NewsInternational

ആണവ ഉടമ്പടി നിലനിര്‍ത്താന്‍ മാര്‍ഗങ്ങള്‍ തേടി യൂറോപ്യന്‍ രാജ്യങ്ങള്‍

 

ബ്രസല്‍സ്: ഇറാനും ലോകരാജ്യങ്ങളുമായുള്ള ആണവ ഉടമ്പടി നിലനിര്‍ത്താനുള്ള മാര്‍ഗങ്ങള്‍ തേടി യൂറോപ്യന്‍ രാജ്യങ്ങളുടെ വിദേശമന്ത്രിമാര്‍ ബ്രസല്‍സില്‍ യോഗം ചേര്‍ന്നു. അമേരിക്കയും ഇറാനും ചര്‍ച്ച പുനരാരംഭിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആണവഉടമ്പടി മരിച്ചിട്ടില്ലെന്നും രക്ഷപ്പെടുത്താന്‍ ഒരു ചെറിയ ജാലകം തുറന്നുകിടപ്പുണ്ടെന്നും ബ്രിട്ടന്‍ അഭിപ്രായപ്പെട്ടു.

അമേരിക്ക തങ്ങളുടെ സഖ്യകക്ഷിയാണെങ്കിലും ഈ വിഷയം കൈകാര്യം ചെയ്യുന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് ബ്രിട്ടീഷ് വിദേശ സെക്രട്ടറി ജെറെമി ഹണ്ട് മാധ്യമങ്ങളോട് പറഞ്ഞു. ഉടമ്പടി സംരക്ഷിക്കാന്‍ യൂറോപ്പ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ഫ്രഞ്ച് വിദേശമന്ത്രി ഴാങ് യവ്‌സ് ലെ ദ്രിയാന്‍ അഭിപ്രായപ്പെട്ടു. അമേരിക്കയുടെ തെറ്റായ തീരുമാനത്തോട് ഇറാന്‍ തെറ്റായാണ് പ്രതികരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

2015ല്‍ ഒബാമയുടെ കാലത്ത് ഇറാനുമായി ഒപ്പിട്ട ആണവഉടമ്പടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് വീണ്ടും സംഘര്‍ഷാവസ്ഥ രൂപപ്പെട്ടത്. തങ്ങള്‍ക്കെതിരായ ഉപരോധങ്ങള്‍ നീക്കാന്‍ ഉടമ്പടി ഒപ്പുവച്ച പാശ്ചാത്യരാജ്യങ്ങള്‍ അമേരിക്കയോട് ആവശ്യപ്പെടണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടിരുന്നു.

മാസങ്ങള്‍ കാത്തിരുന്നിട്ടും ഇത് സാധ്യമാകാത്ത സാഹചര്യത്തില്‍ ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം വര്‍ധിപ്പിച്ചതായി പ്രഖ്യാപിച്ചു. ഈ സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് വഴിയന്വേഷിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ യോഗംചേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button