Latest NewsIndia

നാശം വിതച്ച് കനത്ത മഴയും പ്രളയവും ; കൂടുതല്‍ മരണം ബീഹാറില്‍, ദുരിന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കന്‍ സംസ്ഥാനങ്ങളിലുമുണ്ടായ പ്രളയത്തിലും കനത്ത മഴയിലും മരണം 111 ആയി. ബിഹാറിലാണ് ഏറ്റവും കൂടുതലാളുകള്‍ മരിച്ചത്. 67 പേര്‍. അസമില്‍ 27 പേരും ഉത്തര്‍പ്രദേശില്‍ 17 പേരും മരിച്ചു. വെള്ളമിറങ്ങി തുടങ്ങിയ സ്ഥലങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാതെയിരിക്കാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.

ബിഹാറിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി രംഗത്തു വന്നിട്ടുണ്ട്. ബിഹാറിലെ 48 ലക്ഷം പേര്‍ പ്രളയബാധിതരായെന്നാണ് കണക്ക്. സംസ്ഥാനത്ത് ആകെ ഒന്നര ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. 831 ഗ്രാമങ്ങളെ പ്രളയം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. ആയിരങ്ങള്‍ക്ക് വീടുകള്‍ നഷ്ടമായി.

ഗുവഹാത്തി, തേസ്പൂര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളും പ്രളയക്കെടുതിയിലാണ്. കായിക താരം ഹിമാദാസ് തന്റെ ശമ്പളത്തിന്റെ പകുതി അസമിലെ പ്രളയ ദുരിതാശ്വാസത്തിന് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാര്‍ അസമിലെ ദുരിതബാധിതര്‍ക്കായി രണ്ട് കോടി രൂപ നല്‍കും. പ്രളയദുരിതാശ്വാസത്തിന് രാജ്യത്തെ ജനങ്ങളുടെ സഹായം അസം സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

അസമില്‍ കഴിഞ്ഞ 12 ദിവസമായി പ്രളയക്കെടുതി തുടരുകയാണ്. സംസ്ഥാനത്തെ 33 ജില്ലകളിലായി 57 ലക്ഷം പേര്‍ പ്രളയബാധിതരാണ്. 427 ദുരിതാശ്വാസ ക്യാമ്പുകളും 392 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങളും സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഒറ്റപ്പെട്ടു പോയ ഗ്രാമങ്ങളില്‍ നിന്ന് ആളുകളെ പുറത്തെത്തിക്കാന്‍ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സമീപരാജ്യങ്ങളായ ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവടങ്ങളിലും വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button