കാതിരിക്കാനാവില്ല. ഒപ്പം ന്യൂജനറേഷനുമായാലോ? അങ്ങനെയൊരു സിനിമയാണ് നോവല്‍, മൊഹബത്ത് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍.

Chila NewGen Nattuvisheshangal

സംഗീതത്തിനും പ്രണയത്തിനും ഹാസ്യത്തിനും കുടുംബബന്ധങ്ങള്‍ക്കും ഒരേപോലെ പ്രാധാന്യം നല്‍കി അണിയിച്ചൊരുക്കുന്ന ചിത്രത്തിന്റെ പ്രത്യേകത കഴിവുറ്റ താരനിരയും ചിത്രത്തിലെ ഗാനങ്ങളുമാണ്. എം. ജയചന്ദ്രന്‍ നീണ്ട പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഈസ്റ്റ് കോസ്റ്റുമായി ഒന്നിക്കുകയാണ് ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലൂടെ. എം. ജയചന്ദ്രന്‍ ഈണമിട്ട അഞ്ച് ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. സന്തോഷ് വര്‍മ, ഈസ്റ്റ് കോസ്റ്റ് വിജയന്‍ എന്നിവരുടെതാണ് ഗാനരചന. ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഗാനഗന്ധര്‍വ്വന്‍ യേശുദാസ്, ശങ്കര്‍ മഹാദേവന്‍, പി. ജയചന്ദ്രന്‍, എം.ജി ശ്രീകുമാര്‍, ശ്രേയാ ഘോഷാല്‍ എന്നിവരാണ്. പ്രണയത്തിന്റെ എല്ലാ ചേരുവകളും ഈ ഗാനങ്ങളിലുണ്ട്.

Chila NewGen Nattuvisheshangal

അതേസമയം ഒരു നര്‍മ്മരസ പ്രധാനമായ ചിത്രമായിരിക്കുമിതെന്നത് താരനിര നോക്കിയാല്‍ മാത്രം മതിയാകും. മലയാള സിനിമയിലിപ്പോള്‍ കോമഡി രംഗങ്ങള്‍ തന്റേതായ ശൈലിയിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയനായിരിക്കുന്ന ഹരീഷ് കണാരന്‍ ചിത്രത്തില്‍ മുഴുനീള വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഒപ്പം ദേശീയ ചലച്ചിത്ര അവാര്‍ഡ് കരസ്ഥമാക്കിയ സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്.
പ്രണയത്തിനും നര്‍മ്മത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖ താരം അഖില്‍ പ്രഭാകറാണ് നായക വേഷം കൈകാര്യം ചെയ്യുന്നത്. സോനു, ശിവകാമി എന്നിവര്‍ നായികാ വേഷത്തിലെത്തുന്നു. മികച്ച നര്‍ത്തകിയും നടിയുമായി അറിയപ്പെടുന്ന വിഷ്ണുപ്രിയ ഇതില്‍ ശ്രദ്ധേയമായ ഒരു ഗസ്റ്റ് വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ന്യൂജെന്‍ നാട്ടുവിശേഷങ്ങളിലെ ഉപനായകനായി വിനയ് വിജയനും വേഷമിട്ടിരിക്കുന്നു. സിനിമയിലെ മറ്റുതാരങ്ങള്‍ നെടുമുടി വേണു, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍, കൊല്ലം ഷാ, മണികണ്ഠന്‍, ഹരിമേനോന്‍, സിനാജ്, സുബി സുരേഷ്, അഞ്ജലി, ആവണി എന്നിവരാണ്.

ചിത്രത്തിലെ അഞ്ചു പാട്ടുകളും ട്രെയിലറും ജനപ്രിയനായകന്‍ ദിലീപ് ക്ഷണിക്കപ്പെട്ട സദസ്സിന് സമര്‍പ്പിച്ചിരുന്നു. ഒപ്പം തന്റെ ഒഫീഷ്യല്‍ പേജിലൂടെ ചിത്രത്തിന്റെ ട്രെയിലര്‍ ആസ്വാദകര്‍ക്ക് വേണ്ടി ജനപ്രിയ നായകന്‍ തന്നെ പുറത്തു വിട്ടിരുന്നു.

വിഖ്യാതഗായകന്‍ ശങ്കര്‍ മഹാദേവന്റെ ശബ്ദഗാംഭീര്യത്തില്‍ ‘സുരാംഗന.. സുമവദന..’ എന്നുതുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു.
തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ്, ബോളിവുഡ് ഹീറോ ഷാരൂഖ് ഖാന്‍ തുടങ്ങിയവരുടെ സ്ഥിരംകോറിയോഗ്രാഫറായ ദേശീയ അവാര്‍ഡു ജേതാവുമായ ദിനേശ് മാസ്റ്ററാണ് ഈ ഗാനരംഗം ചിട്ടപ്പെടുത്തിയത്.

അതേസമയം ചിത്രത്തിലെ നര്‍മ്മരസ പ്രധാനമായി ഒരുക്കിയ നരനായി എന്നു തുടങ്ങുന്ന ഗാനവും പുറത്തുവന്നു. സന്തോഷ് വര്‍മ്മ രചന നിര്‍വഹിക്കുകയും എം ജയചന്ദ്രന്‍ സംഗീത സംവിധാനം ചെയ്യുകയും ചെയ്ത ഗാനം എംജി ശ്രീകുമാറാണ് ആലപിച്ചത്.

ചിത്രത്തിലെ പി ജയചന്ദ്രന്‍ ആലപിച്ച അവള്‍ എന്ന ഗാനവും നേരത്തെ പുറത്തു വന്നിരുന്നു. സന്തോഷ് വര്‍മ്മയുടെ രചനയില്‍ എം ജയചന്ദ്രന്റെ സംഗീതസംവിധാനം ചെയ്ത ഗാനത്തിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയത്.

ഒപ്പം ശങ്കര്‍ മഹാദേവന്‍ ആലപിച്ച ‘സുരാംഗന സുമവദനാ’ എന്ന ഗാനത്തിന്റെ സ്റ്റുഡിയോ & ലൊക്കേഷന്‍ വിഷ്വല്‍സും ഗായിക ശ്രേയ ഘോഷാല്‍ ആലപിച്ച ‘പൂവ് ചോദിച്ചു ഞാന്‍ വന്നൂ’വെന്ന എന്ന ഗാനത്തിന്റെ സ്റ്റുഡിയോ, ലിറിക്കല്‍ വീഡിയോയും നേരത്തെ പുറത്തുവന്നിരുന്നു. ജയചന്ദ്രസംഗീതത്തിലും ഈസ്റ്റ് കോസ്റ്റ് വിജയന്റെ തൂലികയാലും പിറന്ന ഈ ഗാനം പ്രേക്ഷകര്‍ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.

പ്രണയവും ഹാസ്യവും ഇഴചേര്‍ന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.എല്‍ പുരം ജയസൂര്യയാണ്. ഛായാഗ്രഹണം അനില്‍ നായര്‍ നിവഹിക്കുന്നു. രഞ്ജന്‍ എബ്രഹാം എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിത്ത് പിരപ്പന്‍കോടാണ്. എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: അനി തൂലിക, പശ്ചാത്തല സംഗീതം ഗോപി സുന്ദറാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

കലാസംവിധാനം :ബോബന്‍, വസ്ത്രാലങ്കാരം : അരുണ്‍ മനോഹര്‍, മേക്കപ്പ്മാന്‍ : പ്രദീപ് രംഗന്‍, അസ്സോ: ഡയറക്ടര്‍ : സുഭാഷ് ഇളംബല്‍, സ്റ്റില്‍സ്: സുരേഷ് കണിയാപുരം, പോസ്റ്റര്‍ ഡിസൈന്‍ : കോളിന്‍സ് ലിയോഫില്‍, പി.ആര്‍.ഒ : എ. എസ് ദിനേശ്. വിതരണം: ഈസ്റ്റ് കോസ്റ്റ് റീല്‍&റിയല്‍ എന്റര്‍ടെയിന്റ്മെന്റ്സ്. ചിത്രം ജൂലൈ അവസാനത്തോടെ തിയേറ്ററുകളിലെത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button