Latest NewsIndia

കശ്മീരില്‍ ഭീകരവാദം കുറയുന്നു, യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിലും അതിർത്തി വഴിയുള്ള നുഴഞ്ഞു കയറ്റത്തിനും കുറവ്

ജമ്മുകശ്മീരിന്റെ വികസനത്തിനായി 80,068 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതില്‍ 40 ശതമാനം കുറവുണ്ടായെന്ന് കേന്ദ്രസര്‍ക്കാര്‍ രാജ്യസഭയില്‍. അതിര്‍ത്തി പ്രദേശങ്ങളിലൂടെയുള്ള നുഴഞ്ഞു കയറ്റങ്ങളില്‍ 43 ശതമാനം കുറവുണ്ടായി. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീരില്‍ ഭീകരവാദം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്രിയാത്മകമായ ഇടപെടലാണ് നടത്തുന്നതെന്ന് അദ്ദേഹം സഭയില്‍ പറഞ്ഞു. ജമ്മുകശ്മീരിന്റെ വികസനത്തിനായി 80,068 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

സംസ്ഥാനത്ത് വികസനം കൊണ്ടുവരുന്നത് വഴി യുവാക്കളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കിഷന്‍ റെഡ്ഡി പറഞ്ഞു.ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ചതാണെന്ന് കിഷന്‍ റെഡ്ഡി പറഞ്ഞു. കശ്മീരിലെ ഭീകരാക്രമണങ്ങളില്‍ 28 ശതമാനം കുറവുണ്ടായി. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ 14 വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 126 ഭീകരരേയാണ് സുരക്ഷാ സേന വധിച്ചതെന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കി.

63 പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ കശ്മീരില്‍ നടപ്പാക്കാനൊരുങ്ങുന്നത്. ഇതില്‍ റോഡ്, വൈദ്യുതി, ആരോഗ്യം എന്നിവക്കാണ് മുന്‍ഗണന നല്‍കുക. ഇവക്കു പുറമേ എയിംസ്, ഐഐടികള്‍, ഐഐഎമ്മുകള്‍, വിനോദ സഞ്ചാരം എന്നിവക്കും പ്രാധാന്യം നല്‍കുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. അതെ സമയം കാശ്മീരിൽ സ്ഥിതിഗതികൾ സൈന്യത്തിന്റെ കൈപ്പിടിയിലൊതുങ്ങിയിരിക്കുകയാണ്. മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തി രണ്ട് മാസമായിട്ടും ഇന്ത്യന്‍ സേനയുടെ മേല്‍ കല്ലെറിയുന്നവരെ പോലും കാണാനില്ല. തെരുവുകളില്‍ കൂടുതല്‍ സമാധാനമുണ്ട്.

മുസ്ലീമും ഹിന്ദുവും സൗഹൃദത്തോട് കൂടി അവരവരുടെ ജോലികള്‍ ചെയ്യുന്നു. ഭീകരവാദികളും വിഘടനവാദികളും കണ്ടുകിട്ടാന്‍ പോലും പ്രയാസപ്പെട്ട് കഴിയുന്നു. ഇന്ത്യന്‍ ഭരണാധികാരികളെ കൈവിരല്‍ ചൂണ്ടില്‍ നിര്‍ത്തിയിരുന്ന ഗിലാനിയെ പോലുള്ളവര്‍ വീട്ടുതടങ്കലില്‍ ശ്വാസം മുട്ടുന്നു. ഭീകരവാദികളെ ഭയന്ന് ജീവന്‍ കാക്കാന്‍ നിവൃത്തിയില്ലാതെ ഓടിപ്പോയ കശ്മീരി പണ്ഡിറ്റുകള്‍ സ്വന്തം ഭൂമിയിലേക്ക് തിരിച്ച്‌ വരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button