KeralaLatest News

രമ്യ ഹരിദാസ് എംപിക്ക് ആ കാർ വാങ്ങാൻ നിയമം സമ്മതിക്കുമോ? അഡ്വ. ഹരീഷ് വാസുദേവന്‍ പറയുന്നത്

ആലത്തൂർ എം.പി രമ്യ ഹരിദാസിന് സ്വന്തം പാർട്ടിക്കാർ പിരിവിട്ട് വാങ്ങിയ കാർ വാങ്ങാൻ നിയമം സമ്മതിക്കുമോ എന്ന് വ്യക്തമാക്കി അഡ്വ. ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊടുക്കുന്നവർക്കും പിരിക്കുന്നവർക്കും പരാതിയില്ലെങ്കിൽ പിരിവിട്ട് കാർ വാങ്ങുന്നതിൽ ഒരു തെറ്റുമില്ലെന്ന് ഹരീഷ് വാസുദേവൻ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

രമ്യ ഹരിദാസ് MP ക്ക് ആ കാർ വാങ്ങാൻ നിയമം സമ്മതിക്കുമോ?

ആരെങ്കിലും സ്നേഹത്തോടെ ഒരു സമ്മാനം തന്നാൽ വാങ്ങിക്കാൻ പാടില്ലാത്ത ഒരു കൂട്ടരുണ്ടായിരുന്നു ഇന്ത്യയിൽ. അത് ഇവിടുള്ള പൊതുസേവകരാണ്. പൊതുസേവനം നടത്തുന്നവർ ആരും തന്നെ നിയമപരമായി കിട്ടുന്ന വരുമാനത്തിന് പുറമേ ഏതെങ്കിലും തരത്തിലുള്ള എന്തെങ്കിലും ഗുണം പറ്റുന്നത് 1988 ലെ അഴിമതി നിരോധന നിയമപ്രകാരം ക്രിമിനൽ കുറ്റമായിരുന്നു. ആരൊക്കെ ഇതിന്റെ പരിധിയിൽ വരുമെന്ന് വകുപ്പ് 2(c) പറയുന്നുണ്ട്. MP മാരും MLA മാരും ഒക്കെ പെടും.

എന്റെ നാട്ടിലെ MP യോ MLA യോ മന്ത്രിയോ കളക്ടറോ നന്നായി ജോലി ചെയ്തതിനോ ചെയ്യുന്നതിനോ എനിക്ക് ഇഷ്ടംതോന്നി 50 രൂപയിൽ കൂടിയ ഒരു സമ്മാനം വാങ്ങി കൊടുക്കാമെന്നു വെച്ചാൽ, അവർക്ക് അത് സ്വീകരിക്കാൻ പാടില്ല എന്നായിരുന്നു നിയമം. സ്വീകരിച്ചാൽ 7ആം വകുപ്പ് അനുസരിച്ച് അവർക്കെതിരെ ക്രിമിനൽ കേസ് വരുമായിരുന്നു. അവർക്ക് വേണ്ടി മാത്രമല്ല, മറ്റൊരാൾക്ക് വേണ്ടി അവർ വാങ്ങിച്ചാലും, വാങ്ങിക്കാൻ ശ്രമിച്ചാലും, വാങ്ങിക്കാമെന്നു സമ്മതിച്ചാലും ഇതേ നിയമപ്രകാരം കുറ്റകരമായിരുന്നു !!

എന്നാൽ, 2018 ജൂലൈ 26 ന്റെ ഭേദഗതിയോടെ അത് മാറി. ജോലിയിൽ വീഴ്ച വരുത്താൻ വാങ്ങുന്ന സമ്മാനമേ കുറ്റമാകൂ. ജോലി സത്യസന്ധമായി ചെയ്യുന്നതിന് ഏത് സമ്മാനവും ഇനി വാങ്ങാം.

ആലത്തൂർ MP ശ്രീ.രമ്യയ്ക്ക് തന്റെ ഔദ്യോഗിക കൃത്യം നന്നായി ചെയ്യാനായി സ്വന്തം പാർട്ടിക്കാർ പിരിവിട്ട് ഒരു കാർ വാങ്ങിക്കൊടുക്കാം എന്നു തീരുമാനിച്ചാൽ, 2 ലക്ഷം രൂപയോളം ശമ്പളം കിട്ടുന്ന MP ആണ് എന്നത് കൊണ്ട് അതിൽ നിയമപരമായ തെറ്റൊന്നും ഞാൻ കാണുന്നില്ല. ധർമ്മികമായും ഇല്ല. ക്രിമിനൽ കേസ് നടത്താൻ കാശ് പിരിക്കുന്നതാകാം ചിലരുടെ പ്രയോറിറ്റി. അതും കൊടുക്കാൻ ഈ നാട്ടിൽ ആളുണ്ട് എന്നതുപോലെ ഇതിനും കുറേയാളുണ്ട്. ആവശ്യവും അനവശ്യവുമൊക്കെ കൊടുക്കുന്നവരുടെ കാര്യമാണ്. കാർ വാങ്ങാൻ സാമ്പത്തികശേഷിയുള്ള ജോലിയുള്ള ഒരാൾക്ക് ഞാനാണെങ്കിൽ കൊടുക്കില്ല എന്നതിനപ്പുറം പറയാൻ മൂന്നാം കക്ഷിക്ക് അവകാശമില്ല. കൊടുക്കുന്നവർക്കും പിരിക്കുന്നവർക്കും പരാതിയില്ലെങ്കിൽ പിരിവിട്ട് കാർ വാങ്ങുന്നതിൽ ഒരു തെറ്റുമില്ല. പിണറായി വിജയനോ നരേന്ദ്രമോദിയ്ക്കോ ഒക്കെ ഓരോ കാർ വാങ്ങിക്കൊടുക്കാമെന്നു കരുതുന്ന എത്രയോ പണക്കാർ നാട്ടിലുണ്ടാകും. അത് ദുരൂപയോഗിക്കപ്പെടുമോ ഇല്ലയോ എന്നത് കാലം തെളിയിക്കട്ടെ.

Off: അംബാനിക്ക് ശമ്പളവർധനവില്ലാതെ കഷ്ടപ്പെടുകയാണെന്നു മാതൃഭൂമി വാർത്ത. അങ്ങേരെപ്പറ്റി പാർലമെന്റിൽ മിണ്ടരുതെന്നു BJP യുടെ താക്കീതും. എന്നാൽ അങ്ങേർക്ക് വേണ്ടി ഒരു പിരിവ്കുറ്റി അടിക്കുന്നതിനെപ്പറ്റി ആലോചിച്ചാലോ?

shortlink

Related Articles

Post Your Comments

Related Articles


Back to top button